യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയ സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്ന് വി കെ ശ്രീകണ്ഠന് എം പി. പരാതി പറഞ്ഞവരെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് കോണ്‍ഗ്രസിന്റെ രീതിയല്ലെന്നും ഒരു സ്ത്രീകളെയും അപമാനിച്ചിട്ടില്ലെന്നും വി കെ ശ്രീകണ്ഠന് പറഞ്ഞു. മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചു എന്നായിരുന്നു വി കെ ശ്രീകണ്ഠന് പ്രതികരിച്ചത്. മന്ത്രിമാരോടൊപ്പം നില്ക്കുന്ന ഫോട്ടോ വന്നില്ലേ. അതിനാല്‍ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കണം എന്ന് മാത്രമാണ് പറഞ്ഞത്. രാഹുലിനെ എവിടെയും വെള്ളപൂശിയിട്ടില്ല എന്നുമായിരുന്നു ശ്രീകണ്ഠന്റെ ന്യായീകരണം.

മൂന്നര വര്‍ഷം മുന്‍പ് നടന്ന സംഭവത്തിന് ഇപ്പോള്‍ എന്തുകൊണ്ട് പരാതി വന്നു എന്ന് അന്വേഷിക്കണമെന്നും ഏതൊക്കെ മന്ത്രിമാരുടെ കൂടെയാണ് ആരോപണം ഉന്നയിച്ചവര്‍ അര്‍ധ വസ്ത്രം ധരിച്ച് നില്‍ക്കുന്നത് എന്നുമായിരുന്നു വി കെ ശ്രീകണ്ഠൻ മുന്നേ മാധ്യമങ്ങളോട് പ്രതികരിക്കവെ വ്യക്തമാക്കിയത്.
