സാമ്പത്തിക തട്ടിപ്പ് കേസില്‍ കസ്റ്റഡിയിലുള്ള ശ്രീതുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ശ്രീതുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം കൊലക്കേസില്‍ പ്രതിയായ അമ്മാവന്‍ ഹരികുമാറിനെയും ശ്രീതുവിനെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞദിവസം ശ്രീതുവിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കുഞ്ഞിന്റെ കൊലപാതകത്തില്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് പങ്കുണ്ടോ എന്നുള്ളതാണ് നിലവില്‍ പൊലീസ് അന്വേഷിച്ചു വരുന്നത്. കഴിഞ്ഞ ദിവസമാണ് ഹരികുമാറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഈ മാസം പന്ത്രണ്ടാം തീയതി വരെയാണ് ഹരികുമാറിനെ കസ്റ്റഡിയില്‍ വിട്ടത്.
മൂന്നുദിവസത്തെ നിരീക്ഷണത്തിനുശേഷം മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗം പ്രതിക്ക് യാതൊരുവിധത്തിലുള്ള മനോരോഗവും ഇല്ല എന്നുള്ള വിലയിരുത്തലിലേക്ക് എത്തുകയായിരുന്നു. സൈക്യാട്രി വിഭാഗം നല്‍കിയ സര്‍ട്ടിഫിക്കറ്റും അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു. ഇതിന് പിന്നാലെയാണ് കോടതി കഴിഞ്ഞ ദിവസം പ്രതിയെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. ജനുവരി 27നായിരുന്നു ബാലരാമപുരത്ത് അരുംകൊല നടന്നത്. ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കേസില്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ മാത്രമാണ് കൊലപാതകത്തില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്.