ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെ പന്ത്രണ്ടിലധികം ജീവനക്കാരെ ചോദ്യം ചെയ്തു. പലരുടെയും മൊഴികളിൽ വൈരുദ്ധ്യം ഉള്ളതായി അന്വേഷണ സംഘം. സ്ഫോടനത്തിന് പിന്നാലെ സംശയിക്കപ്പെടുന്നവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പെട്ടെന്ന് നിർജീവമാക്കിയതായി കണ്ടെത്തി.2 ലക്ഷത്തിലധികം രൂപയുടെ ഇടപാടുകൾ ഉള്ള നിരവധി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. സംശയനിരയിലുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ, കാൾ റെക്കോർഡുകൾ, സമൂഹമാധ്യമങ്ങളിലെ സംഭാഷണം ഉൾപ്പെടെയുള്ളവ പരിശോധിച്ചു വരുന്നുവെന്നും അന്വേഷണ സംഘം. സർവകലാശാല കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസിലെ മറ്റ് കണ്ണികൾക്കായാണ് എൻഐഎ അന്വേഷണം നടക്കുന്നത്.

2022 ലെ കോയമ്പത്തൂരിൽ ചാവേർ കാർ സ്ഫോടനം,2022 ലെ മംഗളൂരു ഓട്ടോറിക്ഷ സ്ഫോടനം, 2024 ലെ ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനം എന്നിവക്കും ഡൽഹി സ്ഫോടനവുമായി ബന്ധമുണ്ടെന്ന സൂചനയാണ് ഏജൻസികൾക്ക് ലഭിച്ചത്. ഇവയിലെല്ലാം പ്രാദേശികമായി ലഭിക്കുന്ന രാസവളത്തിൽ നിന്നും, അമോണിയം നൈട്രേറ്റ് വേർതിരിച്ചെടുത്താണ് ഉഗ്രശേഷിയുള്ള വസ്തുക്കൾ നിർമ്മിച്ചത്. ബെംഗളൂരു സ്വദേശിയായ എഞ്ചിനീയർ, ഫൈസൽ എന്ന സാക്കിർ ഉസ്താദിന്, ദക്ഷിണേന്ത്യയിലെ സ്ഫോടനങ്ങളുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയിരുന്നു. വൈറ്റ് കോളർ സംഘത്തിനു ബോംബ് നിർമ്മിക്കാൻ പരിശീലനം നൽകുന്ന 42 വീഡിയോ കൾ ടെലിഗ്രാം വഴി അയച്ചു നൽകിയതായി എൻ ഐ എ കണ്ടെത്തി. ഹാൻസുള്ള എന്ന പേരിലുള്ള ഹാൻഡിലിൽ നിന്നാണ് ഡോ.മുസമ്മിൽ അഹമ്മദ് ഗനായിക്ക് വീഡിയോകൾ ലഭിച്ചത്. 2008ലെ ബട്ല ഹൗസ് ഏറ്റുമുട്ടലിനു ശേഷം ഒളിവിൽ പോയ ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരൻ മിർസ ഷദാബ് ബെയിഗ് അൽ ഫലാഹ് സർവകലാശാല യിൽ നിന്നാണ് എഞ്ചി നീയറിങ് ബിരുദം നേടിയതെന്ന് കണ്ടെത്തി. ഡൽഹി സ്ഫോടനത്തിൽ ഇയാളുടെ പങ്ക് അന്വേഷിക്കുന്നുണ്ട്.
