തിരുവനന്തപുരത്ത് സ്ഥിരതാമസമുള്ള സുരേഷ് ഗോപിയുടേയും കുടുംബത്തിന്റേയും സുരേഷ് ഗോപിയുടെ ഡ്രൈവറുടേതും അടക്കം വോട്ട് തൃശ്ശൂരില്‍ ചേര്‍ത്തതിനെ ന്യായീകരിച്ച് ബിജെപി മുന്‍ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇന്ത്യന്‍ പൗരന്‍ ആറ് മാസത്തില്‍ കൂടുതല്‍ സ്ഥിരതാമസമുള്ള സ്ഥലത്ത് വോട്ട് ചേര്‍ക്കാമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. വിരലില്‍ എണ്ണാവുന്ന ഏതെങ്കിലും ചില വോട്ടുകള്‍വെച്ചാണ് കോണ്‍ഗ്രസും സിപിഐഎമ്മും ബിജെപിക്കെതിരെ തിരിഞ്ഞത്. സുരേഷ് ഗോപി ഒരു വര്‍ഷം സമ്പൂര്‍ണ്ണമായി തൃശ്ശൂരിലുണ്ടായിരുന്നുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

60,000 കള്ളവോട്ട് എംഎല്‍എ പോലും ഇല്ലാത്ത പാര്‍ട്ടി ഇവിടെ ചേര്‍ക്കുമ്പോള്‍ സിപിഐഎമ്മും കോണ്‍ഗ്രസും എന്തെടുക്കുവായിരുന്നുവെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു. അതിലും നല്ലത് കെട്ടിത്തൂങ്ങി ചാവുന്നതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. സുരേഷ് ഗോപി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ അധ്യക്ഷന്‍ താനായിരുന്നു. അവിടെ എന്താണ് നടന്നതെന്നും പ്രചാരണം എങ്ങനെയായിരുന്നുവെന്നും തനിക്ക് അറിയാം. വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കുന്നതിന് പാര്‍ട്ടി എന്തെല്ലാമാണ് ചെയ്തത് എന്നതിന് വ്യക്തമായ മറുപടിയുണ്ടെന്നും കെ സുരേന്ദന്‍ പറഞ്ഞു.
