ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്‌ഐടി അന്വേഷണം ഉന്നതരിലേക്ക്

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്‌ഐടി അന്വേഷണം ഉന്നതരിലേക്ക് നീങ്ങിയതോടെ സിപിഐഎം കടുത്ത പ്രതിരോധത്തിലാണ്. മുന്‍ ദേവസ്വം മന്ത്രിയും സിപിഐഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനേയും ദേവസ്വം ബോര്‍ഡ് അധ്യക്ഷനായിരുന്ന പിഎസ് പ്രശാന്തിനേയും ചോദ്യം ചെയ്തെന്ന വാര്‍ത്തകള്‍ കോണ്‍ഗ്രസും ബിജെപിയും സിപിഐഎമ്മിനെതിരെയുള്ള പ്രധാന ആയുധമാക്കി. എന്നാല്‍, കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യുഡിഎഫ് കണ്‍വീനറും ആറ്റിങ്ങല്‍ എംപിയുമായ അടൂര്‍ പ്രകാശിന് എസ്‌ഐടി ചോദ്യം ചെയ്യാനായി നോട്ടീസ് നല്‍കിയിരിക്കുകയാണ്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം ചോദിച്ചറിയാനാണ് എസ്‌ഐടിയുടെ നീക്കം.

ഉണ്ണികൃഷ്ണന്‍ പോറ്റിയെ എഐസിസി ആസ്ഥാനത്ത് എത്തിച്ചതും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയുടെ ഫോട്ടോ പുറത്തുവന്നതും നേരത്തെ തന്നെ മുഖ്യമന്ത്രിയും സിപിഐഎം നേതാക്കളും കോണ്‍ഗ്രസിനെതിരെ ആയുധമാക്കിയിരുന്നു. ഉണ്ണികൃഷ്ണ്‍ പോറ്റിയുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന് അടുത്ത ബന്ധമുണ്ടെന്നും നേരത്തെ ആരോപണമുയര്‍ന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയോടൊപ്പമുള്ള അടൂര്‍ പ്രകാശിന്റെ ഫോട്ടോകള്‍ സിപിഐഎം പ്രധാന ആയുധമാക്കിയിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്‍വീനറെ എസ്‌ഐടി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് കോണ്‍ഗ്രസിനെ കടുത്ത സമ്മര്‍ദത്തിലേക്ക് തള്ളിവിടുന്നതാണ്.

Related posts

വിലകയറ്റം പിടിച്ചു നിർത്താൻ സിവിൽ സപ്ലൈസ് കോർപ്പറേഷന് സാധിച്ചു: മന്ത്രി ജി ആർ അനിൽ

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം: അർഹരായ ഒരാൾ പോലും പുറത്താവില്ല-നിരീക്ഷകൻ എം.ജി. രാജമാണിക്യം

ശബരിമല സ്വര്‍ണക്കൊള്ള; കേസെടുത്ത് ഇ ഡി