പകുതി വില തട്ടിപ്പില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണം. ജെഡിഎസ് പഞ്ചായത്ത് അംഗമായ പ്രീതി രാജന് മന്ത്രിയുടെ ഓഫീസില്‍ വെച്ചാണെന്ന് പണം കെെമാറിയതെന്ന് പാലക്കാട് ചിറ്റൂര്‍ മണ്ഡലത്തിലെ പണം നഷ്ടമായ വീട്ടമ്മമാര്‍ ആരോപിക്കുന്നു. സീഡ് സൊസൈറ്റിയുടെ ചിറ്റൂര്‍ കോര്‍ഡിനേറ്ററാണ് പ്രീതി രാജന്‍. സര്‍ക്കാര്‍ പദ്ധതിയെന്ന പേരിലാണ് പണപ്പിരിവ് നടത്തിയതെന്നും തട്ടിപ്പില്‍ മന്ത്രിയുടെ പി എയ്ക്കും പങ്കുണ്ടെന്നും പരാതിക്കാർ ആരോപിക്കുന്നു.
എന്നാല്‍ മന്ത്രി ഇക്കാര്യം നിഷേധിച്ചു. അവരെ പറ്റിച്ചതായിരിക്കുമെന്നും പൊലീസില്‍ നിരവധി പേര്‍ പരാതി നല്‍കിയിട്ടുണ്ടെന്നുമാണ് കൃഷ്ണന്‍കുട്ടി പ്രതികരിച്ചത്. പൊലീസില്‍ പരാതി കൊടുത്തിട്ടുണ്ടല്ലോ. അന്വേഷിക്കട്ടെ. കുറ്റം ചെയ്യുന്നവരെ സംരക്ഷിക്കുന്ന പരിപാടി ഇല്ല. പിഎയ്ക്ക് ഇതില്‍ യാതൊരു പങ്കുമില്ലെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.
