കനത്ത കാറ്റിലും മഴയിലും കോഴിക്കോട് നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു. ലൈൻ നിലംപൊത്താതിരുന്നതിനാൽ വൻദുരന്തമാണ് ഒഴിവായത്. വെള്ളക്കെട്ടിൽ സ്ഥാപിച്ച ടവറാണ് ഇന്നലെ രാത്രിയിലെ കാറ്റിലും മഴയിലും ചെരിഞ്ഞത്. കാറ്റും മഴയും തുടർന്നാൽ ടവർ പൂർണമായും വീഴുമെന്ന് നാട്ടുകാർ പരാതിപ്പെട്ടു.ഇതിനിടെ കോഴിക്കോട് കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വ്യാപക കൃഷിനാശമാണ് ഉണ്ടായത്. കാരശ്ശേരി ആക്കോട്ട് ചാലിൽ സുബിന്റെ 300 ലധികം വാഴ കാറ്റിൽ നിലം പതിച്ചു. കോഴിക്കോട് കണ്ണാടിക്കലിൽ വീടിന് മുകളിൽ മരം വീണു. കണ്ണാടിക്കൽ തുളസീധരൻ എന്നയാളുടെ വീട്ടിലേക്കാണ് മരം വീണത്. കഴിഞ്ഞ ദിവസം രാത്രി കോഴിക്കോടിൻ്റെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയാണ് പെയ്തത്. മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, കൊടിയത്തൂർ ഭാഗങ്ങളിൽ വ്യാപക കൃഷി നാശം സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് വൈദ്യുതി നിലച്ചിട്ട് മണിക്കൂറുകളായി.

സംസ്ഥാനത്ത് മഴ കനക്കുന്നു സാഹചര്യത്തിൽ ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. 9 ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാലവർഷം അടുത്ത മണിക്കൂറുകളിൽ കേരള തീരം തൊട്ടേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

മഴ കനത്തതോടെ കോഴിക്കോട്, കണ്ണൂർ, കാസർകോട്, ഇടുക്കി ജില്ലകളിൽ ഈ മാസം 27 വരെ ക്വാറികളുടെ പ്രവർത്തനത്തിന് നിരോധനം ഏർപ്പെടുത്തി. കാസർകോട്, കണ്ണൂർ ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കാസർകോട് ബീച്ചിലും റാണിപുരം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ട്രക്കിങിന് നിരോധനം ഏർപ്പെടുത്തി. ഇടുക്കിയിൽ കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ട്രക്കിംഗ് എന്നിവ നിരോധിച്ചു.വയനാട്ടിൽ പുഴകളിലും വെള്ളക്കെട്ടുകളിലോ ഇറങ്ങരുതെന്നും അത്യാവശ്യത്തിനല്ലാതെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 7 മുതൽ ചൊവ്വാഴ്ച രാവിലെ ആറു വരെ ജില്ലയിൽ യാത്രാ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.
