പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ മരണത്തിൽ ആഭ്യന്തര അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന സർവകലാശാലയുടെ ആവശ്യം തള്ളി ഹൈകോടതി. ആഭ്യന്തര അന്വേഷണം മാർച്ച് 31നകം പൂർത്തിയാക്കണമെന്ന് കോടതി അറിയിച്ചു. മെയ് 19 വരെ സമയം അനുവദിക്കണമെന്ന സർവകലാശാലയുടെ ആവശ്യം ജസ്റ്റിസുമാരായ അമിത് റാവൽ, കെ.വി. ജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് തള്ളിയത്.പ്രതികളായ വിദ്യാർഥികൾക്ക് മണ്ണുത്തി ക്യാംപസിൽ പ്രവേശനം അനുവദിച്ച സിംഗ്ൾ ബെഞ്ച് ഉത്തരവിനെതിരെ സിദ്ധാർഥന്റെ അമ്മ സമർപ്പിച്ച അപ്പീലിലാണ് നടപടി. സിംഗ്ൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഡിവിഷൻ ബെഞ്ച് നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
മണ്ണുത്തി കാമ്പസിൽ പഠനം തുടരാൻ അനുവദിക്കണമെന്ന ആവശ്യം പ്രതികളായ വിദ്യാർഥികൾ പോലും ഉന്നയിക്കാതിരിക്കെ അത്തരമൊരു ഉത്തരവിട്ടത് തെറ്റാണെന്നായിരുന്നു അപ്പീലിലെ വാദം. പ്രതികളുടെ പ്രവേശനം വിലക്കിയ ഇടക്കാല ഉത്തരവ് തുടരും.അതേസമയം, സിദ്ധാർഥന്റെ സാധന സാമഗ്രികളിൽ മിക്കതും ബന്ധുക്കൾക്ക് തിരികെ കിട്ടിയിട്ടില്ല. 38 എണ്ണം ലഭിക്കാനുള്ളതിൽ 14 എണ്ണം മാത്രമാണ് ലഭിച്ചത്. സാധന സാമഗ്രികൾ ലഭിക്കാത്തതിനെതിരെ സിദ്ധാർഥന്റെ അച്ഛൻ ടി. ജയപ്രകാശ് വൈസ് ചാൻസലർ, കോളേജ് ഡീൻ, വൈത്തിരി പൊലീസ് ഇൻസ്‌പെക്ടർ എന്നിവർക്ക് പരാതി നൽകി. മുഴുവൻ സാധനങ്ങളും ലഭിക്കാത്ത പക്ഷം ഗവർണറടക്കമുള്ളവർക്ക് പരാതി നൽകുമെന്ന് ജയപ്രകാശ് പറഞ്ഞു. 2024 ഫെബ്രുവരി 18നാണ് സിദ്ധാർഥനെ ഹോസ്റ്റലിനെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. റാഗിങ്ങിനിടെയുണ്ടായ ക്രൂരപീഡനത്തെ തുടർന്നാണ് രണ്ടാംവർഷ ബി.വി.എസ്‍സി വിദ്യാർഥിയായ സിദ്ധാർഥൻ മരിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
സിദ്ധാർഥന്റെ മരണത്തിൽ ആഭ്യന്തര അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന സർവകലാശാലയുടെ ആവശ്യം തള്ളി ഹൈകോടതി.
120
previous post
