ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം കടന്നതോടെ സർക്കാർ രൂപീകരണ ചർച്ചയിലേക്ക് കടന്ന് ബിജെപി. ദില്ലി അധ്യക്ഷനുമായി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ സംസാരിച്ചു. അതിനിടെ മുഖ്യമന്ത്രി ആരാവുമെന്നതുൾപ്പെടെ ചർച്ചകൾ നടന്നു വരികയാണ്.

മുഖ്യമന്ത്രിയെ ബിജെപി പാർലമെൻ്ററി ബോർഡ് തീരുമാനിക്കുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് പറഞ്ഞു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എല്ലാം നടപ്പാക്കുമെന്നും എഎപിയുടെ പ്രധാന നേതാക്കളെല്ലാം തോൽക്കുന്നതിലൂടെ ജനവിധി വ്യക്തമായെന്നും അരുൺ സിംഗ് പറഞ്ഞു. പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി മോദി 7 മണിക്ക് ദേശീയ ആസ്ഥാനത്തെത്തും. 25 വർഷത്തിന് ശേഷമാണ് രാജ്യതലസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുന്നത്. വോട്ടെണ്ണലിൻ്റെ തുടക്കത്തിൽ ബിജെപിയും ആം ആദ്മി പാര്‍ട്ടിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച്ചവെച്ചത്. ലീഡ് നില മാറി മറിയുമ്പോള്‍ ബിജെപിയാണ് ലീഡില്‍ നില്‍ക്കുന്നത്. കേവലഭൂരിപക്ഷവും കടന്നാണ് ബിജെപിയുടെ മുന്നേറ്റം. നിലവിലെ ഭരണകകക്ഷിയായ ആം ആദ്മി രണ്ടാം സ്ഥാനത്താണ്. ബിജെപി 45 സീറ്റിലും എഎപി 25 സീറ്റിലും മുന്നിലാണ്.
