ശമ്പളം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രെട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം ചെയ്യുന്ന ആശാ വർക്കർമാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് നിർദ്ദേശം. നാഷ്ണൽ ഹെൽത്ത് മിഷൻ്റെതാണ് നിർദ്ദേശം. ആശാ വർക്കർമാരെ ഏൽപ്പിച്ച ചുമതലകൾ നിർവ്വഹിക്കണം. ഏതെങ്കിലും ആശാ പ്രവർത്തക തിരിച്ചെത്തി പ്രവർത്തനങ്ങളിൽ ഏർപ്പെടാത്ത സാഹചര്യം ഉണ്ടാവുകയാണെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്താൻ വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണം. ജനങ്ങൾക്ക് ആശമാർ സേവനം ലഭ്യമാക്കുന്നുണ്ടോ എന്നകാര്യം മെഡിക്കൽ ഓഫീസർമാർ ഉറപ്പു വരുത്തണമെന്നും നാഷ്ണൽ ഹെൽത്ത് മിഷൻ നിർദ്ദേശത്തിൽ പറയുന്നു.

സെക്രട്ടറിയേറ്റിന് മുന്നിൽ ആശാ വർക്കർമാർ നടത്തുന്ന സമരം രണ്ടാഴ്ചയായിട്ടും വീണ്ടും ചർച്ചയ്ക്ക് വിളിക്കുന്നതിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സമൂഹത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വലിയ പിന്തുണയാണ് സമരത്തിന് ലഭിക്കുന്നത്. ആശാ വർക്കർമാർക്ക് മൂന്നുമാസ കുടിശ്ശികയിൽ നിന്ന് രണ്ടുമാസ കുടിശ്ശികയുടെ പണം സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ ഓണറ്റേറിയം അനുവദിച്ചിട്ടും ഒരു മാസത്തെ ശമ്പളം മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നാണ് ആശമാർ പറയുന്നത്.
