ചുമ മരുന്ന് കഴിച്ച് മധ്യപ്രദേശില്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വഴിത്തിരിവ്. മധ്യപ്രദേശ് സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന പ്രകാരം തമിഴ്നാട്ടില്‍ ഉല്പാദിപ്പിച്ച കഫ്സിറപ്പില്‍ നടത്തിയ പരിശോധനയില്‍ അനുവദിനീയമായതിലും അധികം ഡിഇജി ( ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ ) കണ്ടെത്തി.
കാഞ്ചീപുരത്തെ ശ്രേഷന്‍ ഫാര്‍മയില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളിലാണ് ഡിഇജി കണ്ടെത്തിയത്. കോള്‍ഡ്രിഫ് കഫ് സിറപ്പാണ് പരിശോധിച്ചത്. മേഖലയില്‍ ഉല്പാദിപ്പിക്കുന്ന 19 മരുന്നുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കുകയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
6 സംസ്ഥനങ്ങളില്‍ വിതരണം ചെയ്ത 19 സാംപിളുകളിലാണ് നിലവില്‍ പരിശോധന നടക്കുന്നത്. മധ്യപ്രദേശില്‍ നിന്നും ശേഖരിച്ച 6 സാമ്പിളുകളിലും പ്രശ്നം കണ്ടെത്തിയിട്ടില്ല. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ രണ്ടാഴ്ചയ്ക്കിടെ ഒമ്പതു കുട്ടികള്‍ മരിച്ചെന്നാണ് വിവരം. അതേസമയം കഫ് സിറപ്പ് കഴിച്ച് അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ മരിച്ചതില്‍ രാജസ്ഥാന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. കെയ്സണ്‍ ഫാര്‍മയുടെ 19 മരുന്നുകള്‍ കഫ് സിറപ്പ് രാജസ്ഥാന് നിരോധിച്ചു.

