ബെംഗളൂരുവിൽ പട്ടാപ്പകൽ വൻ മോഷണം. എടിഎമ്മിൽ പണം നിറയ്ക്കാൻ കൊണ്ടുപോയ ഏഴ് കോടി രൂപയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തിയ സംഘം കവർന്നത്. എച്ച്ഡിഎഫ്സി ബാങ്കിൽ നിന്ന് എടിഎമ്മുകളിൽ പണം നിറയ്ക്കാൻ പോയ വാഹനം തടഞ്ഞു നിർത്തിയാണ് കവർച്ച നടത്തിയത്.
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ എന്ന വ്യാജേനയെത്തിയ സംഘം വാൻ നിർത്തിച്ചു. വ്യാജ ഐഡി കാർഡ് കാണിച്ച് ജീവനക്കാരെ വിശ്വസിപ്പിച്ചു.
പിന്നീട്, വാനിലെ പണവും ജീവനക്കാരെയും മറ്റൊരു വാഹനത്തിലേയ്ക്ക് മാറ്റി. അൽപ്പ സമയത്തെ യാത്രയ്ക്ക് ശേഷം ഡയറി സർക്കിളിന് സമീപത്ത് വച്ച് ജീവനക്കാരെ ബലം പ്രയോഗിച്ച് വാഹനത്തിൽ നിന്നും ഇറക്കി വിട്ടു. ഗ്രേ കളർ ഇന്നോവ കാറിലാണ് മോഷ്ടാക്കൾ രക്ഷപ്പെട്ടത്. ബന്നർഘട്ട ഭാഗത്തേയ്ക്ക് പോയ ഈ വാഹനം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. വാനിൽ ഉണ്ടായിരുന്ന ജീവനക്കാരെയും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. കവർച്ചാ സംഘത്തെ പിടികൂടാൻ സിറ്റി സൗത്ത് പൊലീസ് ഡിസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു.


