എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും പോസ്റ്റര്‍. തിരുവനന്തപുരം കീഴാറൂര്‍, കുറ്റിയായണിക്കാട് എന്‍എസ്എസ് കരയോഗത്തിന് മുന്നിലും കോട്ടയം പൂഞ്ഞാറിലുമാണ് ഇന്ന് പ്രതിഷേധ ബാനറുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘കുടുംബകാര്യത്തിനായി സമുദായത്തെ പിന്നില്‍ നിന്ന് കുത്തിയ കട്ടപ്പ’യെന്നാണ് കുറ്റിയായണിക്കാട് സ്ഥാപിച്ച ഫ്‌ളെക്‌സില്‍ വിമർശിക്കുന്നു. സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേടാണെന്നും പോസ്റ്ററിലുണ്ട്.’അയ്യപ്പവിശ്വാസികളായ സമുദായാംഗങ്ങളെ പിന്നില്‍ നിന്ന് കുത്തി വഞ്ചിച്ച് പിണറായി വിജയന് പാദസേവ ചെയ്യുന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി രാജിവെക്കണമെന്ന് കോട്ടയം ചേന്നാട് വെച്ച ഫ്‌ളെക്‌സില്‍ പറയുന്നു. ‘അഭിമാനമുള്ള അയ്യപ്പവിശ്വാസികളായ കരയോഗാംങ്ങള്‍’ എന്നാണ് ചേന്നാട് സ്ഥാപിച്ച ഫ്‌ളെക്‌സില്‍ സൂചിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ പ്രതിഷേധക്കാര്‍ ആരാണെന്ന് സൂചിപ്പിച്ചിരുന്നില്ല.
തിരുവനന്തപുരത്ത് നരുവാക്കാട്ടെ നടുക്കാട് എന്‍എസ്എസ് കരയോഗത്തിന് മുന്നിലായിരുന്നു ഇന്നലെ പോസ്റ്റര്‍ സ്ഥാപിച്ചത്. നായര്‍ സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരന്‍ നായര്‍ക്ക് ആദരാഞ്ജലികള്‍’ എന്നാണ് ഫ്ളക്സിലെ വാചകം. കട്ടപ്പ ബാഹുബലിയെ പിന്നില്‍ നിന്ന് കുത്തുന്ന ചിത്രവും ഫ്ളക്സ് ബോര്‍ഡിലുണ്ട്. പത്തനംതിട്ടയിലും ജി സുകുമാരന്‍ നായര്‍ക്കെതിരെ ഇന്നലെ ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരുന്നു. സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേടാണെന്ന് കുറ്റപ്പെടുത്തുന്നതായിരുന്നു പോസ്റ്റര്‍. ‘കുടുംബ കാര്യത്തിന് വേണ്ടി അയ്യപ്പ ഭക്തരെ പിന്നില്‍ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേട്’ എന്ന് പോസ്റ്ററില്‍ വിമര്‍ശിച്ചിരുന്നു.
