കടലും തീരവും പ്ലാസ്റ്റിക്ക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിനായി നടപ്പിലാക്കുന്ന ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ കല്യാശ്ശേരി മണ്ഡലതല ഉദ്ഘാടനം എം. വിജിന്‍ എം എല്‍ എ നിര്‍വഹിച്ചു. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പുതിയങ്ങാടിയില്‍ നടന്ന പരിപാടിയില്‍ മാടായി – മാട്ടൂല്‍ പഞ്ചായത്തിലെ ചൂട്ടാട് മുതല്‍ മാട്ടൂല്‍ സൗത്ത് വരെ കടല്‍ത്തീരം പ്ലാസ്റ്റിക് വിമുക്തമാക്കി. ഇതിന്റെ ഭാഗമായി കടല്‍ തീരത്തെ 12 ആക്ഷന്‍ പോയന്റുകളായി തിരിച്ച് ഓരോ പോയിന്റുകളിലും വളണ്ടിയര്‍മാരെ സജ്ജരാക്കിയാണ് ഏകദിന പ്ലാസ്റ്റിക് നിര്‍മാര്‍ജന പരിപാടി സംഘടിപ്പിച്ചത്. മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരന്‍ അധ്യക്ഷനായി.
പയ്യന്നൂര്‍ കോളേജ്, പിലാത്തറ സെന്റ് ജോസഫ് കോളേജ്, പുതിയങ്ങാടി ജമായത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍, മാടായി ഗവ. ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, മാട്ടൂല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലെ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍, മാട്ടൂല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകര്‍മ സേനാംഗങ്ങള്‍, ഏജന്‍സികള്‍, മത്സ്യത്തൊഴിലാളികള്‍, ബോട്ടുടമകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ ക്യാമ്പയിനിന്റെ ഭാഗമായി. മാട്ടൂല്‍ പഞ്ചായത്തില്‍ നടന്ന പരിപാടി വൈസ് പ്രസിഡന്റ് ഗഫൂര്‍ മാട്ടൂല്‍ ഉദ്ഘാടനം ചെയ്തു.
ശുചിത്വ സാഗരം സുന്ദരതീരം മാടായി ചാര്‍ജ് ഓഫീസര്‍ പി. പ്രഭാഷ് ലാല്‍, മെമ്പര്‍മാരായ പി. ജമീല ടീച്ചര്‍, ഒടിയില്‍ റഷീദ, കടക്കോടതി പ്രസിഡന്റ് കെ.പി ഷജീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

