ബിജെപിയുടെ വിവരക്കേടിന്റെയും നിയമലംഘന ശ്രമത്തിന്റെയും ജീവനുള്ള സാക്ഷ്യമാണ് തിരുവനന്തപുരം കോർപറേഷൻ ശാസ്തമംഗലത്ത് സ്ഥാനാർത്ഥിയായ ബിജെപി സംസ്ഥാന ഉപാധ്യക്ഷ ആർ ശ്രീലേഖയുടെ പേരിനൊപ്പം ഐപിഎസ് എന്ന് ചേർത്തതെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ വിലക്കിയതോടെ ശ്രീലേഖയുടെ പേരിനൊപ്പം ഐപിഎസ് എന്നെഴുതിയത് കറുത്ത മഷി ഉപയോഗിച്ച് മായ്ച്ചുകളതോടെ ബാക്കിയായത് ബിജെപിയുടെ നാണക്കേടാണെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. ശ്രീലേഖ നിയമം അറിയാത്ത നിയമപാലക! അടിസ്ഥാന നിയമം പോലും അറിയാത്തവരാണോ നാട് ഭരിക്കാൻ ഇറങ്ങിയിരിക്കുന്നതെന്നും സന്ദീപ് വാര്യർ വിമർശിച്ചു.

സിവിൽ സർവിസിൽ നിന്ന് വിരമിച്ചയാൾ പേരിനൊപ്പം ഐഎഎസ്, ഐപിഎസ്, മറ്റു പദവികൾ ഉപയോഗിക്കാൻ പാടില്ലെന്നാണ് നിയമം. അവരെ റിട്ട. ഐഎഎസ് എന്നോ റിട്ട ഐപിഎസ് എന്നോ അഭിസംബോധന ചെയ്യാമെങ്കിലും അത്തരത്തിൽ എഴുതാൻ പാടില്ല. ശാസ്തമംഗലത്തെ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി ടിഎസ് രശ്മി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്രീലേഖക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നടപടിയെടുത്തത്.
