വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

‘റണ്‍ ഫോര്‍ യൂണിറ്റി’കൂട്ടയോട്ടം ശനിയാഴ്ച രാത്രി

സാമൂഹിക ഐക്യം, സ്ത്രീ സുരക്ഷ, ആരോഗ്യമുള്ള സമൂഹം എന്നീ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്ന് കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. മാര്‍ച്ച് ഒന്ന് ശനിയാഴ്ച രാത്രി 11 മണിക്ക് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കണ്ണൂര്‍ കലക്ടറേറ്റില്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. താവക്കര, പുതിയ ബസ് സ്റ്റാന്‍ഡ് റോഡ്, ഫോര്‍ട്ട് റോഡ്, പ്രഭാത് ജംഗ്ഷന്‍, സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ റോഡ്, പയ്യാമ്പലം ഗസ്റ്റ് ഹൗസ് പാത്ത് വേ, ശ്രീനാരായണ പാര്‍ക്ക്, മുനീശ്വരന്‍ കോവില്‍, പഴയ ബസ് സ്റ്റാന്‍ഡ്, ടൗണ്‍ സ്‌ക്വയര്‍, താലൂക്ക് ഓഫീസ് വഴി തിരികെ കലക്ടറേറ്റില്‍ സമാപിക്കുന്ന വിധമാണ് കൂട്ടയോട്ടം ക്രമീകരിച്ചിരിക്കുന്നത്.

നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ ക്യാമ്പയിന്‍ സര്‍വെ തുടങ്ങി

‘നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ’ ക്യാമ്പയിനിന്റെ ഭാഗമായി കാര്‍ബണ്‍ ആകിരണം, കാര്‍ബണ്‍ പുറന്തള്ളല്‍ എന്നിവയുടെ തോത് കണക്കാക്കുന്നതിന് ജില്ലയിലെ രണ്ട് സ്ഥാപനങ്ങളെ മാതൃകാ സ്ഥാപനങ്ങളായി തെരഞ്ഞെടുത്ത് ഹരിത കേരളം മിഷന്‍ സര്‍വെ തുടങ്ങി. പെരളശ്ശേരി ഗ്രാമപഞ്ചായത്ത് കാര്യാലയം, എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ തലശ്ശേരി എഞ്ചിനീയറിങ് കോളേജ് എന്നിവയെയാണ് മാതൃകാ സ്ഥാപനങ്ങളായി തെരഞ്ഞെടുത്തത്. സ്ഥാപനത്തിലെ മാലിന്യ സംസ്‌കരണം, ഊര്‍ജ സംരക്ഷണം, ഗതാഗതം, സസ്യാവരണങ്ങളുടെ അവസ്ഥ തുടങ്ങിയവയാണ് സര്‍വെയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കാര്‍ബണ്‍ ആകിരണവും കാര്‍ബണ്‍ പുറംതള്ളലിന്റെയും തോത് ആദ്യഘട്ട സര്‍വെയില്‍ നിര്‍ണ്ണയിക്കും. ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ സഹായത്തോടെ തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് സര്‍വെ. ജില്ലയില്‍ 23 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് നെറ്റ് സീറൊ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ പദ്ധതി നടപ്പിലാക്കുന്നത്.

ദേവസ്വം പട്ടയക്കേസുകളുടെ വിചാരണ മാറ്റി

ഇരിട്ടി, തലശ്ശേരി ലാന്‍ഡ് ട്രിബ്യൂണലില്‍ മാര്‍ച്ച് ഒന്നിന് നടത്താന്‍ നിശ്ചയിച്ചിരുന്ന ദേവസ്വം പട്ടയക്കേസുകളുടെ വിചാരണ പത്തിലേക്ക് മാറ്റിവെച്ചതായി ലാന്‍ഡ് ട്രിബ്യൂണല്‍ (ദേവസ്വം), ഇരിട്ടി, തലശ്ശേരി അറിയിച്ചു.

പി.എസ്.സി ഡ്രൈവിംഗ് ടെസ്റ്റ് പ്രായോഗിക പരീക്ഷ

പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍/വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 416/2023) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ ജില്ലയിലേക്ക് അലോട്ട് ചെയ്ത് ഉദ്യോഗാര്‍ഥികള്‍ക്കായുള്ള പ്രായോഗിക പരീക്ഷ (ഡ്രൈവിംഗ് ടെസ്റ്റ്) മാര്‍ച്ച് നാല് മുതല്‍ 11 വരെയുള്ള തീയതികളില്‍ (ശനി, ഞായര്‍ ദിനങ്ങള്‍ ഒഴികെ) ആറ് ദിവസങ്ങളിലായി കലക്ട്രേറ്റ് മൈതാനത്ത് രാവിലെ 05.30 മുതല്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതു സംബന്ധിച്ച് പ്രൊഫൈല്‍ മെസ്സേജ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അവരവരുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റിലെ നിര്‍ദ്ദേശ പ്രകാരം പ്രായോഗിക പരീക്ഷയ്ക്ക് (ഡ്രൈവിംഗ് ടെസ്റ്റ്)  യഥാസമയം ഹാജരാകണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

തോട്ടടയിലെ കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റംസ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രിക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനിയറിങ് ഡിഗ്രി/ ഡിപ്ലോമയും ഒന്ന്/രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലെ എന്‍.ടി.സി/ എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ലാറ്റിന്‍ കത്തോലിക/ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തില ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് ആറിന് രാവിലെ 10.30ന് വിദ്യാഭ്യസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പല്‍ മുന്‍പാകെ കുടിക്കാഴ്ചക്ക് ഹാജരാകണം. ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ അടുത്ത സംവരണ വിഭാഗമായ ഒ.ബി.സി വിഭാഗത്തിലെ മുന്‍ഗണന വിഭാഗത്തില്‍പ്പെട്ടവരെ പരിഗണിക്കും. ഫോണ്‍- 04972835183

ഡിസിഎ/ഡാറ്റാ എന്‍ട്രി

താഴെ ചൊവ്വയില്‍ പ്രവര്‍ത്തിക്കുന്ന സിഡിറ്റിന്റെ കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ ഗവ അംഗീകൃത ഡി.സി.എ/ഡാറ്റാ എന്‍ട്രി കോഴ്സുകള്‍ക്ക് എസ്.എസ്.എല്‍.സിയോ അതിന് മുകളിലോ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് എട്ടിനകം കേന്ദ്രത്തില്‍ ലഭിക്കണം. എസ്.സി/എസ്.ടി, ബി.പി.എല്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് ഫീസിളവ് ലഭിക്കും. മറ്റ് കോഴ്സുകളായ അക്കൗണ്ടിങ്, ഡി ടി പി, എം എസ് ഓഫീസ് കോഴ്സുകള്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 9947763222

അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ കോഴ്‌സുകള്‍

അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് പാലയാടിലെ ഐ-ലൈകിന് കീഴിലുള്ള വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ടാലി, ടാലി പ്രൈം, വെബ് ഡിസൈനിങ്, സി ആന്റ് സി പ്ലസ് പ്ലസ് പ്രോഗാമിങ്, ബാങ്കിങ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്റ് ഇന്‍ഷുറന്‍സ്, ജാവ പ്രോഗ്രാമിങ്, പൈത്തണ്‍ പ്രോഗ്രാമിങ്, മൊബൈല്‍ ആപ്പ് ഡെവലപ്‌മെന്റ്, റീടെയില്‍ മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. വെബ്‌സൈറ്റ്- link.asapcsp.in/ilike, ഫോണ്‍- 8075851148

ഭിന്നശേഷി വിഭാഗക്കാര്‍ക്ക് അവസരം

ജ്യോഗ്രഫി, ഗാന്ധിയന്‍ സ്റ്റഡീസ്, ബോട്ടണി, സുവോളജി വിഷയങ്ങളില്‍ ഹയര്‍സെക്കണ്ടറി അധ്യാപക നിയമനത്തിന് യോഗ്യരായ 50 വയസ്സിന് താഴെയുള്ള ഭിന്നശേഷി വിഭാഗങ്ങളില്‍പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ എംപ്ലോയ്‌മെന്റ്‌റ് രജിസ്‌ട്രേഷന്‍ കാര്‍ഡും എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും യുഡിഐഡി കാര്‍ഡും സഹിതം മാര്‍ച്ച് 12 നകം നേരിട്ട് ഹാജരാകണം. കാഴ്ചപരിമിതര്‍, കേള്‍വിപരിമിതര്‍, ലോക്കോമോട്ടോര്‍ സെറിബ്രല്‍ പള്‍സി, മസ്‌കുലര്‍ ഡിസ്‌ട്രോഫി, ലെപ്രസി ക്യൂവേര്‍ഡ്, ആസിഡ് അറ്റാക്ക് വിക്ടിം, ഓട്ടിസം, ഇന്റലക്ഷ്വല്‍ ഡിസബിലിറ്റി, സ്‌പെസഫിക് ലേണിംഗ് ഡിസബിലിറ്റി, മെന്റല്‍ ഇല്‍നസ്സ്, മള്‍ട്ടിപ്പില്‍ ഡിസബിലിറ്റി എന്നീ ഭിന്നശേഷി വിഭാഗക്കാര്‍ക്കാണ് അവസരമെന്ന് എറണാകുളം ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

ടെണ്ടര്‍ ക്ഷണിച്ചു

കണ്ണൂര്‍, സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോമിലെ മാനുഫാക്ടറി യൂണിറ്റിലേക്ക് ആവശ്യമായ വിവിധ മെറ്റീരിയലുകള്‍ വിതരണം ചെയ്യുന്നതിന് സീല്‍ ചെയ്ത ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് മൂന്നിന് വൈകിട്ട് മൂന്ന് വരെ ടെണ്ടറുകള്‍ സ്വീകരിക്കും. ഫോണ്‍-0497 2746141, 2747180

ഇന്റഗ്രേറ്റഡ് മോഡേൺ കോസ്റ്റൽ ഫിഷിംഗ് വില്ലേജ് സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച തലശ്ശേരിയിൽ

കേരളത്തിലെ ഒമ്പത് തീരദേശ  ജില്ലകളിൽ പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനാ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഇന്റഗ്രേറ്റഡ് മോഡേൺ  കോസ്റ്റൽ ഫിഷിംഗ് വില്ലേജ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് ഒന്ന് ശനിയാഴ്ച രാവിലെ പത്തിന് തലശ്ശേരിയിലെ കോടിയേരി സ്മാരക നഗരസഭ ടൗൺ ഹാളിൽ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ നിർവഹിക്കും. ചാലിൽ ഗോപാലപ്പേട്ട ഫിഷ് മാർക്കറ്റ് നിർമ്മാണ ഉദ്ഘാടനവും ഐസ് ബോക്‌സ് വിതരണവും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. എൻ.എഫ്.ഡി.പി. രജിസ്ട്രേഷൻ ക്യാമ്പ് ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്യും. നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ അധ്യക്ഷനാകും. തലശ്ശേരി നഗരസഭാ അധ്യക്ഷ ജമുനാ റാണി ടീച്ചർ, കേന്ദ്ര ഫിഷറീസ് വകുപ്പ് സെക്രട്ടറി ഡോ. അഭിലാഷ് ലിഖി, ജില്ലാ കലക്ടർ അരുൺ കെ വിജയൻ എന്നിവർ വിശിഷ്ടാതിഥികളാകും.
തീരദേശ മത്സ്യ ഗ്രാമങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ സമഗ്ര പുരോഗതിയാണ് പദ്ധതിയുടെ ലക്ഷ്യം. കണ്ണൂർ ജില്ലയിൽ ചാലിൽ ഗോപാലപ്പേട്ട മത്സ്യഗ്രാമം, ആലപ്പുഴ ജില്ലയിൽ ആറാട്ടുപുഴ മത്സ്യഗ്രാമം, എറണാകുളം ജില്ലയിൽ ചെല്ലാനം, നായരമ്പലം മത്സ്യഗ്രാമങ്ങൾ, തൃശ്ശൂർ ജില്ലയിൽ എടക്കഴിയൂർ മത്സ്യഗ്രാമം, മലപ്പുറം ജില്ലയിൽ പൊന്നാനി, താനൂർ മത്സ്യഗ്രാമങ്ങൾ, കോഴിക്കോട് ജില്ലയിൽ ചാലിയം മത്സ്യഗ്രാമം, കാസർകോട് ജില്ലയിൽ ഷിറിയ മത്സ്യ ഗ്രാമം എന്നീ ഒമ്പത് തീരദേശ മത്സ്യഗ്രാമങ്ങളിലാണ് നിലവിൽ പദ്ധതിക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അംഗീകാരം ലഭിച്ചിട്ടുള്ളത്.

തെയ്യം ഗ്യാലറി ഉദ്ഘാടനം ഞായറാഴ്ച

കേരള ഫോക്ലോർ അക്കാദമി ആസ്ഥാനത്ത് പി കെ കാളൻ ആർട്ട് ഗ്യാലറിയിൽ ഒരുക്കിയ തെയ്യം ഗ്യാലറി മാർച്ച് രണ്ടിന് രാവിലെ 11 ന് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. നാലരപ്പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം ചിറക്കൽ കോവിലകത്ത് അരങ്ങേറിയ പെരുങ്കളിയാട്ടത്തിന്റെ ദൃശ്യാനുഭവം പങ്കു വെക്കുന്നതാണ്  തെയ്യം ഗ്യാലറി. കേരള കാർഷിക സർവകലാശാലയുടെ സഹകരണത്തോടെ നൂറ് തെയ്യക്കാവുകളിലേക്ക് സമർപ്പിക്കുന്ന 5000 കമുകിൻ തൈകളുടെ വിതരണ ഉദ്ഘാടനം കെ.വി സുമേഷ് എം.എൽ.എ നിർവഹിക്കും. അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ അധ്യക്ഷനാകും. ഇന്ത്യ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് ഡയറക്ടർ ഡോ. വി വെങ്കിടസുബ്രഹ്മണ്യൻ മുഖ്യാതിഥിയാകും. കേരള കാർഷിക സർവകലാശാല അസോസിയേറ്റ് ഡയറക്ടർ ഡോ. പി.ജയരാജ് കമുക് കൃഷിയുടെ ശാസ്ത്രീയ രീതി എന്ന വിഷയത്തിൽ അവതരണം നടത്തും.

സൈക്ക്യാട്രിക് സോഷ്യൽ വർക്കർ

തൃശ്ശൂർ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ സൈക്യാട്രിക് സോഷ്യൽ വർക്കർ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. മെഡിക്കൽ സൈക്യാട്രിയിൽ എം.ഫിൽ ബിരുദമുള്ള  ഉദ്യോഗാർഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം മാർച്ച് ആറിനകം നേരിട്ട് ഹാജരാകണം. 18-41 ആണ് പ്രായപരിധി. ഇളവുകൾ അനുവദനീയം. ശമ്പളം 32560/രൂപ. ഫോൺ – 0484 2312944

അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് റൂട്രോണിക്സ് സർട്ടിഫിക്കറ്റോടുകൂടി ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, ആറ്റിങ്ങൽ അംഗീകൃത പഠന കേന്ദ്രങ്ങളിലാണ് കോഴ്സുകൾ നടത്തുന്നത്. ഇന്റേൺഷിപ്പോടെ റെഗുലർ/ പാർട്ട് ടൈം ബാച്ചുകളിലേക്ക് എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 7994926081

പ്രവേശന തിയതി നീട്ടി

സ്‌കോൾ-കേരളയുടെ ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആന്റ് പ്രീ സ്‌കൂൾ മാനേജ്‌മെന്റ് കോഴ്‌സിന്റെ ഒന്നാം ബാച്ചിലേക്കുള്ള പ്രവേശന തിയതി നീട്ടി. പിഴയില്ലാതെ മാർച്ച് അഞ്ച് വരെയും നൂറു രൂപ പിഴയോടുകൂടി 13 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ www.scolekerala.org ൽ ലഭ്യമാണ്. ഫോൺ: 0471 2342959, 2342271

ലേലം

കണ്ണൂർ സെൻട്രൽ ജയിൽ ആട് ഫാമിൽ വളർത്തിവരുന്ന എട്ട് മുട്ടനാടുകളെ മാർച്ച് 11 ന് രാവിലെ 11 ന് ജയിൽ പരിസരത്ത് ലേലം ചെയ്ത് വിൽക്കുന്നു. ഫോൺ: 0497 2746141

ലേലം

ബാനിങ് ഓഫ് അൺറെഗുലേറ്റഡ് ഡെപോസിറ്റ് സ്‌കീംസ് (ബഡ്സ്) ആക്ട് പ്രകാരം കണ്ടുകെട്ടിയ കണ്ണൂർ താലൂക്ക് കണ്ണൂർ 1 വില്ലേജ് പരിധിയിലുള്ള വാടക കെട്ടിടത്തിലെ ജംഗമ വസ്തുക്കൾ മാർച്ച് അഞ്ചിന് രാവിലെ 11ന് കണ്ണൂർ അർബൻ നിധി/ എനി ടൈം മണി പ്രവറ്റ് ലിമിറ്റഡ് സ്ഥാപനം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ പരസ്യമായി ലേലം ചെയ്ത് വില്പന നടത്തും. കൂടുതൽ വിവരങ്ങൾ കണ്ണൂർ താലൂക്ക് ഓഫീസിൽ നിന്ന് ലഭിക്കും.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും