യൂത്ത് കോൺഗ്രസിൽ പ്രായപരിധി വർദ്ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ എതിർപ്പ് ഉയർന്നു. പ്രായ പരിധി നാൽപ്പത് വയസ്സ് ആക്കാനുള്ള നീക്കത്തിനെതിരെ 13 ജില്ലാ കമ്മിറ്റികൾ രംഗത്ത് വന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് 50 ശതമാനം സീറ്റ് വേണമെന്നും പഠനക്യാമ്പിൽ ആവശ്യം ഉയർന്നു. വേടൻ ശൈലിക്കും യൂത്ത് കോൺഗ്രസിൽ പിന്തുണ കിട്ടി. വേടൻ യുവാക്കളെ ആകർഷിക്കുന്നുവെന്നും പുതുതലമുറയെ ആകർഷിക്കുന്ന ശൈലി വേണമെന്നുമാണ് ആവശ്യം. വയനാടിനായി പിരിച്ച പണം എവിടെയെന്ന ചോദ്യം ഇടുക്കിയിൽ നിന്നുള്ള പ്രതിനിധി ഉയർത്തി. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന്റെ പേരിൽ പിരിച്ച പണം എവിടെയെന്നായിരുന്നു ചോദ്യം. എത്ര രൂപ പിരിച്ചെന്നും എന്ത് ചെയ്തെന്നുമുള്ള കണക്ക് അവതരിപ്പിക്കണമെന്നും ആവശ്യം ഉയർന്നു.

