കണ്ണൂർ പരിയാരം വില്ലേജ് പരിധിയിൽ അനധികൃത മണൽവേട്ട. പരിയാരം പൊലിസ് പിടികൂടി വിവരമറിയിച്ചതിനെ തുടർന്നാണ് കുപ്പം പുഴയോരത്ത് കൂട്ടിയിട്ട മണൽ പരിയാരം വില്ലേജ് അധികൃതർ കസ്റ്റഡിയിൽ എടുത്തത്.പരിയാരം പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കുപ്പം പുഴയിൽ നിന്ന് അനധികൃതമായി മണൽ വാരുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ പരിയാരം പൊലിസിനും വില്ലേജ് അധികാരികൾക്കും ലഭിച്ചിരുന്നു. തുടർന്ന് പൊലിസ് പ്രദേശത്ത് രാത്രികാല പട്രോളിങ് ശക്തമാക്കി. പരിയാരം പൊലിസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ രാജേഷിൻ്റെ നേതൃത്വത്തിൽ പട്രോളിങ്ങിനിടയിലാണ് കണ്ണൂർ ജില്ലയിലെ പരിയാരം പഞ്ചായത്ത് പരിധിയിൽ മുക്കുന്ന് ലേക്ക് പാർക്കിന് സമീപം രണ്ട് സ്ഥലങ്ങളിലായി മണൽ കൂട്ടിയിട്ടത് ശ്രദ്ധയിൽപ്പെട്ടത്. മണൽ തളിപ്പറമ്പ് താലൂക്കിൽ എത്തിച്ച് ആർ.ഡി.ഒയ്ക്ക് കൈമാറും. പരിയാരം വില്ലേജ് ഓഫിസർ പി.വി വിനോദ്സ്പെഷ്യൽ വില്ലേജ് ഓഫിസർ സി. ഹാരിസ്, എ.പി മനോജ് എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.

