140
മുഴപ്പിലങ്ങാട് – ധർമ്മടം സമഗ്ര ബീച്ച് ടൂറിസം വികസനപദ്ധതി; ഒന്നാംഘട്ട ഉദ്ഘാടനം നാലിന്
മുഴപ്പിലങ്ങാട് – ധർമ്മടം സമഗ്ര ബീച്ച് ടൂറിസം വികസന പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം മെയ് നാലിന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മുഴപ്പിലങ്ങാട് ബീച്ച് ടർഫ് ഗ്രൗണ്ടിന് സമീപം നടക്കുന്ന പരിപാടിയിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷനാകും.
ധർമ്മടം നിയോജക മണ്ഡലത്തിൽ ടൂറിസം വകുപ്പ് 233.71 കോടി രൂപയുടെ ഭരണാനുമതി നൽകിയ ബൃഹത് പദ്ധതിയാണ് മുഴപ്പിലങ്ങാട് ധർമ്മടം സമഗ്ര ബീച്ച് ടൂറിസം വികസന പദ്ധതി. നാല് കാരക്ടർ ഏരിയകളായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ട നിർമാണം 79.5 കോടി രൂപ ചെലവഴിച്ചാണ് പൂർത്തീകരിച്ചത്. നടപ്പാത, കുട്ടികൾക്കുള്ള കളിസ്ഥലം, ടോയ്ലറ്റുകൾ, കിയോസ്ക്കുകൾ, ലാൻഡ്സ്കേപ്പിംഗ്, ഇരിപ്പിടങ്ങൾ, അലങ്കാര ലൈറ്റുകൾ, ഷെയ്ഡ് സ്ട്രക്ചർ, ശിൽപങ്ങൾ, ഗസീബോ എന്നിവയാണ് 1.2 കിലോമീറ്റർ നീളത്തിൽ ഒരുക്കിയിട്ടുള്ളത്. കിഫ്ബി സാമ്പത്തിക വകയിരുത്തൽ പ്രകാരം കെ ഐ ഐ ഡി സി യെ സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി തെരഞ്ഞെടുത്താണ് പദ്ധതി നടപ്പിലാക്കിയത്.

ലഹരി വിരുദ്ധ സന്ദേശ യാത്രക്ക് പഴയങ്ങാടിയിൽ സ്വീകരണം നൽകും
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കളിക്കളങ്ങൾ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ കായിക മന്ത്രി വി അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശ യാത്ര കിക്ക് ഡ്രഗ്ഗിന് മെയ് ആറ് രാവിലെ പത്തിന് സ്വീകരണം നൽകും. കല്യാശ്ശേരി മണ്ഡലത്തിലെ സ്വീകരണം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി എരിപുരം മാടായി ബാങ്ക് പി സി സി ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം സി പി ഷിജു അധ്യക്ഷനായി. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി ഗോവിന്ദൻ, എ പ്രാർത്ഥന, കെ രതി, പി ശ്രീമതി, ബ്ലോക്ക് പഞ്ചായത്ത് അംഗം എ വി രവീന്ദ്രൻ, ചെറുകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി സജീവൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ എം കെ രമേഷ് കുമാർ, മഷൂദ് മാട്ടൂൽ, പി വി വിനോദ്, കെ വി ബൈജു, എ മുഹമ്മദ് അഷ്റഫ് ,എ സി മുഹമ്മാലി, എം ഷെഫീഖ്, കെ രഞ്ജിത്ത് മാസ്റ്റർ, കെ പത്മനാഭൻ, പി വി അബ്ദുളള, ജന പ്രതിനിധികൾ, സന്നദ്ധ – യുവജന സംഘടനകൾ, ക്ലബ്, വായനശാല, സ്പോർട്സ് അക്കാദമി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
ലഹരി വിരുദ്ധ സന്ദേശയാത്ര; മിനി മാരത്തോണ്‍ മെയ് ആറിന് പയ്യന്നൂരിൽ
ലഹരിക്കെതിരെ കായിക വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശ യാത്ര മെയ് ആറിന് ജില്ലയില്‍ പര്യടനം നടത്തും. പരിപാടിയോടനുബന്ധിച്ച് പയ്യന്നൂരില്‍ പുരുഷ / വനിതാ വിഭാഗങ്ങളില്‍ പ്രൈസ്മണി മിനി മാരത്തോണ്‍ സംഘടിപ്പിക്കും. രാവിലെ 6.30 ന് മാത്തില്‍ നിന്നും ആരംഭിക്കുന്ന മാരത്തോണ്‍ പെരുമ്പ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റില്‍ സമാപിക്കും. വിജയികള്‍ക്ക് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലായി യഥാക്രമം 15000, 10000, 7500 രൂപയും നാല് മുതല്‍ എഴ് വരെ സ്ഥാനക്കാര്‍ക്ക് 2000 രൂപ വീതവും പ്രൈസ്മണി ലഭിക്കും. പുരുഷ / വനിതാ വിഭാഗങ്ങള്‍ക്ക് പ്രത്യേകം പ്രൈസ് മണി നല്‍കും. താല്പര്യമുള്ളവര് https://registrations. keralakayikashamathamission. com എന്ന ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0497 2700485
അപേക്ഷ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ തലശ്ശേരി എരഞ്ഞോളിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റ് ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സ് എന്ന സ്ഥാപനത്തിലേക്ക് സൈക്കോളജിസ്റ്റിന്റെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എംഎസ് സി സൈക്കോളജി, എംഫില്‍, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. തലശ്ശേരി നഗരസഭാ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 20 വൈകുന്നേരം അഞ്ചിനകം സൂപ്രണ്ട്, ഗവണ്മെന്റ് ചില്‍ഡ്രന്‍സ് ഫോര്‍ ഗേള്‍സ്, നേതാജി റോഡ്, എരഞ്ഞോളി പാലം, ചിറക്കര പി ഒ തലശ്ശേരി – 670104 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം. ഫോണ്‍: 04902321605, 9847386335
അപേക്ഷ ക്ഷണിച്ചു
സി ഡിറ്റിന്റെ താഴെ ചൊവ്വ കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ ആരംഭിക്കുന്ന ഗവ അംഗീകൃത പിജിഡിസിഎ, ഡിസിഎ, ഡാറ്റ എന്‍ട്രി, അക്കൗണ്ടിങ്, ഡിടിപി, എം.എസ് ഓഫീസ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് സി/ എസ്ടി, ബിപിഎല്‍ വിഭാഗത്തിത്തിന് ഫീസിളവ് ലഭിക്കും. ഫോണ്‍ : 9947763222
അപേക്ഷ നീട്ടി
ടൂറിസം വകുപ്പിന് കീഴില്‍ കണ്ണൂര്‍ ഒണ്ടേന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വേനലവധിക്കാല ഹ്രസ്വകാല കോഴ്സുകളിലേക്കുള്ള അപേക്ഷ മെയ് ഏഴിന് വൈകുന്നേരം നാല് വരെ നീട്ടിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0497 2706904, 2933904, 9895880075
ടെണ്ടര്‍
കണ്ണൂര്‍ കോര്പറേഷന് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓണക്കാലത്തേക്ക് ചെണ്ടുമല്ലി പൂക്കളുടെ വിതരണം ലക്ഷ്യമിട്ട് 90500 ഹൈബ്രിഡ് ചെണ്ടുമല്ലി വിത്തുകള്‍ വിതരണം ചെയ്യുന്നതിന് മത്സര സ്വഭാവമുള്ള ടെണ്ടര്‍ ക്ഷണിച്ചു. മുദ്രവെച്ച ടെണ്ടറുകള്‍ പാലയാട് സ്റ്റേറ്റ് കോക്കനട്ട് നഴ്സറി സീനിയര്‍ കൃഷി ഓഫീസറുടെ കാര്യാലയത്തില്‍ മെയ് 17 രാവിലെ 11 നകം ലഭിക്കണം. ഫോണ്‍: 04902345766
ഏഴോം സഫാരി ഉദ്ഘാടനം നാലിന്
ഏഴോം ഗ്രാമപഞ്ചായത്ത് 2024- 25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച ഏഴോം സഫാരി പദ്ധതി മെയ് നാലിന് എം വിജിന് എം എല്‍ എ ഉദ്ഘാടനംചെയ്യും. സൈക്കിള്‍ സവാരിയിലൂടെ സഞ്ചാരികളെ നാട് കാണിക്കുക, പ്രദേശത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ഗ്രാമമാക്കി മാറ്റുക എന്നീ ഉദ്ദേശ്യത്തോടെയാണ് പദ്ധതി നടപ്പിലാകുന്നത്.
നീറ്റ് പരീക്ഷ മെയ് നാലിന്
നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സിയുടെ 2025 വര്‍ഷത്തെ നീറ്റ് പരീക്ഷ മെയ് നാലിന് നടക്കും. കണ്ണൂര്‍, പയ്യന്നൂര്‍ നഗരങ്ങളിലെ 19 കേന്ദ്രങ്ങളിലായി ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് പരീക്ഷ. കണ്ണൂര്‍ നഗരത്തില്‍ ഇഎംഎസ്എസ് ജിഎച്ച്എസ്എസ് പാപ്പിനിശ്ശേരി വെസ്റ്റ്, ഗവ. ടൗണ്‍ എച്ച്എസ്എസ് കണ്ണൂര്‍, കാടാച്ചിറ എച്ച്എസ്എസ്, സിഎച്ച്എച്ച്എസ്എസ് എളയാവൂര്, സെന്റ് മൈക്കിള്‍സ് എഎച്ച്എസ്എസ് കണ്ണൂര്‍, അഴീക്കോട് എച്ച്എസ്എസ്, എംഎംഎച്ച്എസ്എസ് തലശ്ശേരി, കൂത്തുപറമ്പ് എച്ച്എസ്എസ് തൊക്കിലങ്ങാടി, ചൊവ്വ എച്ച്എസ്എസ്, ജിവിഎച്ച്എസ്എസ് ചിറക്കര, ഗവണ്മെന്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കണ്ണൂര്‍, ഗവണ്മെന്റ് ബ്രണ്ണന്‍ കോളേജ് ധര്‍മ്മടം, കൃഷ്ണമേനോന് സ്മാരക ഗവ. വിമന്‍സ് കോളേജ് പള്ളിക്കുന്ന്, പിഎം ശ്രീ കേന്ദ്രീയ വിദ്യാലയം കണ്ണൂര്‍, പിഎം ശ്രീ കേന്ദ്രീയ വിദ്യാലയം കെല്‍ട്രോണ്‍ നഗര്‍ മാങ്ങാട്ടുപറമ്പ്, പയ്യന്നൂര്‍ നഗരത്തില്‍ പിഎം ശ്രീ കേന്ദ്രീയ വിദ്യാലയം പയ്യന്നൂര്‍, ജിഎച്ച്എസ്എസ് കടന്നപ്പള്ളി, സിപിഎന്‍ സ്മാരക ജിഎച്ച്എസ്എസ് മാതമംഗലം, ജിഎച്ച്എസ്എസ് കുഞ്ഞിമംഗലം എന്നീ കേന്ദ്രങ്ങളിലാണ് പരീക്ഷ. അന്നേദിവസം രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിക്കാം.
ജില്ലാതല കുട്ടി ഗവേഷക സംഗമം അഞ്ച് മുതൽ
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളം കണ്ണൂര്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല എന്നിവയുടെ ആഭിമുഖ്യത്തില്‍ മെയ് അഞ്ച്, ആറ് തീയതികളില്‍ സ്ട്രീം അക്കാദമിക് പ്രോജക്ടുകളുടെ ജില്ലാതല അവതരണം മാങ്ങാട്ടുപറമ്പ് കണ്ണൂര്‍ സര്‍വകലാശാല ക്യാമ്പസില്‍ നടക്കും. ജില്ലയിലെ വിവിധ ഉപജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികൾ അവതരണത്തിന്റെ ഭാഗമാകും. ലോകത്ത് ഏറെ ചര്‍ച്ച ചെയ്യുന്ന സ്റ്റെം പഠനത്തിന്റെ രീതിശാസ്ത്രം അനുസരിച്ചാണ് പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ തയാറാക്കിയത്. കുട്ടികള്‍ക്ക് ഗവേഷണത്തില്‍ ഉള്‍പ്പെടെ ദിശാബോധം നല്‍കുന്നതിന് വിവിധ ഘട്ടങ്ങളില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ശാസ്ത്ര സാമൂഹിക പഠനകേന്ദ്രത്തില്‍ പല ഘട്ടങ്ങളായി അധ്യാപകരുടെ നേത്യത്വത്തില്‍ ശില്പശാലകള് നടത്തിയാണ് സ്ട്രീം തനത് പ്രോജക്ടിന്റെ രീതിശാസ്ത്രം വികസിപ്പിച്ചത്. ഓരോ ഉപജില്ലയില്‍ നിന്നും മൂന്ന് പ്രോജക്ടുകളാണുള്ളത്. വിവിധ വിദ്യാലയങ്ങളിലെ 30 കുട്ടികള്‍, അധ്യാപകരായ ഗൈഡുകള്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രോജകട് പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കിയത്. സര്‍വകലാശാലകള്‍, ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, കോളേജ് റിസര്‍ച്ച് സെന്ററുകള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുമായി ചേര്‍ന്നുകൊണ്ടാണ് പ്രോജക്ട് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഗവേഷണത്തിന്റെ ഭാഗമായുള്ള പഠനയാത്രകള്‍ ഉള്‍പ്പെടെ അധ്യാപകരും, കുട്ടികളും ചേര്‍ന്ന് സംഘടിപ്പിച്ചിരുന്നു.
പരിപാടിയുടെ ഒന്നാം ദിവസം പ്രബന്ധങ്ങളുടെ അവതരണം നടക്കും. വിവിധ സെഷനുകളിലായി ജനപ്രതിനിധികള്‍, അക്കാദമിക് വിദഗ്ധർ, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അവതരണത്തിന്റെ ഭാഗമായി പാനല്‍ ചര്‍ച്ചകളും തുറന്ന സംവാദങ്ങളും നടക്കും. പങ്കെടുക്കുന്നവര്‍ അന്നേ ദിവസം രാവിലെ 9.30 ന് മാങ്ങാട്ടുപറമ്പിലെ സെമിനാര്‍ കോംപ്ലക്സില്‍ രജിസ്റ്റര്‍ ചെയ്യണം.
ആനുകൂല്യങ്ങള്‍ക്ക് സോഫ്റ്റ് വെയറില്‍ പേര് ചേര്‍ക്കണം
കേരള ബീഡി – ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി അംഗങ്ങളായ എല്ലാ തൊഴിലാളികളും തങ്ങളുടെ സമഗ്ര വിവരങ്ങള്‍ അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫേസ് സിസ്റ്റം സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷകര്‍ ആധാര്‍, അംഗത്വ രജിസ്ട്രേഷന് കാര്‍ഡ്, ബാങ്ക് പാസ്സ്ബുക്ക്, ട്രേഡ് യൂണിയന് / തൊഴിലുടമയുടെ സര്‍ട്ടിഫിക്കറ്റ്, എസ്എസ്എല്‍സി / ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, നോമിനിയുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഫോറം (ക്ഷേമനിധി ഓഫീസില്‍ ലഭിക്കും), നിലവിലെ ഫോണ്‍നമ്പര്‍ എന്നിവ സഹിതം അക്ഷയ കേന്ദ്രം വഴി രജിസ്റ്റര്‍ ചെയ്യണം. ഇ മെയില്‍: beedi.worker@gmail.com, ഫോണ്‍: 0497 2706133
സൈനിക ക്ഷേമ വകുപ്പിന് കീഴില്‍ പരിശീലനം
സൈനികക്ഷേമ വകുപ്പിന്റെ കീഴില്‍ വിമുക്ത ഭടന്മാര്ക്കും ആശ്രിതര്‍ക്കുമായി സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് വഴി സുസ്ഥിര ജീവനോപാധി വികസന പദ്ധതിയുടെ ഭാഗമായി എല്‍ ഇ ഡി ഉല്പന്ന അസംബ്ലിംഗ്, വസ്ത്രം, ബേക്കറി, ജ്വല്ലറി, പാവ, പരിസ്ഥിതി സൗഹൃദ ബാഗുകള്‍ എന്നിവയുടെ നിര്‍മാണം, കാറ്ററിംഗ് തുടങ്ങിയവയില്‍ പരിശീലനം നല്കുന്നു. അപേക്ഷകള്‍ മെയ് ഏഴ് വൈകിട്ട് അഞ്ചിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കണം. ഇ മെയില്‍: zswokannur@gmail.com ഫോണ്‍: 0497 2700069
റാങ്ക് പട്ടിക റദ്ദാക്കി
വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (കണക്ക്) മലയാളം മീഡിയം (ഐ – എന്‍സിഎ – എസ്ടി) (കാറ്റഗറി നമ്പര്‍ 738/2023) തസ്തികയിലെ മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും നിയമന ശുപാര്‍ശ ലഭിച്ചതിനാല്‍ റാങ്ക് പട്ടിക കാലഹരണപ്പെട്ടതായി ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു.
എട്ടാം ക്ലാസ്സ് പ്രവേശനം
തോട്ടട ഗവ. ടെക്നിക്കല്‍ സ്കൂളില്‍ എട്ടാം ക്ലാസ്സ് പ്രവേശനം തുടരുന്നു. ഇ മെയില്‍: thsthottada@gmail.com ഫോണ്‍: 9400006494, 9446973178, 8113965609
തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം
കണ്ണൂര്‍ ഗവ. വനിതാ ഐടിഐയില്‍ ഐഎംസി നടത്തുന്ന ആറുമാസ ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന് അക്കൗണ്ടിംഗ്, മൂന്നുമാസ കോഴ്സുകളായ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ടാലി, മൈക്രോസോഫ്റ്റ് ഓഫീസ്, രണ്ടുമാസ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ടാലി, ഒരുമാസ കോഴ്സുകളായ മൈക്രോസോഫ്റ്റ് എക്സല്‍, സര്‍ട്ടിഫൈഡ് കോഴ്സായ ജിഎസ്ടി റിട്ടേണ്‍ ഫയലിങ്ങ് എന്നിവയിലേക്ക് പ്രവേശനം ആരംഭിച്ചു. കോഴസ്പൂര്ത്തിയാക്കിയതിനുശേഷം പ്ലേസ്മെന്റ് അസിസ്റ്റന്‍സും ലഭിക്കും. ഫോണ്‍: 9745479354
അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ ഗവ. വനിതാ ഐടിഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐടിഐ ഡ്രാഫ്റ്റ്മാന് സിവില്‍ കോഴ്സ്, സിവില്‍ എഞ്ചിനീയറിങ്ങ് ഡിപ്ലോമ, ബി ടെക് യോഗ്യതയുള്ളവര്‍ക്ക് നാലുമാസവും പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ആറ് മാസവുമാണ് കോഴ്സ്. ഉദ്യോഗാര്‍ഥികള്‍ക്ക് 9562680168 എന്ന നമ്പറില്‍ ബന്ധപ്പെടാം.
ഗതാഗതം നിരോധിക്കും
എരഞ്ഞോളി നെട്ടൂര്‍ റോഡില്‍ ഇല്ലിക്കുന്ന് മുത്തപ്പന് മഠപ്പുരയ്ക്കും കൊളശ്ശേരി ജംഗ്ഷനും ഇടയില്‍ ഉപരിതല നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് അഞ്ച് മുതല്‍ മെയ് ഏഴ് വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കുമെന്ന് തലശ്ശേരി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴി പോകേണ്ടുന്ന വാഹനങ്ങള്‍ കൊടുവള്ളി വഴിയോ അനുയോജ്യമായ മറ്റ് വഴികളില്‍കൂടിയോ കടന്നുപോകണം.
ടെണ്ടര്‍ ക്ഷണിച്ചു
കണ്ണൂര്‍ ജില്ലാപഞ്ചായത്തിന്റെ ജില്ലാ കൃഷിത്തോട്ടത്തിലെ വിളകള്‍ക്കായി 30 ടണ്‍ ചാണകപ്പൊടി വിതരണം ചെയ്യുന്നതിന് മത്സരസ്വഭാവമുള്ള ടെണ്ടര്‍ ക്ഷണിച്ചു. അപേക്ഷകള്‍ മെയ് 13 ന് രാവിലെ 11 നകം ജില്ലാ കൃഷിത്തോട്ടം സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ ലഭിക്കണം. ഇ മെയില്‍: kannurdaf@gmail.com ഫോണ്‍: 0460 2203154
ക്വട്ടേഷന്‍ ക്ഷണിച്ചു
റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പറേഷന് കണ്ണൂര്‍ പ്രൊജക്റ്റ് ഓഫീസിലേക്ക് കാര്‍ (അഞ്ച് സീറ്റര്‍) വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡ് പ്രൊജക്റ്റ് ഓഫീസ്, എകെജി നഗര്‍ കോളനി, ഇബ്രാഹിംകുട്ടി റോഡ്, സൗത്ത് ബസാര്‍ കണ്ണൂര്‍ – 670002 എന്ന വിലാസത്തില്‍ മെയ് 14 വൈകുന്നേരം മൂന്നിനകം ലഭിക്കണം. ഫോണ്‍: 7034077016, 9447548783
ലേലം
മത്സ്യ കര്‍ഷക വികസന ഏജന്‍സിയുടെ അധീനതയിലുള്ള ബൊലേറോ വാഹനം (2010 മോഡല്‍) മെയ് 12 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മാപ്പിളബേ ഫിഷറീസ് കോംപ്ലക്സിലുള്ള ഫിഷറീസ് ട്രെയിനിങ് സെന്ററില്‍ ലേലം ചെയ്യും. ലേല തീയതി അവധി ദിവസമായി പ്രഖ്യാപിക്കപ്പെട്ടാല്‍ അടുത്ത പ്രവൃത്തി ദിവസം ഇതേ സ്ഥലത്ത് ഇതേ സമയത്ത് ലേലം നടക്കുമെന്ന് മത്സ്യ കര്‍ഷക വികസന ഏജന്‍സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ലേലം
തലശ്ശേരി കുടുംബകോടതിയുടെ വാറണ്ട് പ്രകാരം തിമിരി വില്ലേജ് തലവില്‍ ദേശത്ത് റീ സര്‍വെ നമ്പര്‍ 27/1A1B യില്‍പ്പെട്ട 0.0202 ഹെക്ടര്‍ വസ്തു ജൂണ്‍ 17 രാവിലെ 11.30 ന് തിമിരി വില്ലേജ് ഓഫീസില്‍ പുനര്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ തിമിരി വില്ലേജ് ഓഫീസില്‍ നിന്നോ തളിപ്പറമ്പ് താലൂക്ക് ഓഫീസില്‍ നിന്നോ ലഭിക്കും.

