താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസിൽ കൂടുതൽ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ്

താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസിൽ കൂടുതൽ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ്. ഇന്ന് കസ്റ്റഡിയിൽ എടുത്ത വിദ്യാർത്ഥിയെ ആക്രമണം നടന്ന സ്ഥലത്ത് എത്തിച്ച് പരിശോധന നടത്തി. ഫോറൻസിക് പരിശോധനാഫലം വന്ന ശേഷം തുടർ ന‍ടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ആക്രമണവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ അയച്ചവരെ കണ്ടെത്താനാണ് പൊലീസിന്റെ അടുത്തനീക്കം. ‘ഗ്രൂപ്പ് 57’ എന്ന പേരിലുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പുമായി ബന്ധപ്പെട്ട് പൊലീസ് വിശദ പരിശോധന നടത്തുന്നുണ്ട്. അതേ സമയം താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രധാന കുറ്റാരോപിതൻ്റെ പിതാവിനെയും പ്രതി ചേർത്തേക്കും. ഷഹബാസിനെ ആക്രമിക്കാനുള്ള നഞ്ചക്ക് നൽകിയത് ഇയാളെന്ന വിലയിരുത്തലിലാണ് ഈ നീക്കം. പ്രതികളിൽ ഒരാളുടെ പിതാവ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറാണ്. മൂന്ന് പ്രധാന കുറ്റോരോപിതരും താമരശ്ശേരി സ്കൂളിൽ നേരത്തെ ഉണ്ടായ സംഘർഷങ്ങളിലെ പ്രധാനികളാണെന്നുള്ള വിവരവും പുറത്തു വന്നിട്ടുണ്ട്.

പൊലീസ് കസ്റ്റഡിയിൽ; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
ഇന്ന് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥിയും ഷഹബാസിനെ കൂട്ടംകൂടി മർദ്ദിച്ചവരിൽ ഉണ്ടെന്ന് പൊലീസ് പറയുന്നു. ഇൻസ്റ്റഗ്രാം ചാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥിയെ ചോ​ദ്യം ചെയ്ത ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. ഇതോടെ ആറ് പേരാണ് ഷഹബാസ് കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലായിരിക്കുന്നത്. അതേ സമയം ഷഹബാസിന്റെ കൊലപാതകത്തിൽ കൂടുതൽ സൈബർ തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഷഹബാസിനെ കൊലപ്പെടുത്തുന്നതിന് മുൻപ് സന്ദേശങ്ങൾ കൈമാറിയ ഇൻസ്റ്റഗ്രാം ഗ്രൂപ്പ് ഉൾപ്പെടെയുള്ള ഓൺലൈൻ ​ചാറ്റുകളെ കുറിച്ചും അഡ്മിൻമാരെ കുറിച്ചും പൊലീസ് വിശദമായ വിവരങ്ങൾ തേടും. ഗൂഢാലോചനയിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിൽ വ്യക്തത വരുത്താനാണ് പൊലീസിന്റെ നീക്കം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ വിദ്യാർത്ഥികൾ സംഘർഷത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ മറ്റ് വിദ്യാർത്ഥികൾക്ക് എതിരെ കേസെടുത്ത് പ്രതി ചേർക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും