യു. പ്രതിഭ എം.എൽ.എയുടെ മകനെ കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്തതിൽ എക്സൈസിന് വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ട്. എം.എൽ.എ നൽകിയ പരാതിയിൽ അസിസ്റ്റന്‍റ് എക്സൈസ് കമീഷണർ സംസ്ഥാന എക്സൈസ് കമീഷണർക്കാണ് റിപ്പോർട്ട് നൽകിയത്. നടപടി ക്രമങ്ങൾ പാലിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്നാണ് കണ്ടെത്തൽ. കേസിന്റെ വിവരങ്ങൾ എം.എൽ.എയെ അറിയച്ചതിലും വീഴ്ചയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുവെന്നാണ് വിവരം. ഇക്കഴിഞ്ഞ ഡിസംബർ 28നാണ് യു. പ്രതിഭയുടെ മകനും മറ്റ് എട്ടുപേർക്കുമെതിരെ എക്സൈസ് കേസെടുത്തതും പിന്നാലെ മാധ്യമങ്ങളിൽ വാർത്ത വന്നതും. പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനും കഞ്ചാവ് കൈവശം വച്ചതിനുമാണ് കേസ്. പിന്നാലെ മാധ്യമങ്ങളെ വിമർശിച്ച യു. പ്രതിഭ, സഭയിൽ എക്സൈസ് വകുപ്പിനെതിരെയും രംഗത്തെത്തി. സി.പി.എമ്മിന്‍റെ ബ്രാഞ്ച് സമ്മേളനങ്ങൾ മുതൽ ജില്ലാ സമ്മേളനങ്ങളിൽ വരെ പ്രതിഭ എക്സൈസിനെതിരെ കടുത്ത വിമർശനമുന്നയിച്ചു. വകുപ്പ് മന്ത്രി എം.ബി. രാജേഷിനും എക്സൈസ് കമീഷണർക്കുമുൾപ്പെടെ ഇതുമായി ബന്ധപ്പെട്ട് പരാതിയും നൽകി. ഈ പരാതിയിലാണ് ഇപ്പോൾ റിപ്പോർട്ട് നൽകിയിരിക്കുന്നത്.
അറസ്റ്റിന്‍റെ തുടർനടപടികൾ കൃത്യമായി സ്വീകരിക്കുന്നതിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് റിപ്പോർട്ടിൽ പറയുന്നു. സാധാരണ ഗതിയിൽ ഇത്തരം കേസുകളിൽ കുറ്റാരോപിതരെ വൈദ്യപരിശോധനക്ക് ഹാജരാക്കാറുണ്ട്. രക്തം, നഖം, മുടി എന്നിവയുടെ സാമ്പിൾ ശേഖരിച്ച് പരിശോധിക്കണം. എന്നാൽ ഈ കേസിൽ അതുണ്ടായില്ല. യു. പ്രതിഭയുട മകനോ സുഹൃത്തുക്കളോ കഞ്ചാവ് വലിച്ചതിന് തെളിവോ സാക്ഷികളോ ഇല്ല. ശ്വസത്തിൽനിന്ന് ഗന്ധം വന്നുവെന്നല്ലാതെ മറ്റ് തെളിവുകളൊന്നുമില്ല. വലിച്ചതിന്‍റെ അവശിഷ്ടങ്ങൾ ലഭിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ല. ഇവയെല്ലാം ഉദ്യോഗസ്ഥരുടെ വീഴ്ചയായാണ് റിപ്പോർട്ടിൽ പറയുന്നത്. രണ്ടുപേരിൽ നിന്നായാണ് മൂന്നുഗ്രാം കഞ്ചാവ് കണ്ടെടുത്തത്. മറ്റുള്ളവർക്കെതിരെ കഞ്ചാവ് ഉപയോഗിച്ചതിനായിരുന്നു കേസെടുത്തിരുന്നത്. എം.എൽ.എയെ വിളിച്ചപ്പോൾ കേസെടുത്ത കാര്യം കൃത്യമായി പറഞ്ഞില്ല. ഇതോടെ തന്‍റെ മകനെ അറസ്റ്റ് ചെയ്തുവെന്ന് അറിയാതെ ഫേസ്ബുക് ലൈവിലടക്കം മകനെതിരെ കേസെടുത്തിട്ടില്ല എന്ന് പ്രതിഭക്ക് പറയേണ്ടിവന്നു. എംഎൽഎയെ ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. മൂന്ന് ഗ്രാം കഞ്ചാവാണ് അന്ന് പിടിച്ചെടുത്തത്. ഒമ്പത് പേരെ പ്രതിചേർക്കാൻ മാത്രം മതിയായ തെളിവില്ല. ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണോ വേണ്ടയോ എന്ന കാര്യത്തിൽ എക്സൈസ് കമീഷണറാകും അന്തിമ തീരുമാനം സ്വീകരിക്കുക. 
