ലോട്ടറി അടിച്ച സന്തോഷത്തില്‍ സുഹൃത്തുക്കള്‍ക്ക് പാര്‍ട്ടി നല്‍കുന്നതിനിടെ തലയ്ക്കടിയേറ്റ് യുവാവ് ഗുരുതരാവസ്ഥയില്‍. കായലോട് കുണ്ടല്‍കുളങ്ങര സ്വദേശി കെ ശ്രീജേഷ് (42) നാണ് തലയ്ക്ക് അടിയേറ്റത്. യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.ഡിസംബര്‍ 27നാണ് സുഹൃത്തുക്കളെ കാണാനായി യുവാവ് വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും മകനെ കാണാതായതോടെ കുടുംബം അന്വേഷിറങ്ങുകയായിരുന്നു. കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ല. പിന്നീട് അയല്‍വാസികള്‍ സംഭവം കുടുംബത്തെ അറിയിക്കുകയായിരുന്നു.
ലോട്ടറിയടിച്ചതിന്റെ സന്തോഷത്തില്‍ സുഹൃത്തുക്കള്‍ക്ക് പാര്‍ട്ടി നല്‍കുന്നതിനിടെ അടിയേറ്റാണ് ശ്രീജേഷിന് പരിക്കേറ്റതെന്ന് ബന്ധുക്കള്‍ പറയുന്നു. പരാതി നല്‍കി രണ്ടാഴ്ച കഴിഞ്ഞിട്ടും കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു.വീണുകിടക്കുന്നതു കണ്ട് രണ്ട് സുഹൃത്തുക്കളാണ് ശ്രീജേഷിനെ പിണറായി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചതെന്നും സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ലെന്നുമാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
