പെരുന്നാള്‍ -വിഷു അവധിക്ക് കണ്ണൂര്‍ കെഎസ്ആര്‍ടിസിയുടെ സ്പെഷ്യല്‍ ട്രിപ്പ്
പെരുന്നാള്‍- വിഷു അവധികാലത്ത് വിവിധ ടൂര്‍ പാക്കേജുമായി കണ്ണൂര്‍ കെഎസ് ആര്‍ടിസി. ഏപ്രില്‍ ഒന്ന്,14 തീയതികളില്‍ നടത്തുന്ന ഗവി പാക്കേജില്‍ കുമളി, കമ്പം, രാമക്കല്‍ മേട് എന്നിവ സന്ദര്‍ശിക്കും. ഭക്ഷണവും താമസവും ജീപ്പ് സഫാരിയും ഉള്‍പ്പെടെയാണ് പാക്കേജ്. ഏപ്രില്‍ നാല്,14,18,25 തീയതികളിലെ മൂന്നാര്‍ പാക്കേജില്‍ മറയൂര്‍, കാന്തല്ലൂര്‍, ചതുരംഗപാറ എന്നിവ സന്ദര്‍ശിക്കും. ഏപ്രില്‍ 14 ന് രാത്രി പത്തിന് പുറപ്പെടുന്ന സൈലന്റ് വാല്ലി പാക്കേജ് 15 ന് രാത്രി തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഏപ്രില്‍ 16, 25 തീയതികളില്‍ വാഗമണ്‍ – കുമരകം പാക്കേജാണ് നടത്തുന്നത്.
ഏപ്രില്‍ 12,27 തീയതികളില്‍ അകലാപ്പുഴ, ഏപ്രില്‍ ആറ്,12,20,27 തീയതികളില്‍ നിലമ്പൂര്‍, ഏപ്രില്‍ ആറ്, 20 തീയതികളില്‍ വയനാട് പാക്കേജുമാണ് ഒരുക്കിയിരിക്കുന്നത്. ബുക്കിങ്ങിനും അന്വേഷണങ്ങള്‍ക്കും 9497007857, 9895859721 നമ്പറുകളില്‍ ബന്ധപ്പെടാം.
വായനശാലകള്‍ക്ക് ഫര്‍ണിച്ചറുകള്‍ നല്കി
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട വായനശാലകള്‍ക്കുള്ള ഫര്‍ണിച്ചര്‍ വിതരണം എം. വിജിന് എം എല്‍ എ നിര്‍വഹിച്ചു. പതിനാറ് വായനശാലകള്‍ക്കായി 1050 കസേരകളാണ് നല്‍കിയത്. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഡി. വിമല, ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരന്, എ.വി. രവീന്ദ്രന്, സി.പി മുഹമ്മദ് റഫീഖ്, പ്രേമ സുരേന്ദ്രന്, വി. വിജേഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. സുനില്‍കുമാര്‍, ജോയിന്റ് ബി ഡി ഒ എം.കെ.പി ഷുക്കൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മോട്ടോര്‍വാഹന വകുപ്പ് ബോധവല്‍ക്കരണ ക്ലാസ് നടത്തി
തളിപ്പറമ്പ് താലൂക്കിലെ ബസ് ജീവനക്കാര്‍ക്കായി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസ് ആര് ഡി ഒ ടി.വി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ജോയിന്റ് ആര് ടി ഒ ഷാനവാസ് കരീം അധ്യക്ഷനായി. മോട്ടാര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി. സുധാകരന്, അസിസ്റ്റന്റ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.വി ഷാജി എന്നിവര്‍ ക്ലാസെടുത്തു. ടി. വൈകുണ്ഠന്‍, സി.എന്‍ പത്മരാജന്, എന്‍.ആര് ഗോവിന്ദന്, വി. രമേശന്, ടി.വി രാജീവന് എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ഐ.വി ഉണ്ണി മഴൂരിന്റെ ജ്വാല ഏകപാത്ര നാടകവും അരങ്ങേറി.
റോബോട്ടിക്സ് ആന്റ് ആനിമേഷന്‍ ഫെസ്റ്റ് 28 ന്
കൈറ്റ് കണ്ണൂരിന്റെ നേതൃത്വത്തില്‍ റോബോട്ടിക്സ് ആന്റ് ആനിമേഷന്‍ ഫെസ്റ്റ് മാര്‍ച്ച് 28 ന് നടക്കും. മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന പരിപാടിയുടെ അനുമോദന സദസ് ഉച്ചയ്ക്ക് 12 ന് രജിസ്ട്രേഷന് വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ റോബോട്ടിക്സ് സംവിധാനങ്ങളും ആനിമേഷനുകളും പരിപാടിയില്‍ പ്രദര്‍ശിപ്പിക്കും. കൈറ്റ് സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ മെഗാ ഐടി ക്വിസ് മത്സരത്തിന്റെ ജില്ലാതല ഗ്രാന്റ് ഫിനാലെയും ഇതോടൊപ്പം നടക്കും.
ലേലം
കണ്ണൂര്‍ കുടുംബ കോടതിയുടെ വാറണ്ടുകള്‍ പ്രകാരം ചെങ്ങളായി വില്ലേജ് തവറുല്‍ ദേശത്ത് നിന്നും ജപ്തി ചെയ്ത റീസര്‍വെ നമ്പര്‍ 3/5 എ യില്‍പ്പെട്ട 0.0121 ഹെക്ടര്‍ വസ്തു മെയ് മൂന്നിന് രാവിലെ 11.30 ന് ചെങ്ങളായി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ചെങ്ങളായി വില്ലേജ് ഓഫീസില്‍ നിന്നോ തളിപ്പറമ്പ് താലൂക്ക് ഓഫീസില്‍ നിന്നോ ലഭിക്കും.
ടെണ്ടര്‍ ക്ഷണിച്ചു
എടയന്നൂര്‍ ജി വി എച്ച് എസ് എസിലെ എക്സിം എക്സിക്യൂട്ടീവ് ലാബിലേക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ അംഗീകൃത വിതരണക്കാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഏപ്രില്‍ ഏഴ് ഉച്ചയ്ക്ക് 12 വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 8547130155
സിവില്‍ സ്റ്റേഷനിലെ ഓഫീസുകള്‍ ഹരിത പദവിയിലേക്ക് ; പ്രഖ്യാപനം 28 ന്
മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി കണ്ണൂര്‍ കലക്ടറേറ്റിനും സിവില്‍ സ്റ്റേഷനും ഹരിത പദവി. മാര്‍ച്ച് 28 ന് രജിസ്ട്രേഷന്, പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഹരിത പദവി സമ്മാനിക്കും. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായാണ് ഒരു കലക്ടറേറ്റിന് ഹരിത പദവി ലഭിക്കുന്നത്. ജില്ലാ കലക്ടറേറ്റ്, അനുബന്ധ സിവില്‍ സ്റ്റേഷന് എന്നിവിടങ്ങളിലെ
92 സര്‍ക്കാര്‍ കാര്യാലയങ്ങളാണ് ഹരിത പദവി കൈവരിച്ചത്. കാര്യാലയങ്ങളിലെ വൃത്തി, മാലിന്യ സംസ്കരണം, ഹരിത പെരുമാറ്റചട്ട പാലനം, ടോയ്റ്റുകളുടെ അവസ്ഥ, ബിന്നുകള്‍ സ്ഥാപിക്കല്‍, പരിസര ശുചിത്വം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് ഹരിത പദവി നല്‍കുന്നത്. മികച്ച സ്ഥാപനങ്ങള്‍ക്ക് എ പ്ലസ് ഗ്രേഡാണ് സമ്മാനിക്കുക. ജൈവമാലിന്യ സംസ്കരണത്തിന് തുമ്പൂര്‍മുഴി മാതൃകാ കമ്പോസ്റ്റ്, അജൈവമാലിന്യ ശേഖരണത്തിന് എം സി എഫ് എന്നിവ കലക്ടറേറ്റില്‍ സ്ഥാപിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്കാവശ്യമായ പുതിയ ടോയ്ലറ്റ് ബ്ലോക്കിന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ എം എല്‍ എ ഫണ്ടില്‍ നിന്ന് തുക അനുവദിച്ചിട്ടുണ്ട്.
അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം ഔട്ട്റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി പരിശീലന കോഴ്സ് നടത്തുന്നു. കോളേജിലെ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് കണ്‍സള്‍ട്ടന്‍സി ആന്റ് സ്പോണ്‍സേര്‍ഡ് റിസര്‍ച്ച് കേന്ദ്രത്തിന്റെ ഔട്ട്റീച് പ്രോഗ്രാം ഓണ്‍ ഐ ഒ ടി ആന്റ് എംബഡെഡ് സിസ്റ്റം വിഷയത്തിലാണ് പ്രായോഗിക പരിശീലന കോഴ്സ് നടത്തുന്നത്. ഏപ്രില്‍ എട്ട് വരെ അപേക്ഷിക്കാം. വെബ്സൈറ്റ് www.gcek.ac.in, ഫോണ്‍: 9037372999, 9388700887
