വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

*സോളാര്‍ ഹാങ്ങിങ് ഫെന്‍സിംഗ് അറ്റകുറ്റപ്പണിക്ക് പദ്ധതി നടപ്പാക്കാൻ നിർദേശം*
പഞ്ചായത്തുകളില്‍ സോളാര്‍ ഹാങ്ങിങ് ഫെന്‍സിംഗ് അറ്റകുറ്റപ്പണിക്ക് പദ്ധതി നടപ്പാക്കണമെന്ന് വന മേഖലയോട് ചേര്‍ന്ന പഞ്ചായത്ത് ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി കലക്ടറേറ്റില്‍ ചേർന്ന പ്രത്യേക യോഗം നിർദേശം നൽകി. ആന മതില്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. ജില്ലയിലെ ജനവാസ മേഖലകളില്‍ വന്യജീവികള്‍ ഇറങ്ങുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചേർന്ന യോഗത്തിൽ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി സംബന്ധിച്ചു.
വനമേഖലയിലെ ആവാസ വ്യവസ്ഥയില്‍ മാറ്റം സംഭവിക്കുന്നതിനാല്‍ വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്ന സാഹചര്യം കൂടുതലാണെന്ന് യോഗം വിലയിരുത്തി. വന മേഖലയിലൂടെയുള്ള രാത്രി സമയങ്ങളിലെ അനാവശ്യ യാത്രകളും പുഴയോരത്തുള്ള താമസവും ഒഴിവാക്കണം. ഇത് നിരീക്ഷിക്കാന്‍ പോലീസ്, എക്‌സൈസ് വകുപ്പുകളുടെ പെട്രോളിങ് വേണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടു. തോട്ടം വനമേഖലയിലെ അടിക്കാടുകള്‍ നീക്കം ചെയ്യുന്നതിന് അടിയന്തര ഇടപെടല്‍ നടത്തണം. പുറം നാടുകളില്‍ നിന്ന് വന്ന് സ്ഥലം വാങ്ങി പോകുന്നവരുടെ തോട്ടങ്ങളിലെ അടിക്കാടുകള്‍ വെട്ടുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടാകണം. കാടുകള്‍ വെട്ടിതെളിക്കാന്‍ തൊഴിലുറപ്പ് പദ്ധതി ഉപയോഗിക്കാനാകുമോ എന്ന കാര്യം ആലോചിക്കാന്‍ ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ആന, കാട്ടുപന്നി, കുരങ്ങ്, മലണ്ണാന്‍ മുതലായ ജീവികളുടെ കടന്നുവരവ് പ്രതിരോധിക്കാനും കൃഷി സംരക്ഷിക്കാനും നടപടികള്‍ ഉണ്ടാകണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. കാട്ടുപന്നിയെ വെടിവെക്കുന്നതിന് ലൈസന്‍സ് നൽകാൻ കാലതാമസം ഉണ്ടാകുന്നതായി പ്രസിഡന്റുമാര്‍ ശ്രദ്ധയില്‍പ്പെടുത്തി. രേഖകള്‍ സമര്‍പ്പിച്ചാല്‍ എത്രയും വേഗം ഇക്കാര്യം പരിഹരിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. കണിച്ചാര്‍, കൊട്ടിയൂര്‍, കേളകം, അയ്യന്‍കുന്ന്, ആറളം പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, ഡി.എഫ്.ഒ എസ് വൈശാഖ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ.വി ശ്രുതി, ജില്ലാ പ്ലാനിങ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത്, വിവിധ തദ്ദേശസ്വയം ഭരണസ്ഥാനങ്ങളുടെ അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ജില്ലയിലെ മൂന്നു ഡിപ്പോകളിൽനിന്നും ബജറ്റ് ടൂർ പാക്കേജുകൾ

വൈവിധ്യവത്കരണത്തിന്റെ ഭാഗമായി കെഎസ്ആർടിസി ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി കണ്ണൂർ ജില്ലയിലെ മൂന്ന് ഡിപ്പോകളിലും വിജയകരമായി നടന്നുവരുന്നു. രണ്ടു വർഷം മുമ്പ് കണ്ണൂർ യൂനിറ്റിൽനിന്ന് മാത്രമായിരുന്നു ടൂർ പാക്കേജ് നടത്തിയിരുന്നത്. കൂടുതൽ അന്വേഷണങ്ങൾ വന്നത് കൊണ്ടാണ് തലശ്ശേരി, പയ്യന്നുർ യൂണിറ്റികളിലും ബജറ്റ് ടൂറിസം സെല്ലിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്ന് നോർത്ത് സോൺ ചീഫ് ട്രാഫിക് മാനേജർ വി. മനോജ്കുമാർ അറിയിച്ചു.

കണ്ണൂരിൽ നിന്നും മാർച്ച് 15ന് പുറപ്പെടുന്ന രീതിയിൽ കൊച്ചിയിൽ നെഫർറ്റിറ്റി ആഡംബര ക്രൂസിലേക്ക് യാത്ര സംഘടിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ 5.30ന് കണ്ണൂർ ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന യാത്ര ഉച്ചയ്ക്ക് 2.30 നു കൊച്ചിയിൽ എത്തും. അഞ്ച് മണിക്കൂർ ഉല്ലാസ നൗകയിൽ സഞ്ചരിച്ചു രാത്രി ഒമ്പതിന് തിരിക്കുന്നു. ഞായറാഴ്ച രാവിലെ അഞ്ച് മണിക്ക് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്.
കണ്ണൂർ യൂനിറ്റ് കോ ഓർഡിനേറ്റർ രജീഷ്: 9497007857

പയ്യന്നൂരിൽനിന്ന് മാർച്ച് 15ന് സൈലന്റ് വാലി-മഴമ്പുഴ യാത്രയാണ് ആദ്യത്തേത്. മാർച്ച് 14ന് രാത്രി ഒമ്പത് മണിക്ക് പുറപ്പെട്ട് 15ന് രാവിലെ 7.45 ന് പ്രഭാത ഭക്ഷണം. 8.30 ജംഗിൾ സഫാരി. 1.30 മണിയോടെ ഉച്ചഭക്ഷണം. വനശ്രീ ഇക്കോ ഷോപ്പിൽ നിന്നും വന ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനടക്കം മൂന്ന് മണിവരെ സൈലന്റ് വാലിയിൽ ചിലവഴിക്കും. ശേഷം നാല് മണിയോടെ മലമ്പുഴഡാം സന്ദർശനം. 6.30 ന് പുറപ്പെട്ട് 16ന് രാവിലെ തിരിച്ചെത്തുംവിധമാണ് യാത്ര. മാർച്ച് 22, 23 തീയ്യതികളിൽ ഗവിയാത്ര. 22ന് അടവി കുട്ടവഞ്ചി സവാരി, ആങ്ങാമുഴി, ഗവി പരുന്തും പാറ, 23 ന് തേക്കടി, കുമളി, കമ്പം, സ്‌പൈസസ് ഗാർഡൻ, രാമക്കൽ മേട് എന്നിവിടങ്ങളാണ് സന്ദർശിക്കുക. 21ന് വൈകീട്ട് നാല് മണിക്ക് പുറപ്പെട്ട് 24ന് രാവിലെ എത്തിച്ചേരും.
പയ്യന്നൂർ യൂനിറ്റ് കോ ഓർഡിനേറ്റർ: 8075823384.

തലശ്ശേരിയിലനിന്ന് മാർച്ച് 14ന് രാത്രി ഏഴ് മണിക് പുറപ്പെടുന്ന മൂന്നാർ-മറയൂർ-കാന്തല്ലൂർ യാത്ര 17 നു രാവിലെ ആറ് മണിക്ക് തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ് തയ്യാറാക്കിയിട്ടുള്ളത്. 15 ന് മൂന്നാർ ബോട്ടാണിക്കൽ ഗാർഡൻ, മറയൂർ, കാന്തല്ലൂർ യാത്ര, രണ്ടാം ദിവസം ഗ്യാപ്പ് റോഡ് വ്യൂപോയിന്റ്, ഫോട്ടോ ഷൂട്ട് പോയിന്റ്, ആനയറങ്കൽ ഡാം, പൊൻമുടി ഡാം, ചതുരംഗപ്പാറ ട്രക്കിംഗ് എന്നിവയാണ് മുഖ്യ ആകർഷണം. 16ന് വൈകീട്ട് ആറ് മണിക്ക് പുറപ്പെട്ട് 17 ന് രാവിലെ എത്തിച്ചേരും.
തലശ്ശേരി യൂനിറ്റ് കോ ഓർഡിനേറ്റർ ബിജു: 9497879962

എം സി കേസുകൾ തീയതി മാറ്റി

തലശ്ശേരി എസ് ഡി എം കോടതിയിലെ മാർച്ച് 12 ലെ എം സി കേസുകൾ ഏപ്രിൽ രണ്ടിന് രാവിലെ 11 ന് മാറ്റിയതായി സബ് ഡിവിഷൻ മജിസ്ട്രേറ്റ്, തലശ്ശേരി അറിയിച്ചു.

മദ്രസാധ്യാപക ക്ഷേമനിധി: അടവ് തീയതി നീട്ടി

കേരള മദ്രസാദ്ധ്യാപക ക്ഷേമനിധിയിൽ 2024-25 സാമ്പത്തിക വർഷത്തെ ക്ഷേമനിധി വിഹിതം അടവാക്കേണ്ട അവസാന തീയ്യതി മാർച്ച് 10 ൽ നിന്നും മാർച്ച് 31 വരെ നീട്ടിയതായി സിഇഒ അറിയിച്ചു. രണ്ടു വർഷത്തിൽ കൂടുതൽ കുടിശ്ശികയുള്ളവർ അംഗത്വം പുതുക്കുന്നതിന് വെള്ള പേപ്പറിൽ അപേക്ഷയും അംഗത്വ കാർഡിന്റെ കോപ്പിയും അടവ് സംബന്ധിച്ച വിവരവും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള മദ്രസാധ്യാപക ക്ഷേമനിധി ഓഫീസ്, കെ.യു.ആർ.ഡി.എഫ്.സി കെട്ടിടം, രണ്ടാം നില, ചക്കോരത്ത്കുളം, വെസ്റ്റ് ഹിൽ.പി.ഒ, കോഴിക്കോട്-6703005 എന്ന വിലാസത്തിൽ അയക്കണം. ഫോൺ : 0495 2966577

യുവജന കമ്മീഷന്‍ അദാലത്ത് 13ന്
കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം.ഷാജറിന്റെ അധ്യക്ഷതയില്‍ മാര്‍ച്ച് 13 ന് രാവിലെ 11 മുതല്‍ കണ്ണൂര്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ മെഗാ അദാലത്ത് നടത്തുന്നു. 18 നും 40 വയസ്സിനും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് കമ്മീഷന്‍ മുമ്പാകെ പരാതികള്‍ സമര്‍പ്പിക്കാം. ഫോണ്‍- 0471- 2308630

ക്വിസ് മത്സരം 13 ന്

ഉപഭോക്തൃ ബോധവത്കരണ പരിപാടികളുടെ ഭാഗമായി മാര്‍ച്ച് 13 ന് ഉച്ചക്ക് രണ്ടിന് കതിരൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം നടത്തുന്നു. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ സ്‌കൂള്‍ അധികൃതരില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം എത്തണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2700552, 9495650050

തൊഴില്‍ മേള 15 ന്

ഉന്നത വിദ്യാഭ്യാസ വകുപ്പ് ‘വിജ്ഞാന കേരളം’ പദ്ധതിയുടെ ഭാഗമായി അസാപ് കേരള പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മാര്‍ച്ച് 15ന്
തൊഴില്‍ മേള സംഘടിപ്പിക്കുന്നു. മേളയില്‍ പ്രമുഖ കമ്പനികള്‍ പങ്കെടുക്കും. ഉദ്യോഗാര്‍ഥികള്‍ അന്നേദിവസം രാവിലെ 9.30 ന് ബയോഡേറ്റയും  അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തണം. https://forms.gle/i1mcjqEddEsFmS39A മുഖേന രജിസ്‌ട്രേഷന്‍ നടത്താം. ഫോണ്‍-9495999712

ഗതാഗതം നിരോധിച്ചു

ഇരിക്കൂര്‍ ബ്ലോക്ക്, പൊന്നംപറമ്പ ഉപ്പുപടന്ന വാതില്‍മട കുഞ്ഞിപ്പറമ്പ റോഡില്‍ ചെയ്നേജ് 1/781 മുതല്‍ 3/480 കി.മി വരെ ടാറിങ്ങ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 10 മുതല്‍ രണ്ടാഴ്ചത്തേക്ക് ചാച്ചമ്മ ജംഗ്ഷന്‍ മുതല്‍ ഉപ്പുപടന്ന വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി അക്രഡിറ്റ് എഞ്ചിനീയര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

കേരള നദീതീര സംരക്ഷണവും മണല്‍ വാരല്‍ നിയന്ത്രണവും നിയമം-2001, ചട്ടങ്ങള്‍-2002, ഭേദഗതി നിയമം-2013 എന്നിവ പ്രകാരമുള്ള കണ്ണൂര്‍ ജില്ലയിലെ റിവര്‍ മാനേജ്മെന്റ് ഫണ്ട് അക്കൗണ്ടിന്റെ (സ്പെഷ്യല്‍ ടിഎസ്ബി-4) 2022 ഏപ്രില്‍ ഒന്നു മുതല്‍ 2024 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ ഇടപാടുകള്‍ ഓഡിറ്റ് ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് അംഗീകൃത ചാര്‍ട്ടേര്‍ഡ് അക്കൗണ്ടുമാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 15 ന് വൈകുന്നേരം മൂന്ന് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ക്വട്ടേഷനുകള്‍ ഡെപ്യൂട്ടി കലക്ടര്‍ (ഡി.എം), കലക്ടറേറ്റ്, കണ്ണൂര്‍ ഓഫീസില്‍ നേരിട്ടോ തപാലിലോ സമര്‍പ്പിക്കാം.

ടെണ്ടര്‍ ക്ഷണിച്ചു

ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ണൂര്‍ ജില്ലാ അസിസ്റ്റന്റ് കമ്മിഷണറുടെ കാര്യാലയത്തിന്റെ അധീനതയില്‍ വരുന്ന പ്രദേശങ്ങളില്‍ ക്യുക്ക് റസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കോ/ അനെര്‍ട്ട് മുഖേന വൈദ്യുതി വാഹനങ്ങള്‍ വരുന്നത് വരെയോ വാഹനം അഞ്ച് എണ്ണം ക്ഷണിക്കുന്നു. മാര്‍ച്ച് 25 ന് വൈകിട്ട് മൂന്നു വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍- 0497 2760930

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും