Home News വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

by Sayana k
0 comments

വാർഡ് പുനർവിഭജനം: ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിംഗ് ബുധനാഴ്ച

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാർഡ് പുനർവിഭജനവുമായി ബന്ധപ്പെട്ട ഡീലിമിറ്റേഷൻ കമ്മീഷൻ ബുധനാഴ്ച കണ്ണൂരിൽ ഹിയറിങ്ങ് നടത്തും. 76 തദ്ദേശ സ്ഥാപനങ്ങളിൽനിന്നായി 1379 പരാതികൾ പരിഗണിക്കും. രാവിലെ ഒമ്പത് മുതൽ കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിലാണ് ഹിയറിംഗ്. കരട് വാർഡ്/നിയോജകമണ്ഡല വിഭജന നിർദേശങ്ങളിന്മേൽ നിശ്ചിത സമയ പരിധിക്ക് മുമ്പായി ആക്ഷേപങ്ങൾ/അഭിപ്രായങ്ങൾ സമർപ്പിച്ചവരെ മാത്രമേ പങ്കെടുക്കാൻ അനുവദിക്കൂ. മാസ് പെറ്റീഷൻ നൽകിയവരിൽ നിന്നും ഒരു പ്രതിനിധിക്ക് പങ്കെടുക്കാം. പരാതിക്കാർ സെക്രട്ടറി മുഖേന നൽകിയ നോട്ടീസ് അല്ലെങ്കിൽ അപേക്ഷയുടെ നൽകിയ രശീതി കൊണ്ടുവരേണ്ടതാണ്.
പയ്യന്നൂർ, തളിപ്പറമ്പ്, പേരാവൂർ ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ, പയ്യന്നൂർ, തളിപ്പറമ്പ്, ആന്തൂർ നഗരസഭകൾ എന്നിവയ്ക്ക് രാവിലെ ഒൻപത് മണിക്കാണ് ഹിയറിംഗ്. ആകെ പരാതികൾ 469. കല്ല്യാശ്ശേരി, പാനൂർ, ഇരിക്കൂർ, കണ്ണൂർ, കൂത്തുപറമ്പ്, ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ, കണ്ണൂർ കോർപ്പറേഷൻ, കൂത്തൂപറമ്പ് നഗരസഭ എന്നിവയ്ക്ക് രാവിലെ 11 മണിക്കാണ് ഹിയറിംഗ്. ആകെ 444 പരാതികൾ. എടക്കാട്, തലശ്ശേരി, ഇരിട്ടി ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകൾ, തലശ്ശേരി, ഇരിട്ടി നഗരസഭകൾ എന്നിവയ്ക്ക് ഉച്ച രണ്ട് മണിക്കാണ് ഹിയറിംഗ്. ആകെ പരാതികൾ 466.

ആറ്റുകാൽ പൊങ്കാല: സ്‌പെഷൽ ട്രിപ്പുമായി കെഎസ്ആർടിസി

മാർച്ച് 13ന് നടക്കുന്ന ആറ്റുകാൽ പൊങ്കാല സമർപ്പണത്തിന് സ്‌പെഷ്യൽ ട്രിപ്പ് ഒരുക്കി തലശ്ശേരി കെഎസ്ആർടിസി. തലശ്ശേരി ബജറ്റ് ടൂറിസം സെല്ലിന്റെ കീഴിൽ മാർച്ച് 11ന് രാത്രി പുറപ്പെട്ട് മാർച്ച് 14ന് രാവിലെ തിരിച്ചെത്തുന്ന രൂപത്തിലാണ് യാത്ര. കൂടാതെ ഫെബ്രുവരി 14ന് വൈകുന്നേരം ഏഴുമണിക്ക് തലശ്ശേരിയിൽ നിന്ന് പുറപ്പെട്ട് ഫെബ്രുവരി 17ന് രാവിലെ തിരിച്ചെത്തുന്ന മൂന്നാർ ട്രിപ്പും ഫെബ്രുവരി 16ന് രാവിലെ ഏഴുമണിക്ക്  പുറപ്പെട്ട് 17ന് പുലർച്ചെ അഞ്ചുമണിക്ക് തലശ്ശേരിയിൽ തിരിച്ചെത്തുന്ന വയനാട് ജംഗിൾ സഫാരി ട്രിപ്പും ഫെബ്രുവരി 28ന് വൈകുന്നേരം അഞ്ചുമണിക്ക് പുറപ്പെട്ട് മാർച്ച് മൂന്നിന് രാവിലെ ആറുമണിക്ക് തലശ്ശേരിയിൽ എത്തുന്ന ഗവി ട്രിപ്പുമാണ് മറ്റു പ്രധാനപ്പെട്ട ടൂർ പാക്കേജുകൾ. ഫോൺ: 9497879962

വില വിവര പട്ടിക പ്രദർശിപ്പിക്കണം

കണ്ണൂർ താലൂക്കിന്റെ കീഴിലുള്ള ഹോട്ടൽ ഉൾപ്പെടെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളിലും വില വിവര പട്ടിക അതത് ദിവസം പ്രദർശിപ്പിക്കേണ്ടതാണെന്ന് കണ്ണൂർ താലൂക്ക് വികസന സമിതി കൺവീനറായ തഹസിൽദാർ അറിയിച്ചു. അല്ലാത്ത പക്ഷം നടപടി സ്വീകരിക്കുന്നതിന് സിവിൽ സപ്ലൈസ് ഓഫീസ്, ലീഗൽ മെട്രോളജി, ഫുഡ് സേഫ്റ്റി വകുപ്പുകളെ വികസന സമിതി ചുമതലപ്പെടുത്തി.

ജലഗതാഗത വകുപ്പിൽ ബോട്ട് മാസ്റ്റർ നിയമനം

ജലഗതാഗത വകുപ്പിന്റെ കീഴിൽ ജില്ലയിൽ ബോട്ട് മാസ്റ്റർ തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി പാസായ ബോട്ട് മാസ്റ്റേഴ്‌സ് ലൈസൻസ് അല്ലെങ്കിൽ രണ്ടാം ക്ലാസ് മാസ്റ്റർ ലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. 18-41 വയസാണ് പ്രായപരിധി. 27900-63700 രൂപ ആണ് ശമ്പളം. നിശ്ചിത യോഗ്യതയുള്ളവർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഫെബ്രുവരി 18നകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.

മിച്ചഭൂമി പതിച്ച് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു

കേരള ഭൂപരിഷ്‌കരണ നിയമ പ്രകാരം മിച്ചഭൂമിയെന്ന നിലയിൽ സർക്കാർ ഏറ്റെടുത്ത പയ്യന്നൂർ താലൂക്കിലെ ആലപ്പടമ്പ് വില്ലേജ് കുറുവേലി ദേശത്ത് റീസർവെ നമ്പർ 53/1 (പഴയത് 1/1) ൽപ്പെട്ട 0.8600 ഹെക്ടർ ഭൂമി അർഹരായവർക്ക് പതിച്ച് കൊടുക്കുന്നതിന് ജില്ലാ കളക്ടർ അപേക്ഷ ക്ഷണിച്ചു.  അപേക്ഷകൾ കേരള ഭൂപരിഷ്‌കരണ നിയമത്തിലെ 17ാം നമ്പർ ഫോറത്തിൽ സമർപ്പിക്കണം. കോർട്ട് ഫീ സ്റ്റാമ്പ് പതിക്കേണ്ടതില്ല. ഭൂരഹിതരായ കർഷക തൊഴിലാളികൾക്ക് മാത്രമേ ഭൂമി പതിച്ച് കൊടുക്കൂ. അപേക്ഷയിൽ ജില്ലാ കലക്ടറുടെ വിജ്ഞാപനത്തിന്റെ നമ്പർ   ഡി.സി.കെ.എൻ.ആർ/787/2025 ബി1(DCKNR/787/2025B1) എന്ന് രേഖപ്പെടുത്തി ഫെബ്രുവരി 28 ന് മുമ്പായി കലക്ടർക്ക് കിട്ടത്തക്കവിധത്തിൽ അയക്കണം. ഭൂമി സംബന്ധിച്ച വിവരങ്ങൾ പയ്യന്നൂർ തഹസിൽദാരിൽ നിന്നോ ആലപ്പടമ്പ് വില്ലേജ് ഓഫീസിൽ നിന്നോ അറിയാം. ഫോൺ : 0497-2700645

കുടിവെള്ള കുടിശ്ശിക റവന്യൂ റിക്കവറി അദാലത്ത്

കുടിവെള്ള ചാർജ്ജ് കുടിശ്ശിക വന്ന് കണക്ഷൻ വിച്ചേദിക്കപ്പെട്ട ശേഷം ജപ്തി നടപടികൾ നേരിടുന്ന ഉപഭോക്താക്കൾക്കായി റവന്യൂ റിക്കവറി അദാലത്ത് ഫെബ്രുവരി 17ന് രാവിലെ പത്ത് മുതൽ താലൂക്ക് കോൺഫറൻസ് ഹാളിൽ നടത്തും. കണ്ണൂർ സെക്ഷൻ പരിധിയിൽ വരുന്ന അഴീക്കോട് നോർത്ത്, അഴീക്കോട് സൗത്ത്, എളയാവൂർ, എടക്കാട്, പള്ളിക്കുന്ന്, പുഴാതി, കണ്ണൂർ-1, കണ്ണൂർ-2, വളപട്ടണം, ചിറക്കൽ, പെരളശ്ശേരി സെക്ഷൻ പരിധിയിൽ വരുന്ന അഞ്ചരക്കണ്ടി, മുഴപ്പിലങ്ങാട്, പെരളശ്ശേരി, ചെമ്പിലോട്, കടമ്പൂർ, മട്ടന്നൂർ സെക്ഷൻ പരിധിയിൽ വരുന്ന നാറാത്ത്, മുണ്ടേരി എന്നീ വില്ലേജുകളിലെ ഉപഭോക്താക്കൾക്ക് പങ്കെടുക്കാം. ഫോൺ: 0497270683

ലേലം

കോടതിപ്പിഴ ഇനത്തിൽ കുടിശ്ശിക തുക ഈടാക്കുന്നതിന് ആർ ആർ പ്രകാരം ജപ്തി ചെയ്ത അയ്യൻകുന്ന് അംശം ദേശത്ത് പ്രൊവിഷണൽ സർവെ നമ്പർ 852/120 ൽപ്പെട്ട 0.0401 ഹെക്ടർ ഭൂമിയും അതിലെ സകലതും ഫെബ്രുവരി 27 ന് രാവിലെ 11.30 ന് അയ്യൻകുന്ന് വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്ത് വിൽക്കും.  ഫോൺ : 0490 2494910

സുരക്ഷിത ഇന്റർനെറ്റ് ദിനാഘോഷം നടത്തി

സുരക്ഷിത ഇന്റർനെറ്റ് ദിനാഘോഷം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉദ്ഘാടനം ചെയ്തു. ഇന്റർനെറ്റ് ഉപയോഗം, സുരക്ഷ, പൊതു അവബോധം എന്നിവ സംബന്ധിച്ച പ്രാധാന്യം കളക്ടർ ചൂണ്ടിക്കാട്ടി. ഡിജിറ്റൽ അറസ്റ്റ് പോലെയുള്ള കെണികൾ, ഉദ്യോഗസ്ഥർ പാസ്വേർഡുകൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ സംബന്ധിച്ചുള്ള  അവബോധവും  നടത്തി.
ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ കെ വി റിജിഷ അധ്യക്ഷയായി. ഐടി മിഷൻ ജില്ലാ പ്രോജക്ട് മാനേജർ സിഎം മിഥുൻ കൃഷ്ണ സംസാരിച്ചു. സൈബർ സെല്ലിലെ ബി അനൂപ് ബി ക്ലാസെടുത്തു.

സംസ്ഥാനത്തിന് പുറത്തേക്ക് വിറക് കൊണ്ടുപോവുന്നതിനുള്ള നിയന്ത്രണം നടപ്പിലാക്കും: മന്ത്രി

2008ലെ ഉത്തരവ് പ്രകാരം വിറക് ഇനത്തിൽ 15 ഇനങ്ങൾ ഒഴികെയുള്ളവ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോവുന്നതിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇത് നടപ്പിലാക്കാൻ നിർദേശം നൽകിയതായും വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ കെ വി സുമേഷ് എംഎൽഎയുടെ സബ്മിഷന് മറുപടിയായി അറിയിച്ചു. വിറകുകൾ അയൽ സംസ്ഥാനത്തേക്ക് കൊണ്ടുപോവുന്നത് തടയാത്തതിനാൽ പ്ലൈവുഡ് വ്യവസായത്തിന് അസംസ്‌കൃത ഉൽപന്നങ്ങൾ ലഭ്യമാവുന്നില്ലെന്നാണ് എംഎൽഎ ഉന്നയിച്ചത്.
1984ലെ ഓർഡിനൻസ് പ്രകാരം നിലവിൽ വന്ന 1985ലെ ഉത്തരവ് പ്രകാരം സംസ്ഥാനത്തിന് പുറത്തേക്ക് വിറക് കൊണ്ടുപോവുന്നത് വിലക്കിയിരുന്നെങ്കിലും നിലവിൽ ഈ ഉത്തരവ് പ്രാബല്ല്യത്തിൽ ഇല്ലെന്ന് മന്ത്രി പറഞ്ഞു. എന്നാൽ, മാർച്ച് 11ന് പ്രാബല്യത്തിൽ വരത്തക്ക വിധം നിലവിൽവന്ന 1986ലെ കേരള എസൻഷ്യൽ ആർട്ടിക്കിൾ (കൺട്രോൾ) ആക്ടിന് കീഴിൽ വിജ്ഞാപനം ചെയ്ത പട്ടികയിൽ 2008ലെ സർക്കാർ ഉത്തരവ് പ്രകാരം നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. വ്യവസായ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടെങ്കിൽ അത് പരിശോധിച്ച് വ്യവസായ മന്ത്രിയെ കൂടി ഉൾപ്പെടുത്തി ചർച്ച നടത്തി ജനങ്ങൾക്ക് ആശ്വാസകരമായ രീതിയിൽ ആവശ്യമായ ഉത്തരവ് നൽകാൻ സർക്കാർ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

നാഷണൻ ട്രസ്റ്റ് ആക്ട് ഹിയറിംഗിൽ 68 പരാതികൾ പരിഗണിച്ചു

ഭിന്നശേഷിക്കാർക്കായി നടന്ന നാഷണൻ ട്രസ്റ്റ് ആക്ട് ഹിയറിംഗിൽ 68 പരാതികൾ പരിഗണിച്ചു.  നിയമപരമായി 40 പേർക്ക് രക്ഷാകർതൃ സർട്ടിഫിക്കറ്റ് നൽകുന്നതിന് അനുമതിയായി. കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടത്തിയ ഹിയറിംഗിൽ 68 അപേക്ഷകളാണ് പരിഗണിച്ചത്. ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിവൈകല്യം, ബഹുമുഖ വൈകല്യം എന്നീ വിഭാഗങ്ങളിൽപെട്ടവർക്കുവേണ്ടിയുള്ള അപേക്ഷകളാണ് പരിഗണിച്ചത്.
വസ്തുസംബന്ധമായ കേസുകൾ, ഭിന്നശേഷിക്കാരുടെ അവകാശം നിഷേധിക്കൽ തുടങ്ങിയ 28 പരാതികളും സിറ്റിങ്ങിൽ പരിഗണിച്ചു. കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ഹിയറിംഗിൽ എഡിഎം സി. പദ്മചന്ദ്രക്കുറുപ്പ്, എൽ.എൽ.സി ജില്ലാ കൺവീനർ പി കെ എം സിറാജ് , ജില്ലാ ലോ ഓഫീസർ എ രാജ്, ഡോ. പി ഡി ബെന്നി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ആചാരസ്ഥാനികരുടെയും കോലധാരികളുടെയും പ്രതിമാസ ധനസഹായം

മലബാർ ദേവസ്വം ബോർഡ് കാസർകോട് ഡിവിഷനിൽ നിന്നും ധനസഹായം കൈപ്പറ്റുന്ന ആചാരസ്ഥാനികർ/കോലധാരികൾ എന്നിവർക്ക് 2024 ഏപ്രിൽ മാസം മുതൽ 2024 ഡിസംബർ മാസം വരെയുള്ള വേതനം ലഭിക്കുന്നതിനായി മലബാർ ദേവസ്വം ബോർഡിന്റെ നീലേശ്വരത്തുള്ള കാസർകോട് ഡിവിഷൻ ഓഫീസിൽ ഫെബ്രുവരി 28 ന് മുമ്പായി നേരിട്ട് ഹാജരാകണം. ക്ഷേത്ര ഭരണാധികാരികളുടെ സാക്ഷ്യപത്രം, മലബാർ ദേവസ്വം ബോർഡിൽ നിന്നും അനുവദിച്ച ഐഡന്റിറ്റി കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, മൊബൈൽ നമ്പർ എന്നിവയും ഹാജരാക്കണം. നേരിട്ട് ഹാജരാകാൻ സാധിക്കാത്ത ഗുണഭോക്താക്കൾ ലൈഫ് സർട്ടിഫിക്കറ്റും മേൽപറഞ്ഞ രേഖകളും ഓഫീസിൽ എത്തിക്കണമെന്ന് ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പയ്യന്നൂർ താലൂക്കിലെ പാണപ്പുഴ വില്ലേജിലെ തൃക്കുറ്റേരി കൈലാസനാഥ ക്ഷേത്രത്തിലും ഇരിട്ടി താലൂക്കിലെ മുഴക്കുന്ന് വില്ലേജിലെ മുഴക്കുന്ന് ശ്രീമൃദംഗശൈലേശ്വരി ക്ഷേത്രത്തിലും പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്നും പൂരിപ്പിച്ച അപേക്ഷകൾ ക്ഷണിച്ചു. നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷകൾ ഫെബ്രുവരി 28 ന് വൈകിട്ട് അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷാ ഫോറം www.malabardevaswom.kerala.gov.in എന്ന വെബ്സൈറ്റിലും ഓഫീസിലും ലഭിക്കും. ഫോൺ:  04902321818

ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ

കേരള സ്റ്റേറ്റ് റൂട്രോണിക്സ് സർട്ടിഫിക്കറ്റോടെ ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റേൺഷിപ്പ് ഉണ്ടായിരിക്കും. തിരുവനന്തപുരം, ആറ്റിങ്ങൽ അംഗീകൃത പഠന കേന്ദ്രങ്ങളിൽ നടത്തുന്ന റെഗുലർ/പാർടൈം ബാച്ചുകളിലേക്ക്  പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. ഫോൺ: 7994926081

ഇന്റർവ്യൂ മാറ്റി

ധർമ്മടം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഫെബ്രുവരി 14ന് നടത്താനിരുന്ന ഡോക്ടർ നിയമനത്തിനായുള്ള ഇന്റർവ്യൂ സാങ്കേതിക കാരണങ്ങളാൽ 17ന് ഉച്ചയ്ക്ക് 2.30 ലേക്ക് മാറ്റി. ഫോൺ : 04902345754

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൽ ട്രെയിനി

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലുള്ള വിവിധ കേന്ദ്രങ്ങളിൽ ട്രെയിനികളെ നിയമിക്കുന്നു. പ്ലസ് ടുവും അംഗീകൃത ഡിപ്ലോമ/ഡിഗ്രി/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്തുള്ള പരിചയം/ പോസ്റ്റർ  ഡിസൈനിങ്/ ടൂറിസത്തിൽ ഉള്ള യോഗ്യത/ മാർക്കറ്റിങ്/ ഫ്രണ്ട് ഓഫീസ് മാനേജമെന്റ് തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്ക് മുൻഗണന. 35 വയസ്സാണ് ഉയർന്ന പ്രായപരിധി. അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ ഒരു പിഡിഎഫ് ഫയൽ ആക്കി info@dtpckannur.com എന്ന ഇ മെയിലിലേക്ക് അയക്കുക. ഫെബ്രുവരി 15 വരെ അപേക്ഷകൾ സമർപ്പിക്കാം. പ്രതിമാസം 12000 രൂപയാണ് സ്‌റ്റൈപ്പെൻഡ്. ഫോൺ: 04972706336

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign