സസ്പെന്‍ഷനില്‍ കഴിയുന്ന എന്‍ പ്രശാന്ത് ഐഎഎസിനെ തിരിച്ചെടുക്കാനുള്ള തീരുമാനം അട്ടിമറിച്ചു. എ ജയതിലക് എഐഎസ് ആണ് സസ്പെന്ഷന് പിന്‍വലിക്കാനുള്ള തീരുമാനം അട്ടിമറിച്ചത്. ജയതിലക് ചീഫ് സെക്രട്ടറിയായ ശേഷമാണ് തീരുമാനം അട്ടിമറിച്ചത്. ശാരദ മുരളീധരൻ ചീഫ് സെക്രട്ടറി ആയിരിക്കെ പ്രശാന്തിനെ തിരിച്ച് സർവ്വീസിൽ പ്രവേശിപ്പിക്കണം എന്നായിരുന്നു 23.4.2025 ന് കൂടിയ സസ്പെൻഷൻ റിവ്യു കമ്മിറ്റി വളരെ വ്യക്തമായി ശിപാർശ ചെയ്തിരുന്നത്. ഡോ.ജയതിലക് ചീഫ് സെക്രട്ടറി ആയ ശേഷം ചട്ട വിരുദ്ധമായി വീണ്ടും കമ്മിറ്റി കൂടുകയായിരുന്നു.

തന്റെ സസ്പെന്ഷന് പിന്നില്‍ എന്താണ് നടന്നതെന്ന കാര്യങ്ങള്‍ പുറത്തുവിടുമെന്ന് കഴിഞ്ഞദിവസം എന്‍ പ്രശാന്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും വിവരാവകാശ പ്രകാരം തനിക്ക് ലഭിച്ചെന്നും ആരൊക്കെ എന്തൊക്കെ എഴുതിയെന്നും ആര് ആരെ തിരുത്തിയെന്ന് പുറത്തുവരുമെന്നും അറിയിച്ചിരുന്നു. തിരുവായ്ക്ക് എതിര്‍വായില്ലാത്ത വിധം ചീഫ് സെക്രട്ടറി ജയതിലകിന് ആരാണ് ഇത്രയധികം അധികാരങ്ങള്‍ നല്‍കിയെന്നും പ്രശാന്ത് ചോദിച്ചിരുന്നു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് കഴിഞ്ഞ ഏഴ് മാസമായി സസ്പെന്‍ഷനില്‍ കഴിയുകയാണ് എന്‍ പ്രശാന്ത്.
