കഴിഞ്ഞ വർഷം ഡിസംബറിൽ കണ്ടെത്തിയ 2024 വൈആർ 4 എന്ന ഛിന്നഗ്രഹമാണ് ഇവിടെ വില്ലൻ. ശൂന്യാകാശത്തുകൂടി അതിവേഗം കുതിക്കുന്ന ഈ ഭീമൻ ശിലാരൂപം 2032 ൽ നമ്മുടെ ഭൂമിയിൽ വന്ന് പതിക്കുമെന്ന ആശങ്ക ശക്തമാണ്. 53 മീറ്റർ മുതൽ 67 മീറ്റർവരെ ഇതിന് വ്യാസമുള്ള ഈ ഛിന്നഗ്രഹം ഭൂമിയിൽ പതിക്കാൻ മൂന്ന് ശതമാനം സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ അതിന് സാധ്യതവളരെ കുറവാണെന്നും ഭൂമിക്ക് പകരം ചന്ദ്രനിൽ പതിക്കാനാണ് സാധ്യത കൂടുതലെന്നുമാണ് നിരീക്ഷണം.
ഛിന്നഗ്രഹം ചന്ദ്രനിൽ ഇടിച്ചിറങ്ങുന്നതോടെ ചന്ദ്രോപരിതലത്തിലെ പൊടിയും ചെറു പാറകളും ഉൾപ്പെടുന്ന ബാഹ്യപാളി ഉയർന്ന് പൊങ്ങുകയും അത് ചെറു ഉൽക്കാവശിഷ്ടടങ്ങളായി ഭൂമിയുടെ ലോ എർത്ത് ഓർബിറ്റിലേക്ക് വ്യാപിക്കുകയും ചെയ്യും. നിരവധി ഉപഗ്രഹങ്ങളും ബഹിരാകാശ നിലയങ്ങളും ബഹിരാകാശ യാത്രാ ദൗത്യങ്ങളും ഉൾപ്പടെ നടക്കുന്ന ഈ ഭ്രമണപഥ മേഖലയിലേക്ക് പുറത്തുനിന്നുള്ള ഈ അവശിഷ്‌ടങ്ങൾ എത്തുന്നത് വലിയ നാശ നഷ്ടങ്ങളിലേക്ക് നയിച്ചേക്കും
ചന്ദ്രനിലോ ഭൂമിയിലോ ഛിന്നഗ്രഹം വന്നു പതിച്ചാലുള്ള ഭീഷണി തടയുന്നതിനായി രണ്ട് വഴികളാണ് ശാസ്ത്രലോകം തേടുന്നത്. ഒന്നുകിൽ ഛിന്നഗ്രഹത്തിന്റെ സഞ്ചാര പഥം മാറ്റുക, അല്ലെങ്കിൽ പൂർണമായി തകർത്തുകളയുക. ഇതിനായി ഡാർട്ട് ദൗത്യത്തിന് സമാനമായ പദ്ധതി ശാസ്ത്രജ്ഞർ പരിഗണിച്ചിരുന്നു. എന്നാൽ അത് പ്രായോഗികമാവില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. ഛിന്നഗ്രഹത്തിൻ്റെ പിണ്ഡം എത്രയാണെന്നത് സംബന്ധിച്ച കൃത്യമായ ധാരണ ഇല്ലാത്തതിനാൽ അതിനെ വഴി മാറ്റാനുള്ള ശ്രമം ചിലപ്പോൾ ബഹിരാകാശ സഞ്ചാരികൾക്ക് കൂടുതൽ ഭീഷണിയായേക്കാമെന്ന് നിരീക്ഷിക്കപ്പെടുന്നു.
ഭൂമിയ്ക്കും ചന്ദ്രനും ഭീഷണിയായി ഒരു ഛിന്നഗ്രഹം; അണുബോംബിട്ട് തകര്‍ക്കാന്‍ പദ്ധതിയുമായി നാസ
110
