രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം’ മേളയുടെ ജില്ലാതല ഉദ്ഘാടനം മെയ് എട്ടിന് വൈകീട്ട് നാല് മണിക്ക് കണ്ണൂർ പോലീസ് മൈതാനിയിൽ രജിസ്‌ട്രേഷൻ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. കെ കെ ശൈലജ ടീച്ചർ എംഎൽഎ അധ്യക്ഷയാവും. വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസും കണ്ണൂർ പ്രസ് ക്ലബും ജയിൽ സ്റ്റാഫ് റിക്രിയേഷൻ ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന മിക്‌സഡ് വോളിബോൾ മത്സരം മെയ് ആറിന് വൈകീട്ട് നാല് മണിക്ക് കണ്ണൂർ സെൻട്രൽ ജയിൽ സ്‌റ്റേഡിയത്തിൽ നടക്കും. ജനപ്രതിനിധികൾ, മാധ്യമപ്രവർത്തകർ, ജയിൽ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
വാഹന പരിശോധനയിൽ പെർമിറ്റിൽ അനുവദിച്ച സ്ഥലം മാറി പാർക്ക് ചെയ്ത മൂന്ന് ഓട്ടോറിക്ഷകളും നികുതി, ഫിറ്റ്നസ്, പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ രണ്ട് ഓട്ടോറിക്ഷകളും അനധികൃത ലൈറ്റ് ഘടിപ്പിച്ച ഒരു ഓട്ടോറിക്ഷയും കണ്ടെത്തി 13,500 രൂപ പിഴ ചുമത്തി. നഗരത്തിൽ കാൽനട യാത്രക്കാർക്കും മറ്റ് വാഹന ഉപയോക്താക്കൾക്കും ബുദ്ധിമുട്ടാകുന്ന തരത്തിൽ പാർക്ക് ചെയ്ത വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. നഗരപരിധിയിലെ ഓട്ടോറിക്ഷകളുടെയും മറ്റ് വാഹനങ്ങളുടെയും അനധികൃത പാർക്കിംഗ്, സർവീസ് എന്നിവ സംബന്ധിച്ച് വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിൽ തുടർ ദിവസങ്ങളിലും വാഹന പരിശോധന ശക്തമാക്കുഒ. കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും കുറ്റം ആവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പെർമിറ്റ്, ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും ആർടിഒ ഇ.എസ് ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.
മത്സ്യഫെഡ് ഇൻഷുറൻസ് പദ്ധതി: മെയ് അഞ്ച് വരെ പ്രീമിയം ഒടുക്കാം
2025-26 വർഷത്തേയ്ക്ക് മത്സ്യഫെഡ് നടപ്പിലാക്കുന്ന പത്ത് ലക്ഷം രൂപയുടെ പരിരക്ഷയുള്ള മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി പ്രകാരം മെയ് അഞ്ചിനകം പ്രീമിയം ഒടുക്കി ഗുണഭോക്താക്കളാകാൻ അവസരം. മത്സ്യഫെഡ് അഫിലിയേഷനുള്ള പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളിലെ മത്സ്യത്തൊഴിലാളികൾക്കും സ്വയം സഹായ ഗ്രൂപ്പ് അംഗങ്ങൾക്കും അതത് സംഘങ്ങൾ മുഖേന ഒറ്റത്തവണ പ്രീമിയം തുകയായ 509 രൂപ അടച്ച് പരിരക്ഷ ഉറപ്പാക്കാം. പദ്ധതിയിൽ ഗുണഭോക്താക്കളാകുന്നവർക്ക് അപകട മരണമോ, അപകടത്തെ തുടർന്ന് പൂർണ, ഭാഗിക അംഗവൈകല്യമോ സംഭവിക്കുന്ന പക്ഷം നിബന്ധനകൾക്ക് വിധേയമായി പത്ത് ലക്ഷം രൂപ വരെ ഇൻഷുറൻസ് ആനുകൂല്യം ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് മത്സ്യഫെഡ് ജില്ലാ ഓഫീസ്, ക്ലസ്റ്റർ പ്രൊജക്റ്റ് ഓഫീസ്, പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങൾ എന്നിവിടങ്ങളിൽ ബന്ധപ്പെടാം. ഫോൺ: 9526041270, 9526041123, 0497-2731257
എംബിഎ പ്രവേശനം
പുന്നപ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്റ് ആൻഡ് ടെക്നോളജിയുടെ ദിവത്സര എം.ബി.എ പ്രവേശനത്തിന്റെ ഭാഗമായി മെയ് എട്ടിന് രാവിലെ 10 ന് ഗ്രൂപ്പ് ചർച്ചയും അഭിമുഖവും നടക്കും. 50 ശതമാനം മാർക്കോടെ (എസ്സി/എസ്ടി – 45 ശതമാനം, എസ്ഇബിസി, ഒ.ബി.സി – 48 ശതമാനം) ഡിഗ്രി പാസായവർക്കും അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും കെ-മാറ്റ്, സി-മാറ്റ്, ക്യാറ്റ് ഉള്ളവർക്കും അതിനായി അപേക്ഷ നൽകിയവർക്കും അപേക്ഷിക്കാം. ഫോൺ.0477-2267602, 9188067601, 9946488075, 9747272045
ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് കോഴ്സ്
ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട കോന്നിയിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജിയുടെ ബിഎസ്‌സി, എംഎസ്സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് കോഴ്‌സിന്റെ മാനേജ്‌മെന്റ് ക്വാട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും വിശദവിവരങ്ങളും www.cfrdkerala.com, www. supplycokerala.com വെബ്സൈറ്റുകളിൽ ലഭിക്കും. ഫോൺ: 0468 2240047, 9846585609, 8281486120, 9562147793
രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ പ്രാദേശിക വികസന നിധിയിൽ നിന്നും ഭിന്നശേഷിക്കാർക്ക് ഇലക്ട്രോണിക് വീൽചെയറിന് അപേക്ഷിക്കാം. കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ്, കല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ്, ചെറുതാഴം ഗ്രാമപഞ്ചായത്തിലെ 16ാം വാർഡ്, മാടായി ഗ്രാമപഞ്ചായത്തിലെ 20ാം വാർഡ് എന്നിവിടങ്ങളിലെ 40 ശതമാനമോ അതിൽ കൂടുതലോ വൈകല്യമുള്ള ഭിന്നശേഷിക്കാർക്കാണ് അർഹത. എഴുതി തയ്യാറാക്കിയ അപേക്ഷയോടോപ്പം ഭിന്നശേഷി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ ഇലക്ട്രോണിക് വീൽചെയർ ലഭിച്ചിട്ടില്ലെന്ന ശിശു വികസന പദ്ധതി ഓഫീസറുടെ സാക്ഷ്യപത്രവും സഹിതം മെയ് പത്തിന് വൈകുന്നേരം അഞ്ചിനകം കണ്ണൂർ ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ എത്തിക്കണം. ഫോൺ: 8281999015
അങ്കണവാടി ഹെൽപ്പർ/വർക്കർ നിയമനം
എളയാവൂർ സൗത്ത് (സെന്റർ നമ്പർ 38), കീഴ്ത്തള്ളി (സെന്റർ നമ്പർ 34), വാണീവിലാസം (സെന്റർ നമ്പർ 45) അങ്കണവാടികളിൽ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് സെന്ററുകളിലെ ഹെൽപർ, വർക്കർ തസ്തികകളിലേക്ക് 18 നും 35നും ഇടയിൽ പ്രായമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ളവർക്ക് വർക്കർ തസ്തികയിലേക്കും എസ്എസ്എൽസി പാസായവർക്ക് ഹെൽപ്പർ വിഭാഗത്തിലും മെയ് 12 വരെ അപേക്ഷിക്കാം. സെന്റർ നമ്പർ 38, 34, 45 ലേക്ക് അപേക്ഷിക്കുന്നവർ യഥാക്രമം എളയാവൂർ സോണൽ ഡിവിഷൻ 29, 22, 23 ലെ സ്ഥിരതാമസക്കാരായിരിക്കണം. അപേക്ഷാഫോറം നടാൽ പഴയബ്ലോക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന ശിശുവികസന ഓഫീസിൽ ലഭിക്കും. ഫോൺ: 9567987118
കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനം
കണ്ണപുരം ഗ്രാമപഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. വുമൺ സ്റ്റഡീസ്, ജെന്റർ സ്റ്റഡീസ്, സൈക്കോളജി, എംഎസ്ഡബ്ല്യു, സോഷ്യോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ മെയ് 13 ന് രാവിലെ പത്തിന് അഭിമുഖത്തിനായി കണ്ണപുരം ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തണം. ഫോൺ: 04972860234
ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് ഒഴിവ്
കണ്ണൂർ ജില്ലാപഞ്ചായത്തിൽ ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. അപേക്ഷകർ ബയോഡാറ്റ സഹിതം മെയ് അഞ്ചിന് രാവിലെ 11 ന് ജില്ലാപഞ്ചായത്ത് ഓഫീസിൽ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.
യുജിസി നെറ്റ് പരീക്ഷാ പരിശീലനം
മാനവിക വിഷയങ്ങളിൽ യുജിസി നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി കണ്ണൂർ യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ പരിശീലനം നൽകുന്നു. ജനറൽ പേപ്പറിനായി മെയ് മാസത്തിൽ ആരംഭിക്കുന്ന 12 ദിവസത്തെ പരിശീലന പരിപാടിയിലെ ബാക്കിയുള്ള സീറ്റുകളിലേക്ക് രജിസ്ട്രേഷൻ തുടരുന്നു. താൽപര്യമുള്ളവർ കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ താവക്കര ആസ്ഥാന മന്ദിരത്തിൽ പ്രവർത്തിക്കുന്ന എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 04972703130
അഭിമുഖം മെയ് എട്ടിന്
ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ കേരളയിലെ ഐ സി എം ആർ റിസർച്ചിലേക്ക് പ്രൊജക്ട് നഴ്സിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. മൂന്ന് വർഷ ജി.എൻ.എം, ബി.എസ്‌സി നഴ്സിംഗ് എന്നിവയിൽ സെക്കന്റ് ക്ലാസോ പബ്ലിക് ഹെൽത്ത് റിസർച്ചിൽ മുൻപരിചയമുള്ളവർക്കോ അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. ഉദ്യോഗാർഥികൾ മെയ് എട്ടിന് രാവിലെ 11 ന് തൈക്കാട് സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററിൽ അഭിമുഖത്തിന് എത്തണം. വെബ്സൈറ്റ്: www.shsrc.kerala.gov.in
അസി. പ്രൊഫസർ നിയമനം
ഏഴോം നെരുവമ്പ്രം ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ അധ്യാപകരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ പിജിയും യു.ജി.സി നെറ്റുമാണ് യോഗ്യത. മെയ് 12 ന് രാവിലെ 10 ന് കൊമേഴ്സ്, ഉച്ചയ്ക്ക് രണ്ടിന് മാത്തമാറ്റിക്സ്, ഹിന്ദി, മെയ് 13 ന് ഉച്ചയ്ക്ക് രണ്ടിന് മലയാളം, ഇലക്ട്രോണിക്സ്, മെയ് 14 ന് രാവിലെ 10 ന് ഇംഗ്ലീഷ്, ജേണലിസം, മെയ് 15 ന് രാവിലെ 10 ന് കമ്പ്യൂട്ടർ സയൻസ്, മെയ് 15 ന് രാവിലെ 11 ന് കമ്പ്യൂട്ടർ പ്രോഗ്രാമർ (ഒന്നാം ക്ലാസ് പിജിഡിസിഎ/ബിഎസ് സി കമ്പ്യൂട്ടർ സയൻസ് ബിരുദം) എന്നീ വിഷയങ്ങളുടെ അഭിമുഖം നടക്കും. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ കോപ്പിയും സഹിതം എത്തേണ്ടതാണ്. ഫോൺ: 8547005059, 9446867800
ക്വട്ടേഷൻ ക്ഷണിച്ചു
കുടുംബശ്രീയുടെ നേതൃത്വത്തിൽ പാഠപുസ്തകം കയറ്റുമതി ചെയ്ത് വിവിധ സ്‌കൂൾ സൊസൈറ്റികളിൽ എത്തിക്കുന്നതിന് വാഹന ക്വട്ടേഷൻ ക്ഷണിച്ചു. മെയ് ഒമ്പത് വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് കുടുംബശ്രീ ജില്ലാമിഷൻ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0497 2702080
