കോതമംഗലം കോട്ടപ്പടിയില്‍, കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പനാണ് മരിച്ചത്. വീടിനു മുന്നില്‍ എത്തിയ ആനയെ ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ ആന കുഞ്ഞപ്പനു നേരെ തിരിയുകയായിരുന്നു. ഭയന്ന് വീട്ടിലേക്ക് ഓടിക്കയറിയതിനു പിന്നാലെയാണ് 70 കാരനായ കുഞ്ഞപ്പൻ കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, കാസർകോഡ് പെർളയിൽ കാട്ടുപന്നി ആക്രമണം. ആക്രമണത്തിൽ കാട്ടുകുക്കെയിലെ കുഞ്ഞിരാമന് ഗുരുതര പരിക്കേറ്റു. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. കൃഷിത്തോട്ടത്തിലെ സൂപ്പർവൈസറാണ് കുഞ്ഞിരാമൻ. തോട്ടം നനയ്ക്കുന്നതിന് മോട്ടോർ ഓണാക്കുന്നതിനായി പോയപ്പോഴാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായതെന്ന് കുഞ്ഞിരാമൻ പറഞ്ഞു. ചെവിക്കും തലയ്ക്കും കാലിനും, കൈക്കും പരിക്കേറ്റു. നിലവിൽ കുഞ്ഞിരാമൻ കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

