‘തിയേറ്ററിലെ പരസ്യങ്ങള്‍ മാനസിക സമ്മര്‍ദമുണ്ടാക്കി’; യുവാവിന് 65,000 രൂപ നഷ്ടപരിഹാരം

സിനിമയ്ക്ക് മുമ്പ് നീണ്ട പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് സമയം പാഴാക്കിയതിനും മാനസിക വേദനയുണ്ടാക്കിയതിനുമെതിരെ കൊടുത്ത കേസ് ജയിച്ച് ബെംഗളൂരിലെ യുവാവ്. 25 മിനിറ്റ് നീണ്ട പരസ്യ പ്രദര്‍ശനത്തിനെതിരെയാണ് പി വി ആര്‍ സിനിമാസ്, ഇനോക്‌സ്, ബുക്ക് മൈഷോ എന്നിവയെ എതിര്‍ കക്ഷികളാക്കി കേസ് ഫയല്‍ ചെയ്തത്. യുവാവിന് നഷ്ടപരിഹാരമായി 65,000 രൂപ നല്‍കാനാണ് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്.

2023ല്‍ ‘സാം ബഹാദൂര്‍’ സിനിമയുടെ വൈകുന്നേരം 4.05നുള്ള മൂന്ന് ടിക്കറ്റുകള്‍ ആണ് അഭിഷേക് എം ആര്‍ എന്നയാള്‍ ബുക്ക് ചെയ്തിരുന്നത്. വൈകുന്നേരം 6.30ന് സിനിമ അവസാനിക്കേണ്ടതായിരുന്നുവെന്നും അതിനുശേഷം തന്റെ ജോലി സ്ഥലത്തേക്ക് മടങ്ങാന്‍ പദ്ധതിയിട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പരസ്യങ്ങളും ട്രെയിലറുകളും പ്രദര്‍ശിപ്പിച്ച് 4.30ന് ആണ് സിനിമ ആരംഭിച്ചത്. 30 മിനിറ്റ് സമയം ആണ് അപഹരിച്ചത്. സമയം പണമായി കണക്കാക്കുന്നു എന്ന് നിരീക്ഷിച്ച ഉപഭോക്തൃ കോടതി, പരാതിക്കാരന് ഉണ്ടായ നഷ്ടം നികത്താന്‍ പി വി ആര്‍ സിനിമാസിനും ഇനോക്സിനും നിര്‍ദേശം നല്‍കി. അന്യായമായ വ്യാപാര രീതിക്കും പരാതിക്കാരന്റെ സമയം പാഴാക്കിയതിനും 50,000 രൂപയും മാനസിക പീഡനത്തിന് 5,000 രൂപയും പരാതി ഫയല്‍ ചെയ്യുന്നതിനും മറ്റ് ആശ്വാസങ്ങള്‍ക്കും 10,000 രൂപയും പിഴ ചുമത്തി. ഇത് പരാതിക്കാരന് നല്‍കണം. പി വി ആര്‍ സിനിമാസിനും ഇനോക്സിനും കോടതി ഒരു ലക്ഷം രൂപ പിഴയും ചുമത്തി.                                                                                                                                                                                                   

Related posts

വിജയ് ചിത്രം ജനനായകന് പ്രദര്‍ശനാനുമതി നൽകി മദ്രാസ് ഹൈക്കോടതി; സെൻസർ ബോർഡിന് കടുത്ത വിമർശനം

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം

IFFK-യിൽ വിലക്കേർപ്പെടുത്തിയ കൂടുതൽ സിനിമകൾക്ക് പ്രദർശന അനുമതി നൽകി കേന്ദ്ര സർക്കാർ