കോൺഗ്രസിൽ നിന്നും ശശി തരൂരിനെ അവഗണിക്കാൻ ഉദ്ദേശമില്ലെന്നും എല്ലാം ഊഹാപോഹങ്ങൾ മാത്രമാണെന്നും കെ മുരളീധരൻ. വർക്കിംഗ് കമ്മിറ്റി അംഗവും എംപിയും ആണ് തരൂർ, അദ്ദേഹം ഉന്നയിച്ച കാര്യങ്ങൾ കോൺഗ്രസ് രാഷ്ട്രീയത്തെയോ വിജയസാധ്യതയെയോ ബാധിക്കില്ല. തരൂരിന് നൽകേണ്ട പ്രാധാന്യം പാർട്ടി അഖിലേന്ത്യ തലത്തിലും സംസ്ഥാനതലത്തിലും നൽകും.ഉന്നയിച്ച മറ്റു കാര്യങ്ങൾ പാർട്ടി വേദിയിൽ ചർച്ച ചെയ്യേണ്ടതായിരുന്നുവെന്നും കെ മുരളീധരൻ ട്വന്റിഫോറിനോട് പറഞ്ഞു.മൂന്നാം പിണറായി സർക്കാർ ഒരിക്കലും സംഭവിക്കാത്ത കാര്യമാണ് . ഒരു കാരണവശാലും കേരളത്തിൽ മൂന്നാമത് ഇടത് സർക്കാർ ഉണ്ടാകില്ല.
അതേസമയം, എളമരം കരീം ദേശാഭിമാനി പത്രത്തിലെഴുതിയ ലേഖനത്തിനെതിരെയും കെ മുരളീധരൻ വിമർശനം ഉന്നയിച്ചു. സിഐടിയുക്കാർ പോലും കൈവിട്ട എളമരം കരീമിനെക്കുറിച്ച് ഒന്നും പറയേണ്ടെന്നും നാട്ടുകാർ പോലും വായിക്കാത്ത പത്രത്തിലെ വിവരം നമ്മൾ പറഞ്ഞ് അറിയിക്കണ്ടെന്നും കെ മുരളീധരൻ പരിഹസിച്ചു.
ഏതാനും ആശ വര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന സമരമാണ് സെക്രെട്ടറിയേറ്റിന് മുന്നിൽ വെച്ച് നടക്കുന്നതെന്നായിരുന്നു എളമരം കരീം ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞത്. സംസ്ഥാന സര്‍ക്കാരിനേയും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനേയും സിഐടിയുവിനെയും അധിക്ഷേപിക്കുന്നവരുടെ ലക്ഷ്യം ആശ വര്‍ക്കര്‍മാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കലല്ല. കേരളത്തിലെ മഹാഭൂരിപക്ഷം ആശ വര്‍ക്കര്‍മാരും ഇപ്പോള്‍ നടക്കുന്ന സമരത്തിന്റെ ഭാഗമല്ലെന്നും എളമരം കരീം ലേഖനത്തില്‍ പറയുന്നു.