Home News സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളിലെ മേയര്‍മാരെയും ഡെപ്യൂട്ടി മേയര്‍മാരെയും തെരഞ്ഞെടുത്തു

സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളിലെ മേയര്‍മാരെയും ഡെപ്യൂട്ടി മേയര്‍മാരെയും തെരഞ്ഞെടുത്തു

by Sayana k
0 comments

സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളിലെ മേയര്‍മാരെയും ഡെപ്യൂട്ടി മേയര്‍മാരെയും തെരഞ്ഞെടുത്തു. തിരുവനന്തപുരം കോര്‍പ്പറേഷന്റെ മേയറായി വി വി രാജേഷിനെ തെരഞ്ഞെടുത്തു. ഇതോടെ വി വി രാജേഷ് കേരളത്തിലെ ബിജെപിയുടെ ആദ്യത്തെ മേയര്‍ എന്നപേരില്‍ ചരിത്രത്തില്‍ ഇടംപിടിക്കും. കൊടുങ്ങാനൂര്‍ വാര്‍ഡില്‍ നിന്നുള്ള പ്രതിനിധിയാണ് രാജേഷ്. സാധുവായ 97 വോട്ടുകളിൽ വി വി രാജേഷിന് 51 പേരുടെ പിന്തുണ ലഭിച്ചു. എൽഡിഎഫിലെ ശിവജിക്ക് 29 പേരുടെയും യുഡ‍ിഎഫിലെ കെ എസ് ശബരിനാഥിന് 17 പേരുടെ പിന്തുണയും ലഭിച്ചു. രണ്ട് യുഡിഎഫ് അം​ഗങ്ങളുടെ വോട്ടുകൾ അസാധുവായപ്പോൾ ഒരാൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.

കൊല്ലം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന്റെ എ കെ ഹഫീസ് മേയറാകും. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഹഫീസിന്റെ പേര് മേയര്‍ പദവിയിലേക്ക് ഉയര്‍ത്തിക്കാട്ടിയിരുന്നു. എല്‍എഫിന്റെ കോട്ടയാണ് ഇത്തവണ യുഡിഎഫ് പിടിച്ചെടുത്തത്. ഹഫീസിന് 27 പേരുടെ പിന്തുണ ലഭിച്ചപ്പോൾ എൽഡിഎഫിലെ പിജെ രാജേന്ദ്രന് 16 പേരുടെ പിന്തുണ ലഭിച്ചു. യുഡിഎഫ് 27, എല്‍ഡിഎഫ് 16, മറ്റുള്ളവര്‍ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.കൊച്ചി കോര്‍പ്പറേഷനില്‍ അഡ്വ. വി കെ മിനിമോളെ മേയറായി തെരഞ്ഞെടുത്തു. മിനി മോളും ഷൈനി മാത്യൂവും രണ്ടരക്കൊല്ലം വീതം മേയര്‍സ്ഥാനം വഹിക്കാനാണ് തീരുമാനം. പാലാരിവട്ടത്ത് നിന്നുള്ള പ്രതിനിധിയാണ് മിനിമോള്‍. ഷൈനി മാത്യൂ ഫോര്‍ട്ട് കൊച്ചിയെ പ്രതിനിധീകരിക്കുന്നു. വി കെ മിനിമോൾക്ക് 48 വോട്ടുകൾ ലഭിച്ചു. സ്വതന്ത്രനായി വിജയിച്ച ബാസ്റ്റിൻ ബാബുവിന്റെ വോട്ട് വി കെ മിനിമോൾക്ക് ലഭിച്ചു. എൽഡിഎഫിന്റെ അംബിക സുദ‍ർശന് 22 വോട്ടും ബിജെപിയുടെ പ്രിയ പ്രശാന്തിന് ആറ് വോട്ടും ലഭിച്ചു. കോര്‍പ്പറേഷനില്‍ യുഡിഎഫ് 46, എല്‍ഡിഎഫ് 20, എന്‍ഡിഎ ആറ്, മറ്റുള്ളവര്‍ നാല് എന്നിങ്ങനെയാണ് കക്ഷിനില.

തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന്റെ ഡോ. നിജി ജസ്റ്റിന്‍ മേയറായി. കിഴക്കുംപാട്ടുകരയില്‍ നിന്ന് വിജയിച്ച നിജി ഡോക്ടര്‍ കൂടിയാണ്. കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം നിജിമോള്‍ പണം കൊടുത്തുവാങ്ങിയതാണെന്ന അഭ്യഹം പരക്കുന്നതായി കോണ്‍ഗ്രസ് നേതാവ് ലാലി ജെയിംസ് ആരോപിക്കുകയും ഇതിനെ തള്ളി നിജി രംഗത്തെത്തുകയുമുണ്ടായി. നിജി ജസ്റ്റിന് 35 പേരുടെ പിന്തുണ ലഭിച്ചപ്പോൾ എൽഡിഎഫിലെ എം എൽ റോസിക്ക് 13 പേരുടെ പിന്തുണയും ബിജെപിയുടെ പൂർണ്ണിമാ സുരേഷിന് എട്ട് പേരുടെ പിന്തുണയും ലഭിച്ചു. 56 അംഗ തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ 33 സീറ്റുകളാണ് യുഡിഎഫ് നേടിയത്. എല്‍ഡിഎഫ് 11 സീറ്റുകളിലും എന്‍ഡിഎ എട്ടിടത്തുമാണ് വിജയിച്ചത്. മറ്റുള്ളവര്‍ നാല് സീറ്റില്‍ വിജയിച്ചു.കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി പി ഇന്ദിരയെ തെരഞ്ഞെടുത്തു. കഴിഞ്ഞ തവണ ഡെപ്യൂട്ടി മേയറായിരുന്നു ഇന്ദിര. പയ്യാമ്പലം ഡിവിഷനില്‍ നിന്നാണ് പി ഇന്ദിര കോര്‍പ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 56 അംഗ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 36 സീറ്റുകള്‍ നേടി യുഡിഎഫ് ആധികാരിക വിജയമാണ് നേടിയത്. എല്‍ഡിഎഫ് 15, എന്‍ഡിഎ നാല്, മറ്റുള്ളവര്‍ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. പി ഇന്ദിരയ്ക്ക് 36 പേരുടെ പിന്തുണ ലഭിച്ചപ്പോൾ എൽഡിഎഫിലെ വി കെ പ്രകാശിന് 15 പേരുടെ പിന്തുണയാണ് ലഭിച്ചത്. എൻഡിഎയുടെ അ‍ർച്ചന വണ്ടിച്ചാലിനെ നാല് പേരാണ് പിന്തുണച്ചത്.

കോഴിക്കോട് കോര്‍പ്പറേഷനില്‍ ഒ സദാശിവമാണ് മേയര്‍. സിപിഐഎം കോഴിക്കോട് നോര്‍ത്ത് ഏരിയാകമ്മിറ്റി അംഗമാണ്. തടമ്പാട്ടുതാഴം വാര്‍ഡില്‍ നിന്നുള്ള പ്രതിനിധിയാണ് സദാശിവന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായ ഏക കോര്‍പ്പറേഷനാണ് കോഴിക്കോട്. 76 അംഗ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് 34, യുഡിഎഫ് 26, എന്‍ഡിഎ 13, മറ്റുള്ളവര്‍ മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign