കണ്ണൂർ തളിപ്പറമ്പ് അഗ്നിശമന നിലയത്തിന് കീഴിൽ വിവിധയിടങ്ങളിൽ തീപിടുത്തം. ഏക്കർ കണക്കിന് സ്ഥലം കത്തി നശിച്ചു. തളിപ്പറമ്പിന് പുറമെ പയ്യുന്നൂരിൽ നിന്നും അഗ്നിശമന സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.വേനൽ ചൂട് സർവ്വകാല റെക്കോർഡ് മറികടന്നതോടെ തീപിടുത്ത സാധ്യതകളും ഏറുകയാണ്. തളിപ്പറമ്പ് അഗ്നി ശമന നിലയത്തിൻ്റെ പരിധിയിൽ നാലോളം സ്ഥലത്താണ് അഗ്നി ബാധയുണ്ടായത്. ചെനയന്നൂരിലെ തളിപ്പറമ്പ് ആർട്സ് ആൻഡ് സയൻസ് കോളജിന് മുന്നിൽ സ്വകാര്യ വ്യക്തികളുടെ 7 ഏക്കറോളം സ്ഥലം കത്തിനശിച്ചു. കശുമാവുകളും കുറ്റിക്കാടുകളും ഉണങ്ങിയ പുല്ലും കത്തിനശിച്ചു.

കാഞ്ഞിരങ്ങാട് ആർ.ടി.ഒ ഗ്രൗണ്ടിന് സമീപത്ത് ഒരേക്കറോളം സ്ഥലത്താണ് തീ പടർന്നത്. ഉണങ്ങിയ പുല്ലും കുറ്റിക്കാടുകളും ഉണങ്ങിയ മരക്കഷണങ്ങളും കത്തിനശിച്ചു. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ കെ. സഹദേവൻ്റെ നേതൃത്വത്തിൽ അഗ്നിശമന സേനാംഗങ്ങളായ പി.വി ഗിരീഷ്, കെ.വി അനൂപ്, ടി. വിജയൻ, എസ്.ടി അഭിനവ്, വി. ജയൻ എന്നിവരുടെ നേതൃത്വത്തിൽ തളിപ്പറമ്പ് നിലയത്തിലെ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.ചെറിയൂർ പാറയിൽ 10 ഏക്കറോളം സ്ഥലം കത്തി നശിച്ചു. അഗ്നിശമന സേനയുടെ വാഹനം എത്താത്ത സ്ഥലമായതിനാൽ സ്റ്റേഷൻ ഓഫിസർ പ്രേമരാജൻ കക്കാടി, സേനാംഗങ്ങളായ എം.ജി വിനോദ് കുമാർ, ടി. അഭിനേഷ്, ധനഞ്ജയൻ, മാത്യു ജോർജ്ജ് എന്നിവരടങ്ങിയ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് പാത്രങ്ങളിൽ വെള്ളം എത്തിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

പരിയാരം പഞ്ചായത്തിലെ മുടിക്കാനം പെരുവളങ്ങ പ്രദേശത്തെ 2 ഏക്കർ സ്ഥലത്തെ കശുമാവും അക്കേഷ്യ മരങ്ങളും കത്തിനശിച്ചു. സമീപത്തെ പ്ലൈവുഡ്, ഇൻ്റർലോക്ക് കമ്പനികളിലെ ജീവനക്കാരാണ് തീ പടരുന്നത് കണ്ടത്. തളിപ്പറമ്പ് അഗ്നിശമന നിലയത്തിലെ വാഹനങ്ങളും സേനാംഗങ്ങളും മറ്റു സ്ഥലങ്ങളിൽ തീയണക്കാനായി പോയതിനാൽ പയ്യന്നൂരിൽ നിന്നും ഒരു യൂനിറ്റ് അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്.
