അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനത്തില്‍ നിന്നും എടിസിക്ക് ലഭിച്ച അവസാന സന്ദേശം പരിശോധിച്ച് അന്വേഷണ സംഘം. സന്ദേശത്തില്‍ പൈലറ്റ് ‘മെയ്‌ഡേ’ എന്ന് മൂന്ന് തവണ പറയുന്നുണ്ട്. പൈലറ്റ് സുമിത് സബര്‍വാളിന്റെ സന്ദേശമാണ് അന്വേഷണ സംഘം പരിശോധിച്ചത്. ‘മെയ്‌ഡേ, മെയ്‌ഡേ, മെയ്‌ഡേ, നോ ട്രസ്റ്റ്, ഗോയിങ് ഡൗണ്‍’ എന്ന അഞ്ച് സെക്കന്റ് ദൈര്‍ഘ്യമുള്ള സന്ദേശമാണ് ലഭിച്ചത്. മെയ്ഡേ കോൾ ലഭിച്ചെങ്കിലും എടിസിയ്ക്ക് പൈലറ്റിനെ തിരിച്ച് ബന്ധപ്പെടാൻ അവസരം ലഭിക്കുന്നതിന് മുമ്പായി തന്നെ വിമാനം താഴേക്ക് പതിക്കുകയായിരുന്നു.

അതേസമയം വിമാനത്തിന്റെ വാല്‍ഭാഗത്ത് നിന്ന് എയര്‍ ഹോസ്റ്റലിന്റെ ശരീരം ലഭിച്ചു. എന്‍എസ്ജിയുടെ പരിശോധനയിലാണ് മൃതദേഹം ലഭിച്ചത്. നിലവില്‍ വിമാനങ്ങളുടെ പ്രവര്‍ത്തനശേഷി പരിശോധിക്കാനൊരുങ്ങിയിരിക്കുകയാണ് എയര്‍ ഇന്ത്യ. വിമാനങ്ങളുടെ പ്രവര്‍ത്തനശേഷി പരിശോധിക്കാനായി ആഭ്യന്തര ഓഡിറ്റ് നടത്തുമെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം.

വിമാനങ്ങളുടെ മെയിന്റനന്‍സ് ഉറപ്പുവരുത്തും. ജീവനക്കാരുടെ പ്രവര്‍ത്തനവും വിലയിരുത്തും. എയര്‍ ഇന്ത്യ ബോര്‍ഡ് മീറ്റിംഗിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തെ കുറിച്ച് ചെയര്‍മാനും സിഇഒയും ബോര്‍ഡ് യോഗത്തില്‍ വിശദീകരിച്ചു. വിമാനം തകര്‍ന്നുവീണ് അപകടമുണ്ടായ സംഭവത്തിന്റെ കാരണം കണ്ടെത്താന്‍ ടാറ്റ ഗ്രൂപ്പ് സമാന്തരമായി അന്വേഷണം നടത്തും. അഹമ്മദാബാദ് ദുരന്തത്തെക്കുറിച്ചുളള അന്വേഷണത്തോട് സഹകരിക്കുമെന്നും എയര്‍ ഇന്ത്യ ബോര്‍ഡ് അറിയിച്ചു.
