കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ചികിൽസാപ്പിഴവെന്ന് ആരോപണം. ഗർഭപാത്രം നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായ പേരാമ്പ്ര സ്വദേശി വിലാസിനി(57) ആണ് മരിച്ചത്. ഗർഭപാത്രം നീക്കുന്നതിനിടെ കുടൽ മുറിഞ്ഞുപോയി. വീണ്ടും ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുടുംബത്തിന്റെ പരാതിയിൽ ഗൈനക്കോളജി വിഭാഗം മേധാവിയോട് ആശുപത്രി അധികൃതർ റിപ്പോർട്ട് തേടി.
2017 നവംബർ 30ന് മെഡിക്കൽ കോളജിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം മറന്നുവച്ച സംഭവത്തിൽ ഹർഷിനയെന്ന യുവതി നേരത്തെ പരാതിപ്പെട്ടിരുന്നു. വയറ്റിൽ ശസ്ത്രക്രിയ ഉപകരണം വച്ചതിനെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകളെ തുടർന്ന് അഞ്ച് വർഷത്തിനിടെ ഒൻപത് ശസ്ത്രക്രിയകൾക്ക് താൻ വിധേയയാകേണ്ടി വന്നുവെന്ന് കാണിച്ച് ഹർഷിന കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്കടക്കം പരാതി നൽകി.