പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ വിദേശ തൊഴിൽ വായ്പാ പദ്ധതി
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ പട്ടികജാതി വികസന വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന വിദേശ തൊഴിൽ പദ്ധതിയിൽ പരിഗണിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികജാതിയിൽപ്പെട്ട അഭ്യസ്തവിദ്യരായ തൊഴിൽരഹിതരും ഏതെങ്കിലും വിദേശ രാജ്യത്തെ അംഗീകൃത തൊഴിൽ ദാതാവിൽ നിന്നും തൊഴിൽ നൽകുന്നതിന് ഓഫർ ലെറ്റർ ലഭിച്ചവരുമാകണം. നോർക്ക റൂട്ട്‌സ്, ഒഡേപെക് സ്ഥാപനങ്ങൾ സ്‌പോൺസർ ചെയ്യുന്ന അപേക്ഷകർക്ക് പദ്ധതിയിൽ മുൻഗണന നൽകും. അപേക്ഷകർ 18നും 55നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. കുടുംബ വാർഷിക വരുമാനം 3,50,000 രൂപയിൽ കൂടരുത്. പദ്ധതിയുടെ പരമാവധി വായ്പാ തുക രണ്ടു ലക്ഷം രൂപയാണ്. അതിൽ ഒരു ലക്ഷം രൂപ വരെ അർഹരായവർക്ക് പട്ടികജാതി വികസന വകുപ്പ് അനുവദിച്ച തുകയിൽ നിന്നും സബ്സിഡിയായി അനുവദിക്കും. അമ്പത് വയസ്സ് കവിയാത്തവരും രണ്ടര ലക്ഷം രൂപയ്ക്കുള്ളിൽ കുടുംബ വാർഷിക വരുമാനമുള്ളവരുമായ അപേക്ഷകർക്ക് മാത്രമേ സബ്സിഡിക്ക് അർഹതയുണ്ടാകൂ. വായ്പയുടെ പലിശനിരക്ക് ആറു ശതമാനവും തിരിച്ചടവ് കാലയളവ് മൂന്നു വർഷവുമാണ്. അപേക്ഷകർക്ക് വിദേശത്ത് തൊഴിൽ ചെയ്യുന്നതിനുള്ള വർക്ക് എഗ്രിമെന്റ്, വീസ, പാസ്‌പോർട്ട്, എമിഗ്രേഷൻ സർട്ടിഫിക്കറ്റ് (ആവശ്യമെങ്കിൽ) എന്നിവ ലഭിച്ചിരിക്കണം. താൽപ്പര്യമുള്ള അപേക്ഷകർ അപേക്ഷാ ഫോറത്തിനും വിവരങ്ങൾക്കുമായി കോർപ്പറേഷന്റെ അതതു ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.
ക്ഷേമനിധി സെക്രട്ടറി 12ന് ക്യാമ്പ് ചെയ്യും
മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി ക്ഷേത്ര വിഹിതം, കുടിശ്ശിക പിരിവ് നടത്തുന്നതിന് കണ്ണൂർ പിള്ളയാർ കോവിൽ ക്ഷേത്രത്തിൽ ഫെബ്രുവരി 12 ന് രാവിലെ 10 മുതൽ ക്ഷേമനിധി സെക്രട്ടറി ക്യാമ്പ് ചെയ്യും. ബോർഡിനു കീഴിൽ കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ്, ഇരിട്ടി താലൂക്കുകളിലെ ക്ഷേത്രഭാരവാഹികൾ ക്ഷേമനിധി അടയ്ക്കണം. ക്ഷേമനിധിയിൽ അംഗത്വമെടുക്കാനായി ക്ഷേത്രജീവനക്കാർക്ക് അപേക്ഷ, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ജനനതീയതി തെളിയിക്കുന്നതിനുള്ള രേഖ, ശമ്പള പട്ടിക പകർപ്പ് എന്നിവ സഹിതം സമർപ്പിക്കാം. ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടക്കുന്നതിന് ശമ്പള പട്ടികയുടെ പകർപ്പ് ഹാജരാക്കണം. ബോർഡിന്റെ അംഗീകാരം ലഭിച്ച് ഒരു വർഷത്തിനകം ക്ഷേമനിധി അംഗത്വത്തിനായി അപേക്ഷിക്കാത്ത ജീവനക്കാരുടെ അംഗത്വം അനുവദിക്കില്ലെന്നും സെക്രട്ടറി അറിയിച്ചു. ഫോൺ: 0495 2360720
ജൈവ വൈവിധ്യ കോൺഗ്രസ്: മൽസരങ്ങൾ ഏപ്രിലിൽ
17ാമത് കുട്ടികളുടെ ജൈവ വൈവിധ്യ കോൺഗ്രസിനോടനുബന്ധിച്ച് സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ഫെബ്രുവരി 15ന് നടത്താനിരുന്ന മൽസരങ്ങൾ ഏപ്രിൽ മാസത്തിലേക്ക് മാറ്റി വെച്ചു. ഫെബ്രുവരി 28 വരെ അപേക്ഷകൾ നൽകാം. ഫോൺ: 9567553557
സി ഡിറ്റിൽ മാധ്യമ കോഴ്‌സ് അപേക്ഷ ക്ഷണിച്ചു
ഡി-ഡിറ്റ് തിരുവനന്തപുരം ഹെഡ് ഓഫീസിൽ ആരംഭിച്ച ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ (ഡിഡിഎംപി) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറു മാസത്തെ കോഴ്സിന് പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വെബ്‌സൈറ്റ്: https://mediastudies.cdit.org ഫോൺ : 8547720167
ടെണ്ടർ ക്ഷണിച്ചു
ഇരിട്ടി അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിന് കീഴിലെ 104 അങ്കണവാടികൾക്ക് 2024-2025 വർഷത്തേക്ക് ഇരിട്ടി ബ്ലോക്കുതല പ്രൊക്യുർമെന്റ് കമ്മിറ്റിയുടെ അനുമതിയോടെ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ജി എസ് ടി രജിസ്ട്രേഷനുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ഫെബ്രുവരി 12ന് ഉച്ചയ്ക്ക് 12 വരെ ടെണ്ടറുകൾ സ്വീകരിക്കും. ഫോൺ : 049502471420
ലേലം
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്, പയ്യന്നൂരിന്റെ സിഎംപി 2979/2021 നമ്പർ വാറണ്ട് പ്രകാരമുള്ള കുടിശ്ശിക വസൂലാക്കുന്നതിന് ഏഴോം വില്ലേജ്, ദേശം റീ സർവെ നമ്പർ.145/105(145/16) 0.0486 ഹെക്ടർ ഭൂമി ഫെബ്രുവരി 17 ന് രാവിലെ 11.30 ന് പയ്യന്നൂർ താലൂക്കിലെ ഏഴോം വില്ലേജ് ഓഫീസിൽ പരസ്യ ലേലം ചെയ്ത് വിൽക്കും. ഫോൺ : 04985 294844
ലേലം
കണ്ണൂർ ഡയറ്റിന്റെ കീഴിലുള്ള ഫലവൃക്ഷങ്ങളിൽ നിന്നും 2025 ഫെബ്രുവരി 28 മുതൽ 2026 ഫെബ്രുവരി 28 വരെ പുളി, ഞാവൽ, കശുവണ്ടി, മാങ്ങ, തേങ്ങ എന്നിവ ശേഖരിക്കുന്നതിനുള്ള ലേല നടപടികൾ ഫെബ്രുവരി 14 ന് ഉച്ചക്ക് മൂന്നിന് പാലയാടുള്ള ഡയറ്റ് ഓഫീസിൽ നടത്തും. ഫോൺ : 0490 2346658, 9400555320
ടെണ്ടർ ക്ഷണിച്ചു
പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ സ്റ്റാർസ് 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി കോട്ടയം മലബാർ ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ ജിയോളജി ലാബ് ക്രമീകരിക്കുന്നതിന് ആവശ്യമായ ഗുണനിലവാരമുള്ള സാധന സാമഗ്രികൾ മുഴുവനായോ ഭാഗികമായോ വിതരണം ചെയ്യാൻ തയ്യാറുള്ള അംഗീകൃത ഏജൻസി/സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ഫെബ്രുവരി 21ന് ഉച്ചയ്ക്ക് രണ്ട് വരെ ടെണ്ടറുകൾ സ്വീകരിക്കും. ഫോൺ : 9947509710
പരിയാരം സർക്കാർ ആയുർവേദ കോളേജിൽ സൗജന്യ ചികിത്സ
പരിയാരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി ശല്യതന്ത്ര വിഭാഗത്തിൽ കാൽമുട്ടിന് ക്ഷതം മൂലമുണ്ടായ മെനിസ്‌കൽ പരിക്കുകൾക്ക് സൗജന്യ നിരക്കിൽ കിടത്തി ചികിത്സ ഗവേഷണ അടിസ്ഥാനത്തിൽ ലഭ്യമാക്കുന്നു. കൂടാതെ, കഴുത്ത് വേദന, വൈറ്റമിൻ ഡി ന്യൂനത, ട്രൈ ഗ്ലിസറൈഡ് ആധിക്യം, തൊലിപ്പുറമേ ചൊറിഞ്ഞ് തടിപ്പ്, ദശ വളർച്ച മൂലമുള്ള മൂക്കടപ്പ് രോഗങ്ങൾക്ക് രോഗനിദാന വിഭാഗം ഒ പിയിൽ രാവിലെ എട്ട് മുതൽ ഒരു മണി വരെ പ്രത്യേക ചികിത്സ യൂണിറ്റുകളും പ്രവർത്തിക്കുന്നു. ഫോൺ: ശല്യതന്ത്ര വിഭാഗം 9744894829, (രോഗനിദാന വിഭാഗം 9645387314, 9497702754
വാക്ക് ഇൻ ഇൻർവ്യൂ
പേരാവൂർ താലൂക്ക് ആശുപത്രിയിൽ എച്ച്എംസി മുഖേന ദിവസവേതനാടിസ്ഥാനത്തിൽ ഇസിജി ടെക്‌നീഷ്യനെ നിയമിക്കുന്നു. അപേക്ഷകർക്ക് പി എസ് സി നിർദേശിക്കുന്ന പ്രായവും യോഗ്യതയും ഉണ്ടായിരിക്കണം. ആശുപത്രിയിൽ ജോലി പരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റും പകർപ്പുമായി ഫെബ്രുവരി 15 ന് ഉച്ചക്ക് രണ്ടിന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഇന്റർവ്യൂവിന് എത്തണം. ഫോൺ: 0490 2445355

