കോഴിക്കോട് അധ്യാപികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോടഞ്ചേരി സെന്റ് ജോസഫ് സ്‌കൂള്‍ അധ്യാപിക കട്ടിപ്പാറ സ്വദേശി അലീന ബെന്നി ആണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അലീന സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സ്‌കൂളില്‍ നിന്ന് അഞ്ച് വര്‍ഷമായി ശമ്പളം ലഭിക്കാത്തതിനാലാണ് മകള്‍ തൂങ്ങി മരിച്ചതെന്ന് അലീനയുടെ പിതാവ് ആരോപിച്ചു.
താമരശേരി രൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി എല്‍ പി സ്‌കൂളിലാണ് അഞ്ച് വര്‍ഷം അലീന ജോലി ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷമായി കോടഞ്ചേരി സെന്റ് ജോസഫ് എല്‍ പി സ്‌കൂളിലായിരുന്നു ജോലി ചെയ്തത്. വീട്ടില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയാണ് ഈ സ്‌കൂള്‍.
ആദ്യത്തെ സ്‌കൂളില്‍ നിന്നും മാറുന്ന സമയത്ത് ശമ്പളം വേണ്ടയെന്ന് മാനേജ്‌മെന്റ് എഴുതി വാങ്ങിയെന്നും സ്‌കൂളിലെ അധ്യാപകര്‍ തങ്ങളുടെ വേതനത്തില്‍ നിന്ന് പിരിച്ചെടുത്ത പണമാണ് അലീനയ്ക്ക് നല്‍കിയതെന്നുമുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. കട്ടിപ്പാറ സ്‌കൂളിലെ ലീവ് വേക്കന്‍സിയിലാണ് അലീന ജോലിക്ക് കയറിയത്. ഇവിടെ നിയമനത്തിന് സാധ്യതയില്ലായിരുന്നിട്ടും മാനേജ്‌മെന്റ് സ്ഥിര നിയമനത്തിന് സാധ്യതയുണ്ടെന്ന വാഗ്ദാനം നല്‍കിയാണ് ഇവര്‍ക്ക് ജോലി നല്‍കിയതെന്നും ആരോപണമുണ്ട്. ഇവിടെ നിന്നും കോടഞ്ചേരിയിലേക്ക് മാറ്റിയപ്പോഴും സ്ഥിര നിയമനം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.