നടന്‍ ശ്രീനിവാസന്റെ സംസ്‌കാരച്ചടങ്ങിലെ സുനില്‍ ദാസ് എന്ന സുനില്‍ സ്വാമിയുടെ സാന്നിദ്ധ്യം വിവാദമായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി പി ജി പ്രേംലാല്‍. പിടിച്ച് അകത്തിടേണ്ട ആള്‍ദൈവങ്ങളുടെ കൂട്ടത്തില്‍ ശ്രീനിവാസന്‍ പറഞ്ഞ പേരാണ് മുതലമടയിലെ സുനില്‍ സ്വാമിയുടേതെന്നും തന്റെ സംസ്‌കാരച്ചടങ്ങില്‍ അതേ വ്യക്തി കാര്‍മ്മികനെപ്പോലെ അരങ്ങേറുമെന്ന് അദ്ദേഹം സ്വപ്‌നത്തില്‍ പോലും കരുതിയിരിക്കില്ലെന്നും പ്രേംലാല്‍ പറയുന്നു. ശ്രീനിവാസന്‍ എഴുതാതെ പോയ ഏറ്റവും ട്രാജിക് ആയ സോഷ്യല്‍ സറ്റയര്‍ രംഗം പോലെയാണ് തനിക്ക് ആ കാഴ്ച്ച അനുഭവപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ‘ഇത് ഞങ്ങളുടെ ഡെഡ്‌ബോഡിയാണ് എന്ന് അവകാശപ്പെട്ട് മൃതശരീരം ഏറ്റെടുക്കാന്‍ ഇടിച്ചുകയറി വരുന്ന രാഷ്ട്രീയക്കാരെ ‘സന്ദേശ’ത്തില്‍ കണ്ടതാണ്, ഇത് രാഷ്ട്രീയക്കാരനായിരുന്നില്ല. മറിച്ച് ഒരു ഫ്രോഡ് സ്വാമിയായിരുന്നു എന്ന് മാത്രം’:പ്രേംലാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

