കണ്ണൂരിൽ SFI യൂണിറ്റ് സെക്രട്ടറിയെ മർദ്ദിച്ച് SFI ഏരിയ കമ്മിറ്റി അംഗങ്ങൾ, ഫണ്ട് കിട്ടാത്തതിനാണ് യൂണിറ്റ് സെക്രട്ടറിക്ക് നേരെ മർദ്ദനം ഉണ്ടായത്.കഴിഞ്ഞ ദിവസം പയ്യന്നൂർ നെസ്റ്റ് കോളേജിലാണ് സംഭവം നടന്നത്. യൂണിറ്റ് സെക്രട്ടറി അക്ഷയ് മോഹനാണ് മർദ്ദനമേറ്റത്. കോളേജ് യൂണിയൻ ഫണ്ടിൽ നിന്നും ഒരു ഭാഗം ഏരിയാ കമ്മിറ്റിക്ക് നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ നൽകാൻ തയ്യാറാകാത്തതാണ് മർദ്ദനത്തിന് കാരണമെന്ന് പറയുന്നു. യൂണിറ്റ് കമ്മിറ്റി യോഗത്തിൽ നിന്നും പുറത്തിറക്കിയാണ് യൂണിറ്റ് സെക്രട്ടറിയെ വരാന്തയിലിട്ട് മർദ്ദിച്ചത്.

ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് പുറത്തെത്തിയപ്പോഴും ഏരിയാ നേതാക്കൾ വളഞ്ഞിട്ട് മർദ്ദിച്ചതായാണ് ആരോപണം. മർദ്ദിക്കുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കോളേജ് മാനേജ്മെന്റ് ചെയർമാന് നേരെയും എസ്എഫ്ഐ നേതാക്കളുടെ കയ്യേറ്റമുണ്ടായെന്ന് പരാതിയുണ്ട്. ചെയർമാനെ അസഭ്യം പറയുകയും ചെയ്തുവെന്ന് പറയുന്നു. അതേസമയം മർദ്ദന വിവരങ്ങൾ പുറത്തുവന്നതോടെ വിഷയം ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയാണ് സിപിഎം നേതൃത്വം. സിപിഎം ഏരിയാ നേതാക്കൾ ഇടപെട്ട് മധ്യസ്ഥത്തിന് ശ്രമം നടത്തിവരികയാണ്. ഇതിന്റെ ഭാഗമായിഇന്ന് പെരളം ലോക്കൽ കമ്മിറ്റി ഓഫീസിൽ മധ്യസ്ഥ ചർച്ച നടക്കും.
