Home News കനത്ത മഴ; കോഴിക്കോട് ക്വാറികളുടെ പ്രവര്‍ത്തനത്തിനും ഖനനത്തിനും നിരോധനം

കനത്ത മഴ; കോഴിക്കോട് ക്വാറികളുടെ പ്രവര്‍ത്തനത്തിനും ഖനനത്തിനും നിരോധനം

by Sayana k
0 comments

കോഴിക്കോട് ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ക്വാറികളുടെ പ്രവര്‍ത്തനം, മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, മണലെടുക്കല്‍ എന്നിവ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഉത്തരവിട്ടു.

വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, ബീച്ചുകള്‍ ഉള്‍പ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുളള പ്രവേശനവും പൂര്‍ണ്ണമായി നിരോധിച്ചു. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന മലയോര പ്രദേശങ്ങള്‍, ചുരം മേഖലകള്‍ എന്നിവിടങ്ങളിലേക്ക് രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ അടിയന്തിര യാത്രകള്‍ അല്ലാത്തവ ഒഴിവാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം 14/06/2025 (ഇന്ന്) മുതൽ 16/06/2025 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും; 17/06/2025 & 18/06/2025 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിർദേശങ്ങൾ

കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്.

വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.

ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക. കാറ്റും മഴയും ഉള്ളപ്പോൾ ഇതിൻറെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത് .

ചുമരിലോ മറ്റോ ചാരി വച്ചിട്ടുള്ള കോണി പോലെയുള്ള, കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വെക്കേണ്ടതാണ്.

കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. വീടിൻറെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക.

ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അധികൃതർ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് മാറിത്താമസിക്കേണ്ടതാണ് .

തദ്ദേശ സ്ഥാപനതല ദുരന്ത ലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയിട്ടുള്ള ഇത്തരം ആളുകളെ റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമുള്ള ഘട്ടങ്ങളിൽ മാറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുൻകൈ എടുക്കേണ്ടതാണ്.

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ KSEB – യുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക. തകരാര്‍ പരിഹരിക്കുന്ന പ്രവർത്തികൾ കാറ്റ് തുടരുന്ന ഘട്ടത്തിൽ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. KSEB ജീവനക്കാരുമായി പൊതുജനങ്ങൾ ക്ഷമയോടെ സഹകരിക്കുക. പൊതുജനങ്ങൾ നേരിട്ടിറങ്ങി ഇത്തരം റിപ്പയർ വർക്കുകൾ ചെയ്യാതിരിക്കുക.

പത്രം-പാൽ വിതരണക്കാർ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കണം. എന്തെങ്കിലും അപകടം സംശയിക്കുന്ന പക്ഷം കൺട്രോൾ റൂമിൽ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.

കൃഷിയിടങ്ങളിൽ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുൻപ് ഉറപ്പ് വരുത്തുക.

നിർമാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിർത്തി വച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നിൽക്കണം.

അടുത്ത 3 മണിക്കൂറിൽ മഴയും ഇടിമിന്നലും ഉണ്ടാകാനിടയുള്ള ജില്ലകളുടെ പ്രവചനം (NOWCAST) കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ http://mausam.imd.gov.in/thiruvananthapuram/ എന്ന വെബ്‌സൈറ്റിൽ കൃത്യമായ ഇടവേളകളിൽ അപ്‌ഡേറ്റ് ചെയ്യുന്നത് ശ്രദ്ധിക്കുക. ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗ നിർദേശങ്ങൾ കർശനമായി പിന്തുടരുക.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign