വന്യജീവി ആക്രമണ വിവാദത്തില്‍ പ്രിയങ്കാ ഗാന്ധി എംപിക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വന്യജീവി സംരക്ഷണ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസുകാരാണെന്നും ബിജെപിക്കാര്‍ അത് കൂടുതല്‍ കര്‍ശനമാക്കുകയായിരുന്നെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. മനുഷ്യ-വന്യജീവി സംഘര്‍ഷം പരിഹരിക്കേണ്ടത് കേന്ദ്രമാണെന്നും പരിമിതികള്‍ക്കുളളില്‍ നിന്നുകൊണ്ട് സംസ്ഥാനം നടപടികള്‍ എടുക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജമാഅത്തെ ഇസ്‌ലാമി വിവാദത്തില്‍ പ്രിയങ്കാ ഗാന്ധി ഒന്നും പറയാതെ തടിതപ്പി രക്ഷപ്പെടുകയാണെന്നും യുഡിഎഫ് അടിമുടി നിരായുധരായെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

‘മലപ്പുറം ജില്ല രൂപീകരിച്ചാല്‍ കുട്ടിപ്പാക്കിസ്താന്‍ ആകുമെന്ന് പറഞ്ഞത് കോണ്‍ഗ്രസാണ്. അത് എല്ലാവര്‍ക്കും ഓര്‍മ്മയുണ്ട്. ജില്ലയ്‌ക്കെതിരെ മാര്‍ച്ച് നടത്തിയത് ആര്യാടന്‍ മുഹമ്മദാണ്. ഇതെല്ലാം മറച്ചുവെച്ചാണ് മലപ്പുറം ജില്ലയെ അപമാനിക്കുന്നുവെന്ന കളളപ്രചാരണം. വിശ്വാസികളുടെ വോട്ട് ഞങ്ങള്‍ക്ക് വേണം. ബിജെപിയുടെ വോട്ട് വേണ്ട, ഒരു വര്‍ഗീയ വാദിയുടെയും വോട്ട് വേണ്ട. വര്‍ഗീയവാദികള്‍ വിശ്വാസികളല്ല’- എം വി ഗോവിന്ദന്‍ പറഞ്ഞു. പി വി അന്‍വര്‍ എല്‍ഡിഎഫിന്റെ ജയപരാജയങ്ങളെ നിര്‍ണയിക്കുന്ന ഘടകമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
