മഹാരാഷ്ട്രയിൽ വഴക്കിനിടെ ഭർത്താവിന് നേരെ തിളച്ച എണ്ണ ഒഴിച്ച് ഭാര്യ. ഓട്ടോറിക്ഷാ ഡ്രൈവറായ ഇമ്രാൻ അബ്ദുൾ ഗഫാർ ഷെയ്ക്കിന് നേരെയാണ് ഭാര്യ തിളച്ച എണ്ണ ഒഴിച്ചത്. ആക്രമണത്തിൽ തലയ്ക്കും മുഖത്തിനും ഗുരുതരമായി പൊള്ളലേറ്റ ഷെയ്ഖ് പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്.

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാൺ പ്രദേശത്ത് ബുധനാഴ്ച പുലർച്ചെയാണ് ആക്രമണം നടന്നത്. പുലർച്ചെ 2.30 ഓടെയാണ് ഓട്ടോ ഡ്രൈവറായ ഇമ്രാൻ അബ്ദുൾ ഗഫാർ ഷെയ്ക്കും ഭാര്യയും തമ്മിൽ കുടുംബ പ്രശ്‌നങ്ങളെച്ചൊല്ലി രൂക്ഷമായ തർക്കമുണ്ടയത്. അതിൽ പ്രകോപിതയായ ഷെയ്ഖിന്റെ ഭാര്യ അയാളുടെ മേൽ തിളച്ച എണ്ണ ഒഴിച്ചെന്നാണ് ബസാർപേത്ത് പൊലീസിൻ്റെ എഫ്‌ഐആറിൽ പറയുന്നത്.സംഭവത്തിൽ അയൽക്കാരുടെ മൊഴികൾ ശേഖരിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
