ഇരുചക്ര വാഹനത്തിൽ മൂന്ന് പേർ സഞ്ചരിച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവിനെ ബേപ്പൂർ പൊലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി. ബേപ്പൂർ സ്വദേശി അനന്തുവിനാണ് മർദനമേറ്റത്. സബ് ഇൻസ്പെക്ടർ ധനീഷാണ് യുവാവിനെ മർദിച്ചതെന്നും എൻഡിപിഎസ് ആക്ട് പ്രകാരമാണ് പാെലീസ് തങ്ങൾക്കെതിരെ കേസെടുത്തതെന്നും യുവാവ് ആരോപിച്ചു. അനന്തുവിനെ കൂടാതെ ബെെക്കിൽ ഒപ്പമുണ്ടായിരുന്നയാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.’സുഹൃത്തിന്റെയും അമ്മയുടെയും മുന്നിൽ വച്ചാണ് തന്നെ മർദിച്ചത്. പൊലീസ് സ്റ്റേഷനിലെ സിസിടിവി ഇല്ലാത്ത മുറിയിൽ വെച്ച് പട്ടിക ഉപയോഗിച്ച് ശരീരമാസകലം ദേഹോപദ്രവം നടത്തി. മറ്റ് പൊലീസുകാർ പിടിച്ചുവയ്ക്കാൻ ശ്രമിച്ചെങ്കിലും എസ്ഐ കൂട്ടാക്കിയില്ല. എന്തിനാണ് തന്നെ മർദ്ദിച്ചത് എന്ന് അറിയില്ല’. അനന്തു പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവാവ് പിന്നീട് കോഴിക്കോട് മെഡിക്കൽ കൊളജ് ആശുപത്രിയിൽ ചികിത്സ തേടി.

പൊലീസ് സ്റ്റേഷനിൽ വെച്ച് മകനെ മർദിച്ചെന്നാരോപിച്ച് ബേപ്പൂർ എസ്എച്ച്ഒയ്ക്ക് അനന്തുവിന്റെ കുടുംബം പരാതി നൽകി. എന്നാൽ ഇന്നലെ രാത്രി പരാതിക്കാരനായ യുവാവ് കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ടിരുന്നുവെന്നും ഇവരിൽ നിന്ന് കഞ്ചാവ് നിറച്ച ബീഡി കുറ്റികൾ കണ്ടെടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയത് എന്നുമാണ് ബേപ്പൂർ പൊലീസിൻ്റെ വിശദീകരണം. പരാതിയുടെ അടിസ്ഥാനത്തിൽ പ്രൊബേഷൻ എസ്ഐ ധനീഷിനെതിരെ നടപടി സ്വീകരിച്ചതായും പൊലീസ് അറിയിച്ചു.
