ആറളത്ത് പ്രതിഷേധവുമായി നാട്ടുകാർ; മൃതദേഹവുമായി എത്തിയ ആംബുലൻസ് തടഞ്ഞു

ആറളത്ത് വൻ ജനകീയ പ്രതിഷേധം. ഇന്നലെ മരിച്ച ദമ്പതികളുടെ മൃതദേഹവുമായി എത്തിയ ആംബുലൻസ് ജനക്കൂട്ടം തടഞ്ഞു. കാട്ടാന വിഷയത്തിൽ ശാശ്വത പരി​ഹാരമില്ലാതെ പിരിഞ്ഞ് പോകില്ലെന്നാണ് ജനക്കൂട്ടം പറയുന്നത്.

കൊല്ലപ്പെട്ടവരുടെ വീട്ടിലെത്തിയ എം വി ജയരാജൻ അടക്കമുള്ള ഇടത് നേതാക്കളെയും നാട്ടുകാർ തടഞ്ഞു. കൊല്ലപ്പെട്ടവരുടെ വീട്ടിലേക്കുള്ള വഴി പൂർണമായും പ്രതിഷേധക്കാർ വലിയ കല്ലുകളും മരക്കമ്പുകളും കൊണ്ട് തടഞ്ഞിരിക്കുകയാണ്. വീട്ടിലേക്ക് ആരെയും കടത്തിവിടില്ലെന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ് നാട്ടുകാർ.

ഇന്നലെയാണ് ആറളത്ത് ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നത്. ആറളം ഫാം ബ്ലോക്ക് 13ലാണ് സംഭവം. വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഇരുവരും കശുവണ്ടി ശേഖരിക്കാൻ പോയപ്പോഴാണ് ഇരുവരെയും കാട്ടാന ചവിട്ടിക്കൊന്നത്. ആർആർടി ഓഫീസിന് തൊട്ടടുത്താണ് 13-ാം ബ്ലോക്ക്. ആർആർടി ഓഫീസിൽ നിന്ന് 600 മീറ്റർ അപ്പുറത്താണ് സംഭവം നടന്നത്. പ്രദേശത്ത് എല്ലാ ദിവസവും ആനയുടെ ആക്രമണമുണ്ടാകാറുണ്ടെന്നാണ് പ്രദേശവാസികളുടെ പരാതി. വെള്ളിയുടേയും ലീലയുടേയും മരണത്തിന് പിന്നാലെ പ്രദേശത്ത് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും