യോഗാചാര്യൻ ബാബാ രാംദേവിനെതിരെ രൂക്ഷ വിമകശനവുമായി ഡൽഹി ഹൈക്കോടതി. രാംദേവ് “ആരുടെയും നിയന്ത്രണത്തിലല്ല” എന്നും “സ്വന്തം ലോകത്താണ് ജീവിക്കുന്നത്” എന്നുമായിരുന്നു കോടതിയുടെ വിമര്‍ശനം. അടുത്തിടെ ഏറെ വിവാദമായി ‘റൂഹ് അഫ്സ’യെ ലക്ഷ്യം വച്ചുള്ള വിവാദമായ ‘സർബത്ത് ജിഹാദ്’ പരാമർശങ്ങളുള്ള മറ്റൊരു വീഡിയോ പുറത്തിറക്കിയതിന് പിന്നാലെയായിരുന്നു കോടതിയുടെ വിമര്‍ശനം.
ഹംദറാദിന്റെ ഉൽപ്പന്നങ്ങളെക്കുറിച്ച് പ്രസ്താവന നടത്തുകയോ വീഡിയോകൾ പങ്കിടുകയോ ചെയ്യരുതെന്ന് കോടതി മുമ്പ് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാംദേവ് പുതിയ വീഡിയോയുമായി രംഗത്ത് വന്നത്. വീഡിയോയിലൂടെ പ്രഥമദൃഷ്ട്യാ അദ്ദേഹം മുൻ ഉത്തരവിനെ അവഹേളിക്കുന്നതായും കോടതി നിരീക്ഷിച്ചിട്ടുണ്ട്.
കോടതിയുടെ അവസാന ഉത്തരവ് കണക്കിലെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ സത്യവാങ്മൂലവും ഈ വീഡിയോയും പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യമാണെന്നും രാംദേവിന് കോടതിയലക്ഷ്യ നോട്ടീസ് നൽകുമെന്നും ജസ്റ്റിസ് അമിത് ബൻസാൽ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐയെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റൂഹ് അഫ്സയെ തരംതാഴ്ത്തിയതിന് രാംദേവിനും പതഞ്ജലി ഫുഡ്സ് ലിമിറ്റഡിനുമെതിരെ ഹംദാർദ് നാഷണൽ ഫൗണ്ടേഷൻ (ഇന്ത്യ) സമർപ്പിച്ച ഹർജിയുമായി ബന്ധപ്പെട്ട കേസും നിലവിലുണ്ട്.
എന്താണ് സര്‍ബത്ത് ജിഹാദ് വിവാദം?
പതഞ്ജലി എന്ന തന്റെ ബ്രാൻഡിന്റെ പാനീയം പ്രോത്സാഹിപ്പിക്കുന്നതിനിടെ രാംദേവ് നടത്തിയ പ്രസ്താവനയാണ് വൻ വിവാദമായത്. “നിങ്ങൾ ആ സർബത്ത് കുടിച്ചാൽ മദ്രസകളും പള്ളികളും പണിയും. എന്നാൽ നിങ്ങൾ ഇത് കുടിച്ചാൽ [പതഞ്ജലിയുടെ റോസ് സർബത്തിനെ പരാമർശിച്ച്] ഗുരുകുലങ്ങൾ പണിയപ്പെടും, പതഞ്ജലി സർവകലാശാല വികസിക്കും, ഭാരതീയ ശിക്ഷാ ബോർഡ് വളരും.”- എന്നായിരുന്നു രാംദേവിൻ്റ വിവാദ പരാമര്‍ശം.
