മകളുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 2.5 ലക്ഷം രൂപ പിഴയും

കുടുംബവഴക്കിനെ തുടർന്ന് മകളുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 2.5 ലക്ഷം രൂപ പിഴയും. കോഴിക്കോട് പന്തീരങ്കാവിലെ തിരുമംഗലത്ത് വീട്ടിൽ കെ. പ്രേമരാജനെ (64) യാണ് തലശ്ശേരി അഡീഷനൽ ജില്ല കോടതി (നാല്) ജഡ്ജി ജെ. വിമൽ ശിക്ഷിച്ചത്. മകളുടെ ഭർത്താവ് തലശ്ശേരി ചിറക്കര പഴയ പെട്രോൾ പമ്പിന് സമീപം ചന്ദ്രി വില്ലയിൽ കെ.കെ. സന്ദീപിനെ(27)യാണ് പ്രേമരാജൻ കുത്തിക്കൊലപ്പെടുത്തിയത്.കൊലക്കുറ്റത്തിന് ജീവപര്യന്തം തടവിനും രണ്ടുലക്ഷം രൂപ പിഴയടക്കാനും വധശ്രമത്തിന് 10 വർഷം തടവിനും 50,000 രൂപ പിഴയടക്കാനുമാണ് ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴയടച്ചില്ലെങ്കിൽ ഒന്നര വർഷം തടവ് അനുഭവിക്കണം. പിഴയടച്ചാൽ തുക കൊല്ലപ്പെട്ട സന്ദീപിന്റെ ഭാര്യയും പ്രതിയുടെ മകളുമായ നിനിഷക്ക് നൽകണം. 2017 മെയ് 14 നാണ് കണ്ണൂർ തലശ്ശേരി ചിറക്കരയിലെ വീടിന് മുന്നിൽ വെച്ച് സന്ദീപിനെ കുത്തിക്കൊല്ലുന്നത്. കൊലപ്പെടുത്തിയത് ഭാര്യയുടെ പിതാവ് പ്രേമരാജൻ. കോഴിക്കോട് പന്തീരങ്കാവിലെ വീട്ടിൽ നിന്നും ബൈക്കിൽ ചിറക്കരയിൽ എത്തിയായിരുന്നു കൊലപാതകം. കൊലപാതകത്തിലേക്ക് നയിച്ച കാരണം വിചിത്രമായിരുന്നു. സന്ദീപിന്റെയും ഭാര്യ നിനിഷയുടെയും മകൾക്ക് സെറിബ്രൽ പാഴ്സി രോഗമുണ്ടായിരുന്നു. തങ്ങളുടെ കുടുംബത്തിൽ ആർക്കും ഇത്തരം രോഗമില്ലെന്നും സന്ദീപിന്റെ കുഴപ്പമാണ് കുട്ടിയുടെ വൈകല്യത്തിന് കാരണമെന്നും നിനിഷയുടെ മാതാപിതാക്കൾ വിശ്വസിച്ചു. ഇതിന്റെ പേരിൽ നിരന്തരം പ്രശ്നങ്ങളുണ്ടായി. ഇതിന്റെ തുടർച്ചയായിരുന്നു കൊലപാതകം.പ്രേമരാജൻ സഞ്ചരിക്കാനുപയോഗിച്ച ഇരുചക്ര വാഹനം സംഭവസ്ഥലത്ത് നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ചിറക്കര ഗണേഷ് എൻജിനീയറിങ്ങിലെ മുൻ ജീവനക്കാരൻ രാജേന്ദ്രന്റെയും രഞ്ജിനിയുടെയും മകനാണ് മരിച്ച സന്ദീപ്. സംഭവം നടക്കുമ്പോൾ മകൾ വൈഗക്ക് മൂന്ന് വയസ്സായിരുന്നു. കേസിൽ 21 സാക്ഷികളെ വിസ്തരിച്ചു. തലശ്ശേരി സി.ഐമാരായിരുന്ന പ്രദീപൻ കണ്ണിപ്പായിൽ, കെ.ഇ. പ്രേമചന്ദ്രൻ എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എ. രേഷ്മ ഹാജരായി.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും