ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരായ പരാതികള്‍ പരിഗണിക്കാന്‍ ലോക്പാലിന് അധികാരമുണ്ടെന്ന ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ലോക്പാല്‍ വിധിക്കെതിരെ സ്വമേധയാ എടുത്ത കേസില്‍ ഈ ഉത്തരവ് അസ്വസ്ഥയുണ്ടാക്കുന്നതാണെന്നും സുപ്രീം കോടതി പറഞ്ഞു. കേസില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ജസ്റ്റിസ്മാരായ വിആര്‍ ഗവായ്, സൂര്യകാന്ത്, അഭയ് എസ്.ഓക എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബഞ്ചാണ് ലോക്പാല്‍ ഉത്തരവ് സ്റ്റേ ചെയ്തത്.
ഇക്കഴിഞ്ഞ ജനുവരിയിലാണ് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ലോക്പാലിന്റെ ഫുള്‍ ബെഞ്ച് ഹൈക്കോടതി ജഡ്ജിമാര്‍ക്ക് എതിരായ പരാതി പരിഗണിക്കാന്‍ തങ്ങള്‍ക്ക് അധികാരം ഉണ്ടെന്ന് ഉത്തരവിറക്കിയത്. ജഡ്ജിമാര്‍ പൊതുപ്രവര്‍ത്തകര്‍ എന്ന നിര്‍വചനത്തിന്റെ പരിധിയില്‍ വരുമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ഒരു സിറ്റിംഗ് ഹൈക്കോടതി ജഡ്ജിക്കെതിരായ പരാതി പരിഗണിക്കവേയായിരുന്നു ഈ ഉത്തരവ്.
ഹൈക്കോടതി ജഡ്ജി സിവില്‍ കേസില്‍ സ്വകാര്യ വ്യക്തിക്ക് അനുകൂലമായ ഉത്തരവ് ലഭിക്കാന്‍ അഡീഷണല്‍ ജില്ലാ ജഡ്ജിയെയും മറ്റൊരു ഹൈക്കോടതി ജഡ്ജിയെയും സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.