Home News 10 ശതമാനം വിലക്കുറവിൽ സാധനങ്ങൾ; സ്ത്രീ ഉപഭോക്താക്കൾക്ക് പുതിയ ഓഫറുമായി സപ്ലൈകോ

10 ശതമാനം വിലക്കുറവിൽ സാധനങ്ങൾ; സ്ത്രീ ഉപഭോക്താക്കൾക്ക് പുതിയ ഓഫറുമായി സപ്ലൈകോ

by Sayana k
0 comments

നവംബർ ഒന്നു മുതൽ സ്ത്രീ ഉപഭോക്താക്കൾക്ക് സപ്ലൈകോ വില്പനശാലകളിൽ സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10% വരെ വിലക്കുറവ് നൽകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. സപ്ലൈകോ നിലവിൽ നൽകുന്ന വിലക്കുറവിന് പുറമേയാണ് ഇത്. സപ്ലൈകോയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സർക്കാർ സ്ഥാപനം എന്നതിന് അപ്പുറത്തേക്ക്, ബിസിനസ് സ്ഥാപനം എന്ന നിലയിൽ സപ്ലൈകോ വളർന്നുകൊണ്ടിരിക്കുകയാണ്.

അന്താരാഷ്ട്ര നിലവാരമുള്ള റീട്ടെയിൽ ശൃംഖലകളോട് കിടപിടിക്കത്തക്ക വിധത്തിൽ ഇതിനനുസൃതമായ മാർക്കറ്റിംഗ് തന്ത്രങ്ങളും സപ്ലൈകോ ആവിഷ്കരിക്കുന്നുണ്ട്. അതോടൊപ്പം തന്നെ പൊതുജനങ്ങളെ സഹായിക്കുന്ന വിധത്തിലുള്ള വിപണി ഇടപെടലും നടത്തുന്നു.

നവംബർ ഒന്നു മുതൽ വിവിധതരത്തിലുള്ള പദ്ധതികൾ നടപ്പാക്കും. 250 കോടി രൂപ പ്രതിമാസ വിറ്റു വരവ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുക. 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന രീതിയിൽ 14 ജില്ലകളിലും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകൾ ആരംഭിക്കും. ഗുണനിലവാരമുള്ള അരിയുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി പുഴുക്കലരി സബ്സിഡി അരിയിൽ ഉൾപ്പെടുത്തി സപ്ലൈകോ വില്പനശാലകളിലൂടെ റേഷൻകാർഡ് ഉടമകൾക്ക് 20 കിലോഗ്രാം അരി നൽകും. നിലവിൽ ഇത് 10 കിലോഗ്രാം ആണ്.

സപ്ലൈകോയിലെ ഉപഭോക്താക്കൾക്ക് പ്രിവിലേജ് കാർഡുകൾ ഏർപ്പെടുത്തും. ഇതുവഴി ഓരോ പർച്ചേസിലും പോയിന്റുകൾ ലഭിക്കുകയും, ഈ പോയിന്റുകൾ വഴി പിന്നീടുള്ള പർച്ചേസുകളിൽ വിലക്കുറവ് ലഭിക്കുകയും ചെയ്യും. ഈ സാമ്പത്തിക വർഷത്തിൽ 30 മാവേലി സ്റ്റോറുകൾ സൂപ്പർമാർക്കറ്റുകളും, 15 മാവേലി സ്റ്റോറുകൾ സൂപ്പർ സ്റ്റോറുകളും ആയി നവീകരിക്കും. ആറ് പുതിയ പെട്രോൾ പമ്പുകൾ ആരംഭിക്കും.

ഈ വർഷം ഡിസംബർ മാസത്തോടെ തലശ്ശേരി, എറണാകുളം, കോട്ടയം സൂപ്പർമാർക്കറ്റുകൾ ആധുനിക ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്ന സിഗ്നേച്ചർ മാർട്ടുകൾ ആക്കും.

ജിഎസ്ടി പുനക്രമീകരണം വന്നപ്പോൾ ഉൽപ്പന്നങ്ങൾക്കുണ്ടായ വിലക്കുറവിന്റെ ആനുകൂല്യം സപ്ലൈകോ പൂർണ്ണ തോതിൽ ഉപഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോയുടെ ശബരി ഉത്പന്നങ്ങൾ മറ്റു വില്പനശാലകളിൽ കൂടി വിപണനം നടത്തുമെന്നും മന്ത്രി പറഞ്ഞു. മില്ലുടമകളുമായി ധാരണയിൽ എത്തിയതിനുശേഷം നെല്ല് സംഭരിച്ച് പ്രോസസ് ചെയ്ത് സപ്ലൈകോ വില്പന ശാലകൾ വഴി വിപണനം ചെയ്യുന്നതും പരിഗണനയിലുണ്ട്.

സമാപന സമ്മേളന ഉദ്ഘാടനചടങ്ങിൽ കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അധ്യക്ഷനായിരുന്നു. ജയകൃഷ്ണൻ വി എം സപ്ലൈകോയുടെ ഭാവി പരിപാടികൾ അടങ്ങിയ വിഷൻ-30 അവതരിപ്പിച്ചു. സപ്ലൈകോ മുൻ മാനേജിംഗ് ഡയറക്ടർമാരായ ജിജി തോംസൺ, എം എസ് ജയ, പി എം അലി അസ്ഗർ പാഷ, ഡോ. സഞ്ജീബ് പട്ജോഷി, ഡോ. ശ്രീറാം വെങ്കിട്ടരാമൻ തുടങ്ങിയവർ സംസാരിച്ചു. സപ്ലൈകോ മുൻ മാനേജിംഗ് ഡയറക്ടർമാർ, മുൻ ജനറൽ മാനേജർമാർ ആർ. വേണുഗോപാൽ, ബി. അശോകൻ, മുൻ വിജിലൻസ് ഓഫീസർമാർ ബേസിൽ ജോസഫ്, ഇ. എം ഷംസു ഇല്ലിക്കൽ, ടോമി സെബാസ്റ്റ്യൻ, സി എസ് ഷാഹുൽ ഹമീദ് തുടങ്ങിയവരെ ആദരിച്ചു.

സപ്ലൈകോ ഓണം ലക്കി ഡ്രോ ഒന്നാം സമ്മാനം ഒരു പവൻ സ്വർണം ഇടുക്കി സ്വദേശി തേയിലത്തോട്ട തൊഴിലാളിയായ മുനിയമ്മയ്ക്ക് മന്ത്രി സമ്മാനിച്ചു. രണ്ടാം സമ്മാനമായ ലാപ്ടോപ്പ് തൃശ്ശൂർ സ്വദേശി എ കെ രത്നം, വടകര സ്വദേശി ആദിദേവ് സി വി, മൂന്നാം സമ്മാനമായ സ്മാർട്ട് ടിവി കണ്ണൂർ സ്വദേശിനി രമ്യ ചന്ദ്രൻ എന്നിവർക്ക് സമ്മാനിച്ചു. ഓണം ലക്കി ഡ്രോ ജില്ലാതല സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ഉച്ചകഴിഞ്ഞുള്ള സെഷൻ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ദീർഘകാലമായി സപ്ലൈകോയുമായി സഹകരിച്ചു വരുന്ന സപ്ലയർമാർ, എൻ.എഫ്. എസ്. എ കരാറുകാർ, ആട്ട മില്ലേഴ്സ്, ബാങ്ക്, ഓയിൽ കമ്പനികൾ, ഔഷധക്കമ്പനികൾ എന്നിവരുടെ പ്രതിനിധികൾക്ക് എല്ലാം മന്ത്രി ജി.ആർ. അനിൽ ഉപഹാരങ്ങൾ നല്കി.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign