ആശാ വർക്കർമാർ സമരം ചെയ്യേണ്ടത് കേരള സംസ്ഥാന സർക്കാരിനെതിരെയല്ല കേന്ദ്ര സർക്കാരിനെതിരെയാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി. ഐ തോമസ് ഐസക്ക് പറഞ്ഞു. കണ്ണൂർ പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരം രൂപയുണ്ടായിരുന്ന സ്ഥാനത്ത് ആശാവർക്കർമാർക്ക് ഏഴായിരമായി വേതനം കൂട്ടിക്കൊടുത്തത് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരാണ്. 60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാന സർക്കാരുമാണ് ഇൻസെൻ്റീവ് നൽകേണ്ടത്. കഴിഞ്ഞ കുറെക്കാലമായി കേന്ദ്ര വിഹിതം സംസ്ഥാന സർക്കാരിന് ലഭിക്കുന്നില്ല. അതുകൊണ്ടാണ് കഴിഞ്ഞ മൂന്ന് മാസമായി ഇൻസെൻ്റീവ് ലഭിക്കാതിരുന്നത്. അതുകൊണ്ടു ആശാവർക്കർമാർ സമരം നടത്തേണ്ടത് സംസ്ഥാന സെക്രട്ടറിയേറ്റിന് മുൻപിൽ അല്ല അതിനു തൊട്ടടുത്ത ഏജീസ് ഓഫിസിന് മുൻപിലാണെന്നും തോമസ് ഐസക്ക് പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരെ ഇത്തരത്തിലുള്ള സമരം ആശാവർക്കാർ മാത്രമല്ല മറ്റു തൊഴിലാളി സംഘടനകളെയും മുൻനിർത്തി രാജ്യമാകെ സി. ഐ.ടി.യു നടത്തുമെന്ന് തോമസ് ഐസക്ക് പറഞ്ഞു.