വഞ്ചിയൂരിൽ ഗതാഗതം തടസ്സപ്പെടുത്തി ഏരിയ സമ്മേളനം നടത്തിയതിന്റെ പേരിലുള്ള കേസ് ഹൈകോടതിയുടെ പരിഗണനയിലിരിക്കെ, കണ്ണൂരിൽ റോഡ് കൈയേറി സി.പി.എം ഉപരോധ സമരം. ‘കേരളമെന്താ ഇന്ത്യയിൽ അല്ലേ’ എന്ന ചോദ്യമുയർത്തി സി.പി.എം കണ്ണൂർ ഹെഡ്പോസ്റ്റ് ഓഫിസ് ഉപരോധത്തിന്റെ ഭാഗമായാണ് റോഡിൽ പന്തൽ ഒരുക്കിയത്.ഹെഡ് പോസ്റ്റ് ഓഫിസിനോട് ചേർന്ന് വേദിയും തൊട്ടുമുന്നിലെ റോഡിൽ പന്തലിട്ട് കസേരയും നിരത്തിയിട്ടാണ് ഉപരോധ സമരം. റോഡ് കൈയേറി പന്തൽ ഒരുക്കിയതിനാൽ ഈ വഴിക്കുള്ള ഗതാഗതം തിരിച്ചുവിട്ടിട്ടുണ്ട്. അതീവ തിരക്കുള്ള റോഡിൽ പന്തൽ കെട്ടിയിട്ടും അധികൃതർ ആരും തടയാൻ എത്തിയില്ലെന്നതാണ് ആശ്ചര്യകരം.

അർഹമായ വിഹിതം നൽകാതെ കേരളത്തോട് സാമ്പത്തിക ഉപരോധം തീർക്കുകയാണ് കേന്ദ്രമെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.എം ഉപരോധം. ഇതിനു മുന്നോടിയായി ജില്ലയിൽ കാൽനടജാഥകൾ നടത്തിയിരുന്നു. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജനാണ് ഉപരോധ സമരത്തിന്റെ ഉദ്ഘാടകൻ.നേരത്തേയും സമാന രീതിയിൽ പന്തൽ കെട്ടിയപ്പോൾ പാർട്ടിക്കതിൽ പങ്കില്ലെന്നും കരാറുകാർ ചെയ്തത് എന്നുമായിരുന്നു നേതാക്കളുടെ പ്രതികരണം. ഇന്നത്തെ വിഷയത്തിൽ നേതാക്കളാരും ഇതുവരെ പ്രതികരണവുമായി രംഗത്തുവന്നിട്ടില്ല.
